സുസുക്കി ന്യൂ ആക്‌സസ് 125 കേരള വിപണിയിൽ

Posted on: April 8, 2016

Suzuki-new-Access125-launch

കൊച്ചി : സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ ഏറെ പുതുമകളോടെ ആക്‌സസ് 125 കേരള വിപണിയിലിറക്കി. ഇന്ത്യൻ വിപണിയിൽ 20 ലക്ഷം യൂണിറ്റിലേറെ വിറ്റഴിച്ച അക്‌സസിനെ അടിമുടി മാറ്റം വരുത്തിയാണ് സുസുക്കി പുനരവതരിപ്പിച്ചിരിക്കുന്നത്. ആക്‌സസ് 125 ൽ എസ് ഇ പി സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ മികച്ച ഇന്ധന ക്ഷമതയും ശക്തിയും ലഭിക്കും.

മൈലേജ് വർധിപ്പിക്കാൻ സഹായകരമാകുന്ന തരത്തിൽ ഭാരക്കുറവുള്ള ഫ്രെയിമും താരതമ്യേന വലിപ്പമുള്ള 12 ഇഞ്ച് ഫ്രണ്ട് ടയർ, മികച്ച സസ്‌പെൻഷൻ എന്നിവയും ഇതിൻറെ പ്രത്യേകതകളാണ്. സ്റ്റീൽ ഫ്രണ്ട് ഫെൻഡർ, സ്റ്റീൽ ലെഗ് ഷീൽഡ് എന്നിവ കൂടുതൽ സുരക്ഷിതത്വം നൽകുന്നു. നീളമുള്ള സീറ്റ് കൂടുതൽ അണ്ടർ സീറ്റ് സ്റ്റോറേജ് ഡി സി സോക്കറ്റ് ഫ്രണ്ട് പോക്കറ്റ് എന്നിവ ആക്‌സസ് 125 ന് ഏറെ പുതുമ നൽകുന്നു.

സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം എന്ന നവീന ഓട്ടോമൊബൈൽ സാങ്കേതിക വിദ്യയും ഇതിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് ഏതെങ്കിലുമൊരു ഇരുചക്ര വാഹനത്തിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ആദ്യമായാണ്.

കേരളം പ്രധാന വിപണിയാണെന്നും ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് പുതിയ ആക്‌സസ് 125 ൽ ഉപയോഗിച്ചിരിക്കുന്നതെന്നും സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് കെൻജി ഹിറോസവ അഭിപ്രായപ്പെട്ടു. കേരള വിപണിയിൽ ശക്തമായ സാന്നിധ്യമായി പുതിയ ആക്‌സസ് 125 മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പേൾ സുസുക്കി ഡീപ് ബ്ലൂ, കാണ്ടി സോനോമ റെഡ്, പേൾ മിറാഷ് വൈറ്റ്, മെറ്റാലിക് മാറ്റ് ഫിബ്രോയിൻ ഗ്രേ, ഗ്ലാസ് സ്പാർക്കിൽ ബ്ലാക്ക് എന്നീ 5 നിറങ്ങളിൽ ഷോറൂമുകളിൽ ലഭിക്കും. ന്യൂ ആക്‌സസ് 125 ഡ്രം ബ്രേക്ക് വേരിയന്റിന് കൊച്ചിയിലെ ഓൺ റോഡ് വില 64,264 രൂപയാണ്.