പോപ്പുലർ റാലി മെയ് 13 ന് കൊച്ചിയിൽ ഫ്‌ളാഗ് ഓഫ് ചെയ്യും

Posted on: May 4, 2017

കൊച്ചി : പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ടൈറ്റിൽ സ്‌പോൺസറായി സതേൺ അഡ്വഞ്ചേഴ്‌സ് ആന്റ് മോട്ടോർ സ്‌പോർട്ട്‌സിന്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന പോപ്പുലർ റാലി 2017 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ചാമ്പ്യൻ ഡ്രൈവർ ട്രോഫിയും, ചാമ്പ്യൻ കോ-ഡ്രൈവർ ട്രോഫിയും ഡോ.ബിക്കു ബാബു, മേഘ എബ്രഹാം എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു. റാലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ ബ്രസ ഉടമകൾക്കായി ട്രഷർ ഹണ്ടും നടത്തും. മെയ് 13 ന് വൈകുന്നേരം 5 ന് എറണാകുളം മറൈൻ ഡ്രൈവ് മൈതാനിയിൽ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. 300 കിലോമീറ്റർ ദൈർഘ്യമുള്ള റാലി മെയ് 14 ന് വൈകുന്നേരം 5നും 6.30 നും ഇടയിൽ മറൈൻ ഡ്രൈവിൽ സമാപിക്കും.

റാലിയിൽ 200-ൽ പരം കിലോമീറ്റർ ട്രാൻസ്‌പോർട്ട് സെക്ഷനായും (പബ്ലിക് റോഡിലൂടെയും) ബാക്കി 80 കിലോമീറ്റർ സ്‌പെഷ്യൽ സ്റ്റേജായുമാണ് (വാഹന സഞ്ചാരത്തിന് നിയന്ത്രണമുള്ള റോഡിലൂടെ) ക്രമീകരിച്ചിരിക്കുന്നത്. റാലിയുടെ സാഹസിക പ്രയാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് കാലടി-മലയാറ്റൂർ പ്ലാന്റേഷൻ മേഖലയിലുള്ള 100 ശതമാനം ടർമാക് പ്രതലമുള്ള റോഡുകളാണ്.

പോപ്പുലർ റാലി ഈ വർഷം ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലെങ്കിൽ പോലും മത്സരാർത്ഥികളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവിലെ ഇന്ത്യൻ നാഷണൽ കാർ റാലി ചാമ്പ്യന്മാരായ യോകോഹാമ ടീമിലെ കർണ്ണാ കടൂർ, നിഖിൽ പൈ എന്നിവരിൽ നിന്നാണ് പ്രഥമ എൻട്രി ലഭിച്ചത്. ന്യൂഡൽഹി, പൂനെ, മുംബൈ, ബംഗലുരു, കോയമ്പത്തൂർ, മംഗലുരു എന്നിവിടങ്ങളിൽ നിന്നെല്ലാം ഇത്തവണ മത്സരാർത്ഥികളുണ്ട്. രാജ്യാന്തര എൻട്രി എന്ന നിലയിൽ യുഎഇ റാലി ചാമ്പ്യൻഷിപ്പിൽ ഫ്രണ്ട് വീൽ ഡ്രൈവ് വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻഷിപ്പ് ലീഡറായ ഗുരുവായൂർ സ്വദേശി സനീം സാനിയും റാലിയിൽ പങ്കെടുക്കും.

