ടാറ്റാ എൽഎൻജി ബസുകൾ കേരളത്തിൽ നിരത്തിലിറക്കി

Posted on: November 9, 2016

tata-lng-bus-kerala-launch

തിരുവനന്തപുരം : ടാറ്റാ മോട്ടോഴ്‌സ് ഇതാദ്യമായി ദ്രവീകൃത പ്രകൃതി വാതകത്തിൽ (എൽഎൻജി) ഓടുന്ന ബസുകൾ കേരളത്തിൽ നിരത്തിലിറക്കി. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി എ.ക. ശശീന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് വാഹനം വിപണിയിലിറക്കിയത്. എൽഎൻജി ഇന്ധനം ഉപയോഗിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ബസ് അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രവി പിഷാരടി പറഞ്ഞു.

പൊതുജനങ്ങളുടെ യാത്രാസൗകര്യത്തിന് ഉതകുന്ന തരത്തിൽ വിവിധ ഗതാഗത അധികൃതരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് ടാറ്റാ എൽഎൻജി ബസ് രൂപപ്പെടുത്തിയിരിക്കുന്നത്. വൃത്തിയും സുരക്ഷിതത്വവുമുള്ളതും ചെലവ് കുറഞ്ഞതും സുഖകരവുമായ യാത്രയ്ക്കും ഉതകുന്നവയുമാണ് ഈ ബസുകൾ. എൽഎൻജി ഉപയോഗിക്കുന്നതിനാൽ ഫ്യൂച്ചർറെഡി വാഹനങ്ങൾ രാജ്യത്തിന്റെ ഊർജ്ജരംഗം സുരക്ഷിതത്വമാക്കുന്നവയാണെന്ന് രവി പിഷാരടി ചൂണ്ടിക്കാട്ടി.

tata-motors-lng-bus-big

പുതിയ ടാറ്റാ എൽപിഒ1613 ബസ് പരമ്പരാഗത ഇന്ധനം ഉപയോഗിച്ച് ഓടുന്ന മറ്റ് ബസുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞവയാണ്. കൂടാതെ അധിക യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുമുണ്ട്. വാതകഇന്ധനം ഉപയോഗിക്കുന്നതോടെ മലിനീകരണം കുറയ്ക്കാനും കൂടുതൽ ശുദ്ധമായ അന്തരീക്ഷം ഉറപ്പാക്കാനും സാധിക്കും. എൽഎൻജിക്ക് ഉയർന്ന സാന്ദ്രതയുള്ളതിനാൽ കൂടുതൽ ഇന്ധനക്ഷമതയും നേടാം.

ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ 700 കിലോമീറ്റർ വരെ ഓടാൻ സാധിക്കും. എൽഎൻജിയിൽ ഓടുന്ന വാഹനങ്ങൾക്ക് ശബ്ദമലിനീകരണത്തിന്റെ തോതായ നോയ്‌സ് വൈബ്രേഷൻ ഹാർഷ്‌നസ് (എൻവിഎച്ച്) കുറവും യാത്രക്കാർക്ക് കൂടുതൽ സുഖകരവുമാണ്. ഹൈസ്പീഡ് ഡീസലിനെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ എൽഎൻജി അധികമായി ലഭ്യമായിത്തുടങ്ങുന്നതോടെ ചെലവ് കുറയ്ക്കാനും ക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും.

TAGS: KSRTC | LNG Bus | Tata Motors |