ജെറ്റ് എയര്‍വേസിനായി വീണ്ടും താത്പര്യപത്രം ക്ഷണിച്ചു

Posted on: May 14, 2020


മുംബൈ : പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്റെ ഉടമസ്ഥത സ്വന്തമാക്കുന്നതിന് പുതിയ താത്പര്യപത്രം ക്ഷണിച്ചു. ഇത് നാലാം തവണയാണ് കമ്പനിക്കായി താത്പര്യപത്രം ക്ഷണിക്കുന്നത്. മേയ് 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ചേര്‍ന്ന വായ്പാ സ്ഥാപനങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ജെറ്റ് എയര്‍വേസിന്റെ ഭാവികാര്യങ്ങള്‍ തീരുമാനിക്കാനായിരുന്നു യോഗം.

കമ്പനിയുടെ പാപ്പരത്തനടപടികള്‍ക്ക് മാര്‍ച്ചില്‍ 90 ദിവസത്തെ അധിക സമയം ദേശീയ കമ്പനിനിയമ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.ടി) അനുവദിച്ചിരുന്നു. പലവട്ടം താത്പര്യപത്രം ക്ഷണിച്ചെങ്കിലും ഇതുവരെ സ്വീകാര്യമായ ഒന്നും ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.

തെക്കേ അമേരിക്കന്‍ കമ്പനിയായ സിനര്‍ജി ഗ്രൂപ്പ്, ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൂഡന്റ് എ. ആര്‍.സി. എന്നിവര്‍ രംഗത്തെത്തിയെങ്കിലും വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാതെ പിന്‍വലിഞ്ഞു. റഷ്യയില്‍ നിന്നുള്ള ഫാര്‍ ഈസ്റ്റ്, ഏഷ്യ ഡെവലപ്‌മെന്റ് ഫണ്ട് താത്പര്യമറിയിച്ചെങ്കിലും പദ്ധതി സമര്‍പ്പിക്കാതെ പിന്മാറി.

TAGS: Jet Airways |