കേരളത്തിൽ നിന്ന് റാലിയിൽ പങ്കെടുക്കുന്നത് പാലക്കാട് നിന്നുള്ള ആദിത് കെ.സി. (2014 എഫ്എംഎസ്‌സിഐ കപ്പ് ചാമ്പ്യൻ), കൊല്ലത്ത് നിന്നുള്ള യൂനസ് ഇല്യാസ് (ടീം ആസ്റ്റർ റിയൽറ്റേഴ്‌സ്), തൃശൂരിൽ നിന്നുള്ള നിലവിലെ എഫ്എംഎസ്‌സിഐ കപ്പ് ചാമ്പ്യൻസ് ജേക്കബ് കെ.ജെ, മനോജ് മോഹനൻ ടീം, പാലക്കാട് നിന്ന് തന്നെയുള്ള സ്‌നാപ് റേസിങ്ങിലെ ഡ്രൈവർമാരായ കാസ്സിം (ഇന്ത്യൻ റാലി ചാമ്പ്യൻ റണ്ണറപ്പ് 2016), ഫബിദ് ടീം എന്നിവരും ഉൾപ്പെടുന്നു. ഐഎൻആർസി യിൽ സ്ഥിരമായി പങ്കെടുക്കുന്ന മറ്റ് ചാമ്പ്യൻ ഡ്രൈവർമാരായ മംഗലാപുരത്ത് നിന്നുള്ള അർജുൻ റാവു, ഡീൻ മസ്‌കരേനസ്, ന്യൂഡൽഹിയിൽ നിന്നുള്ള ഫിലിപ്പോസ് മത്തായി, മുംബൈയിൽ നിന്നുള്ള ഋഷികേശ് താകർസേ, ഡറേയ്‌സ് ഷ്രോഫ്, ബംഗലുരുവിൽ നിന്നുള്ള ചേതൻ ശിവറാം, സഞ്ചയ് അഗർവാൾ, ദ്രുവ ചന്ദ്രശേഖർ, കോട്ടയത്ത് നിന്നുള്ള പ്രേം കുമാർ (റെയ്ഡ് ദി ഹിമാലയ റാലി 2016 – ടി2 (ഠ2) വിഭാഗം നിലവിലെ ചാമ്പ്യൻ), നിബു സയിദ് തുടങ്ങിയവരും പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആറു ലക്ഷം രൂപയാണ് റാലിയുടെ ആകെ സമ്മാനതുക. എഫ്എംഎസ്‌സിഐ. കപ്പ് കൂടാതെ റാലിയിൽ വരുന്ന മറ്റ് മത്സരവിഭാഗങ്ങൾ 2000 സി.സി. വരെയുള്ളവ, ജിപ്‌സി, എസ്റ്റീം, ഓപ്പൺ വിഭാഗം എന്നിങ്ങനെയാണ്. റാലി ജേതാവിന് പ്രത്യേക ട്രോഫിയും സമ്മാനിക്കുന്നതാണ്.

മത്സരാർത്ഥികൾ, പൊതുജനങ്ങൾ, ആയിരകണക്കിന് കാണികൾ, പൊതുസ്വത്ത് – ഇതിന്റെയെല്ലാം സുരക്ഷയ്ക്കായി 50 ലക്ഷം രൂപയുടെ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിക്കഴിഞ്ഞു. റാലിയുമായി ബന്ധപ്പെട്ട മാർഷൽസെല്ലാവരും ഏറെ പരിശീലനം ലഭിച്ചവരും, വിവിധ മേട്ടോർസ്‌പോർട്ട്‌സ് വിഭാഗങ്ങളിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ളവരും, ഏത് അത്യാഹിതത്തെയും നേരിടാൻ പ്രാപ്തരായവരുമാണ്.

ഇവർക്കായി മേയ് 7 ന് പ്രത്യേക ട്രെയിനിങ്ങ് പരിപാടിയും നടത്തും. 20 കി.മീ. വരുന്ന സ്‌പെഷ്യൽ സ്റ്റേജിലുടനീളം കാണികളെ നിയന്ത്രിക്കുന്നതിനും, സുരക്ഷിതമായ ഇടങ്ങളിൽ നിന്ന് റാലി വീക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽ്കുന്നതിനും ഏകദേശം 100 മാർഷലുകളെ നിയോഗിക്കും. മാത്രവുമല്ല റാലിയുടെ മെഡിക്കൽ പാർട്ട്ണറായ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ ടീം, 4 ട്രോമാ ആംബുലൻസുകളുടെ സഹായത്തോടെ സദാ കർമ്മനിരതരായിരിക്കും. കൂടാതെ സമീപപ്രദേശത്തുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ റാലി നടക്കുന്ന വിവരം അറിയിച്ചിട്ടുള്ളതും, ആവശ്യമെങ്കിൽ അവരുടെ സേവനം കൂടി ഉറപ്പുവരുത്തിയിട്ടുള്ളതുമാണ്.

റാലി കടന്നു പോകുന്ന പ്രദേശങ്ങളിൽ റാലിയെ സംബന്ധിച്ചുള്ള ബോർഡുകൾ സ്ഥാപിച്ച് വരികയാണ്. സ്‌പെഷ്യൽ സ്റ്റേജിന് സമീപത്തുള്ള എല്ലാ വീടുകളിലും പ്രത്യേകം നോട്ടീസ് വിതരണം നടത്തി അവരെ റാലി ഷെഡ്യൂളിനെ പറ്റിയും അവർ കൈക്കൊള്ളേണ്ട സുരക്ഷാ മുൻകരുതലുകളെ കുറിച്ചും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. റാലിയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിന് പോലീസ്, ഫയർ, ഗതാഗതം, വനം തുടങ്ങിയ ഡിപ്പാർട്ട്‌മെന്റുകളുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.

