മെഴ്സിഡീസ്-ബെൻസ് ഓട്ടോ എക്സ്പോയിൽ പുതിയ എഎംജി ജിടി 63എസ് 4 ഡോർ കൂപ്പെ അവതരിപ്പിച്ചു

Posted on: February 5, 2020

ന്യൂഡൽഹി : മെഴ്സിഡീസ്-ബെൻസ് ഏറ്റവും വേഗമേറിയ എഎംജി ജിടി 63എസ് 4 ഡോർ കൂപ്പെ ഓട്ടോ എക്സ്പോ 2020 ൽ അവതരിപ്പിച്ചു. നാലു ഡോർ, നാല് സീറ്റ് കൂപ്പെ ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. വില 2.42 കോടി രൂപയാണ്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി എഎംജി എ35 4എം ലിമൊസിനും പുതിയ ജിഎൽഎ എസ്യുവിയും എക്സ്പോയിൽ അവതരിപ്പിച്ചു. ലിമോസിൻ ജൂണിലും പുതിയ ജിഎൽഎ ഒക്ടോബറിലും ഇന്ത്യൻ നിരത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇവയുടേയും ബുക്കിംഗ് തുടങ്ങി.

സെഡാൻ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ എ-ക്ലാസ് എഎംജി എ 35 4എം ലിമോസിൻ യുവാക്കളേയും പുതുതലമുറയേയും ആകർഷിക്കുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു.

ആഢംബര എസ് യു വി ജിഎൽഎ ആണ് ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച മറ്റൊരു വാഹനം. പുനർ നവീകരിച്ച രൂപകൽപ്പനയാണ് ഇതിന്റെ സവിശേഷതയും ആകർഷണീയതയും.

പുതിയ തലമുറ ജിഎൽഇ ഹിപ്- ഹോപ് ആണ് എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ അവതരിപ്പിച്ച മറ്റൊരു മുഖ്യ വാഹനം. എഐ അടിസ്ഥാനമാക്കിയുള്ള ശബ്ദംകൊണ്ടുള്ള നിയന്ത്രണം ഇതിനുണ്ട്. നഗരങ്ങളിലും ഓഫ്റോഡുകളിലും എസ് യു വി അനുഭവം പ്രദാനം ചെയ്യുമെന്ന് മെഴ്സിഡീസ്-ബെൻസ് റീജൺ ഓവർസീസ് ഹെഡ് മത്തിയാസ് ല്യുഹറും മെഴ്സിഡീസ്-ബെൻസ്് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷെവെകും പറഞ്ഞു.