യു കെ യില്‍ റോയല്‍ എന്‍ഫീല്‍ഡിന് മുന്നേറ്റം

Posted on: August 2, 2020

ചെന്നൈ: യു കെ യില്‍ വിനോദ യാത്രകള്‍ക്കും സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മോട്ടോര്‍ സൈക്കിളുകളുടെ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒന്നാം സ്ഥാനത്തെത്തി. 125 സിസിക്ക് മുകളിലുള്ള വിഭാഗത്തില്‍ കഴിഞ്ഞ ജൂണ്‍ മാസം യു കെ യില്‍ എറ്റവും കൂടുതല്‍ വിറ്റത് റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650 ആണ്. മാത്രമല്ല, 250 സിസിക്കും 750 സിസിക്കും ഇടയിലുള്ള വിഭാഗത്തില്‍ 2019 ജൂണ്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലം ഇന്റര്‍സെപ്റ്റര്‍ 650 വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഇതേ കാലയളവില്‍ 250 സിസിക്കും 750 സിസിക്കും ഇടയിലുള്ള വിഭാഗത്തില്‍ സാഹസിക ബൈക്കായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 5 മോഡലുകളിലൊന്നുമായി.

ഒരിന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡ് യു കെയില്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കെ.ദാസരി പറഞ്ഞു.

2018 സെപ്റ്റംബറില്‍ വിപണിയിലെത്തിയ ഇന്റര്‍സെപ്റ്റര്‍ 650, മിഡില്‍ വെയിറ്റ് വിഭാഗത്തില്‍ ആഗോളതലത്തില്‍ മുന്നേറുന്നതിനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ കുന്തമുനയാണ്. ഇന്ത്യയില്‍ 500 സിസിക്ക് മേലെയുള്ള വിഭാഗത്തില്‍ വില്‍പന നാലിരട്ടിയായി വര്‍ധിപ്പിക്കാന്‍ സഹായിച്ച ഈ ഉത്പ്പന്നം റോയല്‍ എന്‍ഫീല്‍ഡിന്റെ നൂറ് ശതമാനം ആഗോള നിലവാരമുള്ള പ്രഥമ മോട്ടോര്‍ സൈക്കിളാണ്. ഇന്റര്‍സെപ്റ്റര്‍ 650-ന്റെയും ഹിമാലയന്റെയും സഹായത്തോടെ ആഗോളതലത്തില്‍ 96 ശതമാനം വളര്‍ച്ചയാണ് കമ്പനി കഴിഞ്ഞ വര്‍ഷം നേടിയത്.യൂറോപ്പിലെ വളര്‍ച്ച 100 ശതമാനമാണ്.

TAGS: Royal Enfield |