സൗത്ത് ഇന്ത്യൻ ബാങ്കിന് 111.38 കോടി രൂപ അറ്റാദായം

Posted on: January 13, 2017

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2016-2017 ലെ മൂന്നാംക്വാർട്ടറിൽ 111.38 കോടി രൂപ അറ്റാദായം നേടി. 9.59 ശതമാനം വളർച്ച കൈവരിച്ചതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തനലാഭത്തിൽ 43.30 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വായ്പകൾ 11.41 ശതമാനം വർധിച്ചു. നിക്ഷേപങ്ങളിൽ 19.00 ശതമാനം ആണു വർധന. മൊത്തം ബിസിനസിൽ 15.72 ശതമാനം, കറന്റ് അക്കൗണ്ട് സേവിംഗ് അക്കൗണ്ടുകളിൽ 33.96 ശതമാനം, എൻആർഐ നിക്ഷേപങ്ങളിൽ 20.28 ശതമാനം, അറ്റ പലിശ ലാഭത്തിൽ 2.65 ശതമാനം, ഇതരവരുമാനത്തിൽ 68.61 ശതമാനം എന്നിങ്ങനെയാണു കഴിഞ്ഞ വർഷം ഇതേ ക്വാർട്ടറുമായി താരതമ്യം ചെയ്യുമ്പോഴുള്ള വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.

മൊത്തം വായ്പ 4,633 കോടി രൂപ വർധിച്ചു 45,234 കോടി രൂപയായി. എസ്എംഇ, ഭവന, കാർഷിക, വാഹന വായ്പകളിലും വസ്തുവിന്റെ ഈടിന്മേലുള്ള വായ്പകളിലും മികച്ച വളർച്ച കൈവരിക്കാൻ ബാങ്കിനായി. മൊത്തം നിഷ്‌ക്രിയ ആസ്തി ശതമാനം തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ചു രണ്ട് ബേസിക് പോയിന്റുകൾ വർധിച്ചു.

കാർഷിക, എസ്എംഇ വായ്പകൾ 15.09 ശതമാനം വർധിച്ചു. ഭവന വായ്പകളിലും വസ്തു ഈടിന്മേലുള്ള വായ്പകളിലും 33.34 ശതമാനം വളർച്ച രേഖപ്പെടുത്തി. വാഹനവായ്കളിലെ വളർച്ച 29.25 ശതമാനമാണ്.

നിക്ഷേപങ്ങൾ 10,153 കോടി രൂപ വർധിച്ച് 63,595 കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടിൽ 4,197 കോടി രൂപയുടെ വർധനയോടെ 16,486 കോടി രൂപയായി. മൊത്തം നിക്ഷേപങ്ങളുടെ 25 ശതമാനം ആണ് കറന്റ് ആൻഡ് സേവിംഗ്‌സ് അക്കൗണ്ട് (കാസ). എൻആർഐ നിക്ഷേപങ്ങൾ 25.39 ശതമാനത്തിൽനിന്ന് 27.11 ശതമാനമായി. ഗൾഫിൽനിന്നുള്ള എൻആർഐ പണത്തിൽ കുറവുണ്ടായെങ്കിലും ബാങ്കിന്റെ എൻആർഐ നിക്ഷേപത്തിൽ 20.28 ശതമാനത്തിന്റെ വളർച്ചയുണ്ടായി. മൊത്തം ബിസിനസ് 14,786 കോടി രൂപ വർധിച്ചു 1,08,829 രൂപയായി.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാംക്വാർട്ടറിൽ ഇതര വരുമാനങ്ങൾ മെച്ചപ്പെട്ടതു വഴിയാണ് ഈ വളർച്ച കൈവരിക്കാനായതെന്നും വി.ജി. മാത്യു പറഞ്ഞു. റീട്ടെയ്ൽ വായ്പകൾ വഴിയും കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകൾ വഴിയും ബിസിനസ് വർധിപ്പിക്കാനുള്ള നീക്കമാണു പ്രതികൂലസാഹചര്യങ്ങളിലും മികച്ച പ്രകടം കാഴ്ചവയ്ക്കാൻ ബാങ്കിനെ പ്രാപ്തമാക്കിയത്.

2016 ഡിസംബർ 31 ലെ കണക്ക് പ്രകാരം ബാങ്കിന്റെ മൂലധന പര്യാപ്ത അനുപാതം 11.05 ശതമാനമാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് 1:3 എന്ന അനുപാതത്തിൽ നിലവിലുള്ള ഓഹരിയുടമകൾക്ക് അവകാശ ഓഹരികൾ നൽകും. 13 രൂപ പ്രീമിയം ഉൾപ്പടെ ഓഹരി ഒന്നിന് 14 രൂപയായിരിക്കും ഇഷ്യു പ്രൈസ് എന്ന് വി.ജി. മാത്യു ചൂണ്ടിക്കാട്ടി. ചെയർമാൻ സലിം ഗംഗാധരനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.