പോപ്പുലർ റാലിയുടെ ഭാഗമായി മേയ് 13, 14 തിയതികളിൽ മറൈൻ ഡ്രൈവിൽ പോപ്പുലർ റാലി ഫെസ്റ്റും സംഘടിപ്പിക്കും. ഇതിലെ മുഖ്യ ആകർഷണം, ബാറ്റിൽ ഓഫ് ദി ബാൻഡ്‌സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഒരു ബാൻഡ് മത്സരമാണ്. കേരളത്തിൽ നിന്നും വളർന്നു വരുന്ന ബാൻഡുകളെ അംഗീകരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണിത്. റാലിയുടെ എന്റർടെയ്ൻമെന്റ് പാർട്ട്ണർ കൂടിയായ മയൂസ് എന്ന സ്ഥാപനമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

മത്സരാർത്ഥികളിൽ നിന്നും മികച്ച 3 ബാൻഡുകളെ ഒരു ജഡ്ജിങ്ങ് പാനൽ മുഖേന തെരഞ്ഞെടുക്കുന്നതും, 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 30000, 20000, 10000 എന്നിങ്ങനെ സമ്മാനതുക നൽ്കുന്നതുമാണ്. ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് ബംഗലുരുവിലെ ബ്ലൂടിമ്പർ മ്യൂസിക്കിൽ സൗജന്യ റെക്കോർഡിങ്ങ് സെഷനുള്ള അവസരവും ലഭിക്കും. ബ്ലൂടിമ്പറിൽ നിന്നുള്ള സംഘം റാലിയുടെ തീം സോങ്ങ,് ഫ്‌ളാഗ് ഓഫ് സമയത്ത് വേദിയിൽ തൽസമയം അവതരിപ്പിക്കും. കൂടാതെ, മേയ് 14 ന് തകര എന്ന മ്യൂസിക് ബാൻഡിന്റെ അവതരണവും ഉണ്ടായിരിക്കും.

ഉൾവശം തീയറ്റർ രുപത്തിൽ ഒരുക്കിയ ഒരു മൂവി ഓൺ വീൽസ് റേസിങ്ങും, കാറുകളുമായി ബന്ധപ്പെട്ടുള്ള സിനിമാ ശകലങ്ങളുടെ പ്രദർശനവും ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായിരിക്കും. ഓട്ടോമൊബൈൽ സംബന്ധമായ പ്രോജക്ടുകളുടെ പ്രദർശനവുമായി കോളേജ് വിദ്യാർത്ഥികളും റാലിയിൽ പങ്കുചേരും.

മറൈൻ ഡ്രൈവിൽ ഒരുക്കുന്ന നിരവധി സ്റ്റാളുകളിലായി വിന്റ്റേജ് / ക്ലാസിക് / നൂതന കാറുകളുടെ പ്രദർശനം, ഒട്ടോ സർവ്വീസസ്, കോർപ്പറേറ്റ് ബ്രാൻഡുകൾ, കിഡ്‌സ് സോൺ, ഭക്ഷണശാലകൾ എന്നിവയെല്ലാം സജ്ജീകരിക്കും.

ടൈറ്റിൽ സ്‌പോൺസറായ പോപ്പുലർ വെഹിക്കിൾസ് കൂടാതെ, മൊബീൽ, എക്‌സാൾടാ കോട്ടിങ്ങ് സിസ്റ്റംസ് എന്നിവരാണ് അസോസിയേറ്റ് സ്‌പോൺസർമാർ. നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവരാണ് മറ്റ് പ്രമുഖ സ്‌പോൺസർമാർ.

പോപ്പുലർ റാലിയുടെ ഓഫീസ് മേയ് 12 മുതൽ ഹോസ്പിറ്റാലിറ്റി പാർട്ണർമാരായ ഐബിഐഎസ് ഹോട്ടലിൽ പ്രവർത്തനമാരംഭിക്കും. വാട്ടർമാർക്ക് എന്ന സ്ഥാപനമാണ് റാലിയുടെ ഇവന്റ് മാനേജ്‌മെന്റ് നിവ്വഹിക്കുന്നത്. പോപ്പുലർ റാലിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.popularrally.com ൽ ലഭ്യമാണ്.