മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് പ്രതീക്ഷയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര

Posted on: September 8, 2021

കൊച്ചി : രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഉണര്‍വ് പ്രകടമായതോടെ 3 ലക്ഷം കോടി രൂപയുടെ മൊത്തം ബിസിനസ് പ്രതീക്ഷിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബി.ഒ.എം). നിക്ഷേപ സമാഹരണം, ക്രെഡിറ്റ് വളര്‍ച്ച, റിക്കവറി, റിസ്‌ക് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ മികച്ച പ്രകടനമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര കാഴ്ച വച്ചതെന്ന് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ എ. എസ് രാജീവ് പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ സമയങ്ങള്‍ക്കിടയിലും ബാങ്ക് തുടര്‍ച്ചയായി ബാലന്‍സ് ഷീറ്റ് വിപുലീകരിക്കുകയും നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ സാമ്പത്തിക ഇടപാടുകള്‍ വീണ്ടും സജീവമായെന്നും സമീപഭാവിയില്‍ തന്നെ മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും എ.എസ് . രാജീവ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ബാങ്കിന്റെ മൊത്തം ബിസിനസ്സ് (നിക്ഷേപങ്ങളും അഡ്വാന്‍സുകളും ) 2021 ജൂണ്‍ അവസാനം 14.17 ശതമാനം വര്‍ദ്ധിച്ച് 2.85 ലക്ഷം കോടി രൂപയായി. കുറഞ്ഞ നിരക്കിലുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ സമാഹരിക്കുന്നതിനായി സര്‍ക്കാര്‍ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതിനായി മാത്രം ബാങ്ക് ഒരു സമര്‍പ്പിത ശാഖ ആരംഭിച്ചതായി രാജീവ് പറഞ്ഞു.

ധനകാര്യ സഹമന്ത്രി ഭഗവത് കെ കാരാദ് ഉദ്ഘാടനം ചെയ്ത ഈ പ്രത്യേക ശാഖ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മികച്ച സേവനം നല്‍കും. ബാങ്ക് ജനറല്‍ മാനേജര്‍ ചിത്ര ദത്താര്‍, ഡെപ്യുട്ടി ജനറല്‍ മാനേജര്‍ നയന സഹസ്രബുദ്ധെ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ബിസിനസ്സിലെ വിപുലീകരണം കുറഞ്ഞ ചെലവില്‍ നിക്ഷേപങ്ങള്‍ ലഭ്യമാക്കുന്നതിനും ഫണ്ടുകളുടെ ചെലവ് കുറയ്ക്കുന്നതിനും കാരണമാകുമെന്നും ഇത് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാന്‍ സഹായകരമാകുമെന്നും രാജീവ് പറഞ്ഞു. റീട്ടെയില്‍ വിഭാഗത്തില്‍ ഭവന, ഓട്ടോ വായ്പ ഉള്‍പ്പെടെ ബാങ്ക് പ്രത്യേക ഓഫറുകള്‍ ആരംഭിച്ചതായും രാജീവ് പറഞ്ഞു.

ബാങ്ക് ഇതിനകം ഒരു വായ്പാ പദ്ധതി ആരംഭിച്ചു, എല്ലാ ഫീല്‍ഡ് പ്രവര്‍ത്തകര്‍ക്കും ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ട്, ഇത് മികച്ച ലാഭവിഹിതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.