തായ് വാനിലെ സ്റ്റാർലക്‌സ് എയർലൈൻസിന് ഐബിഎസ് ഐകാർഗോ സോഫ്റ്റ്‌വേർ

Posted on: September 16, 2020


തിരുവനന്തപുരം: തായ് വാന്റെ പുതിയ ആഡംബര വിമാനക്കമ്പനി സ്റ്റാര്‍ലക്‌സ് കാര്‍ഗോ വിഭാഗത്തിന്റെ സമസ്ത മേഖലകളിലും ഐ ബി എസ് സോഫ്റ്റ് വെയറിന്റെ ഐ കാര്‍ഗോ സംവിധാനം നടപ്പാക്കി.

മൂന്ന് എയർബസ് എ-321 വിമാനങ്ങളുമായി മക്കാവു, പെനാംഗ്, ഡനാംഗ് എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് ആരംഭിച്ച സ്റ്റാര്‍ലക്‌സ് കൊവിഡ് സമയമായിരുന്നിട്ടുകൂടി ചരക്കുനീക്കം സുഗമമായി നടത്തുന്നുണ്ട്. അതിസൂക്ഷ്മമായ വിലയിരുത്തലിനുശേഷമാണ് സ്റ്റാര്‍ലക്‌സ് തുടക്കം മുതല്‍ തന്നെ ഐകാര്‍ഗോ പ്ലാറ്റ്‌ഫോം ചരക്കുനീക്കത്തിനായി ഉപയോഗിക്കാന്‍ തുടങ്ങിയത്. എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ നിര്‍വഹിക്കാന്‍ കഴിയുമെന്നതാണ് ഐകാര്‍ഗോ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായത്.

സെയില്‍സ്, എയര്‍ലൈന്‍ ഓപ്പറേഷന്‍സ്, മെയില്‍, റവന്യു അക്കൗണ്ടിംഗ്, ഡേറ്റ ശേഖരണം, പോര്‍ട്ടല്‍ സര്‍വീസ് തുടങ്ങി ചരക്കു നീക്കത്തിന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിര്‍വ്വഹിക്കുവാന്‍ ഐകാര്‍ഗോ സുസജ്ജമാണ്.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും തടസരഹിതവുമായ സേവനം ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് ഐകാര്‍ഗോയിലൂടെ കഴിയുന്നുണ്ടെന്ന് സ്റ്റാര്‍ലക്‌സ് സിഇഒ ഗ്ലെന്‍ ചായ് പറഞ്ഞു. നൂതനമായ ഈ ഡിജിറ്റല്‍ സൊല്യൂഷന്‍ മികച്ച ഉപഭോക്തൃ സൗഹൃദസേവനമാണ് പ്രദാനം ചെയ്യുന്നത്. ഐകാര്‍ഗോയുടെ കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റാര്‍ലക്‌സിന്റെ തുടക്കം മുതല്‍ തന്നെ അതിന്റെ പ്രവര്‍ത്തന പങ്കാളിയാകാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ അശോക് രാജന്‍ പറഞ്ഞു. പുതിയ സ്ഥാപനമെന്ന നിലയില്‍ കര്‍ശനമായ സമയക്രമങ്ങളും നിയന്ത്രണങ്ങളും മാത്രമല്ല മികച്ച പ്രതീക്ഷകളും നിലനിര്‍ത്തുന്ന സ്ഥാപനമാണ് സ്റ്റാര്‍ലക്‌സ്. മികച്ച ബിസിനസ് മൂല്യങ്ങളോടെയും ഉപഭോക്തൃസേവനങ്ങളോടെയും മുന്നോട്ടുപോകാന്‍ വൈദഗ്ധ്യവും പ്രതിബദ്ധതയുമുള്ള സ്ഥാപനമായി അവര്‍ ഐബിഎസ്-നെ കാണുന്നുണ്ടെന്നത് ആവേശം ജനിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 18 എയര്‍ലൈനുകളില്‍ ഐകാര്‍ഗോയുടെ വ്യത്യസ്ത മൊഡ്യൂളുകള്‍ പ്രവര്‍ത്തനസജ്ജമായി. ഇവയില്‍ എട്ടെണ്ണം പുതിയ ഉപഭോക്താക്കളാണ്.