ഓഹരി ഈടിന്മേല്‍ വായ്പയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

Posted on: October 7, 2023

കൊച്ചി : ഡിമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേല്‍ വായ്പ നല്‍കുന്ന പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തില്‍ തന്നെ എസ് ഐ ബി ഉപഭേക്താക്കള്‍ക്ക് തങ്ങളുടെ നിഫ്റ്റി 100 ഓഹരികള്‍ ഉപയോഗപ്പെടുത്താന്‍ മികച്ച അവസരമാണ് ഈ വായ്പ.

‘ഉപഭോക്താക്കള്‍ക്കായി നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഓഹരി ഈടിന്മേലുള്ള പുതിയ വായ്പാ പദ്ധതി ഇത്തരത്തില്‍ മികച്ചൊരു സേവനമാണ്. ഞങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുക വഴി അവരുടെ ആസ്തികളുടെ മൂല്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ഇതു സഹായിക്കും,’ സൗത്ത് ഇന്ത്യന്‍ ബാങ്ക് സിജിഎമ്മും റീട്ടെയ്ല്‍ ബാങ്കിങ് വിഭാഗം കണ്‍ട്രി ഹെഡുമായ സഞ്ജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.

വിവിധ ആനുകൂല്യങ്ങളും ഈ വായ്പയ്‌ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഓവര്‍ ഡ്രാഫ്റ്റായി പ്രോസസ് ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്തുന്ന തുകയ്ക്കു മാത്രം പലിശ അടച്ചാല്‍ മതിയാകും. ഉപഭോക്താക്കള്‍ക്ക് ഒ.ഡി അക്കൗണ്ടില്‍ നിന്ന് ആവശ്യാനുസരണം പണം പിന്‍വലിക്കാം. കുറഞ്ഞ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്കും ഈ വായ്പ ലഭിക്കും. ഒറ്റ ദിവസം കൊണ്ടു തന്നെ വായ്പാ തുക കൈപ്പറ്റാം. കുറഞ്ഞ ഡോക്യൂമെന്റേഷന്‍ മാത്രമുള്ള ഈ വായ്പ മുന്‍കൂര്‍ ക്ലോസ് ചെയ്യുന്നതിന് ചാര്‍ജുകള്‍ ഈടാക്കുന്നില്ല.