മൈക്രോ എടിഎം : ഐഡിഎഫ്‌സി ബാങ്ക് ആന്ധ്ര സർക്കാരുമായി ധാരണയിൽ

Posted on: May 7, 2016

IDFC-Bank-branch-Big

കൊച്ചി : ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള പദ്ധതിയിൽ ഐഡിഎഫ്‌സി ബാങ്ക് ആന്ധ്രാപ്രദേശ് ഗവൺമെന്റുമായി സഹകരിക്കും. ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം മൈക്രോ എടിഎം വഴിയാണ് ആനുകൂല്യങ്ങൾ കൈമാറ്റം ചെയ്യുന്നത്.

ഐഡിഎഫ്‌സി ബാങ്ക് എഇപിഎസ് മൈക്രോ എടിഎം വഴിയുള്ള ആദ്യത്തെ ഇടപാട് കൃഷ്ണ ജില്ലയിലെ മൈലാവാരം മണ്ഡലിലെ ഗാനാപവാരത്ത് നടന്നു. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ ഈ മേഖലയിലെ 32,000 പെൻഷൻകാരെ ഐഡിഎഫ്‌സി ബാങ്ക് മൈക്രോ എടിഎം ഇൻഫ്രാസ്ട്രക്ചറിൽ ബന്ധിപ്പിക്കുമെന്ന് ബാങ്ക് അറിയിച്ചു. തുടർന്ന് ഗ്രാമതലത്തിലേക്കു ബാങ്ക് സേവനങ്ങൾ ലഭ്യമാക്കുവാനും ബാങ്ക് ലക്ഷ്യമിടുന്നു.

സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളാണ് ബാങ്കിന്റെ മൈക്രോ എടിഎം പ്രവർത്തിപ്പിക്കുന്നത്. കൃഷ്ണാ ജില്ലാ ഭരണകൂടവും ഐഡിഎഫ്‌സി ബാങ്കും സംയുക്തമായി ഇവർക്കു പരിശീലനം നൽകും. ഈ മൈക്രോ എടിഎം വഴി ഡിപ്പോസിറ്റ്, ട്രാൻസ്ഫർ, പണം പിൻവലിക്കൽ തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് സേവനങ്ങൾ എല്ലാം ഇടപാടുകാർക്കും ലഭിക്കും.