ലൈഫ് ഇൻഷുറൻസ്: ഐഡിബിഐ ബാങ്കും എൽ ഐ സിയും ധാരണ

Posted on: April 17, 2015

IDBI-Bank-branch-big

കൊച്ചി : സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ചുരുങ്ങിയ പ്രീമിയം നിരക്കിൽ ലൈഫ് ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള ധാരണാ പത്രത്തിൽ ഐഡിബിഐ ബാങ്കും എൽ ഐ സിയും ഒപ്പുവച്ചു.

ഇതനുസരിച്ച് പ്രതിവർഷം 330 രൂപയും സേവനനികുതിയും ഉൾപ്പെടുന്ന തുക പ്രീമിയം ആയി അടയ്ക്കുന്ന 18-50 പ്രായപരിധിയിലുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭിക്കും. 55 വയസ് വരെ ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടാകും. പ്രധാനമന്ത്രിയുടെ ജീവൻ ജ്യോതി ഭീമ യോജനയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്.

ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ.വി ശ്രീനിവാസനും എൽ ഐ സി റീജിയണൽ മാനേജർ (പെൻഷൻ, ഗ്രൂപ്പ് സ്‌കീം) കെ.സുധാകർ റെഡ്ഡിയുമാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്. ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എം.ഒ. റെഗോയും എൽ ഐ സി എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.വികാസ് റാവുവും സന്നിഹിതരായിരുന്നു.

രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക പുരോഗതിക്കു വഴിതെളിക്കുന്ന പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന വിജയകരമാക്കാൻ സഹകരിക്കുന്നതിൽ ബാങ്കിനു ചാരിതാർത്ഥ്യവും അഭിമാനവുമുണ്ടെന്ന് എം.ഒ.റെഗോ പറഞ്ഞു.