സ്റ്റാർട്ടപ്പ് ഹാക്കത്തോൺ : മേക്കർവില്ലേജിന്റെ ഇലക്‌ട്രോണിക് സുരക്ഷാകവചത്തിന് ഒന്നാം സ്ഥാനം

Posted on: April 9, 2017

 

കൊച്ചി : സംഘർഷ പ്രദേശങ്ങളിൽ സുരക്ഷാഭടന്മാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഇലക്‌ട്രോണിക് ജാക്കറ്റ് നിർമിച്ച മേക്കർവില്ലേജ് സ്റ്റാർട്ടപ്പ് ടീം കൊച്ചിയിൽ നടന്ന ഹാക്കത്തോണിൽ ഒന്നാംസ്ഥാനം നേടി. അജയ് സാങ്‌വാൻ, ടി.രോഹിത്, വിവേക് ജോസ് എന്നിവരടങ്ങിയ ന്യോക്ക എന്ന ടീം രൂപകല്പന ചെയ്ത ജാക്കറ്റ് എതിരാളികൾ എവിടെയെന്നു കണ്ടുപിടിക്കാനും ഇവരെക്കുറിച്ചുള്ളവിവരം തങ്ങളുടെ നിയന്ത്രണകേന്ദ്രത്തെ അറിയിക്കാനും ശേഷിയുള്ളതാണ്. കെവ്‌ലാർ എന്ന സങ്കരപദാർഥം കൊണ്ടാണ് ഈ ജാക്കറ്റ് നിർമിച്ചത്.

ഇതിനൊപ്പംതന്നെ ഇവർ രൂപകല്പന ചെയ്ത ഐടി അധിഷ്ഠിത ഉപകരണം അതിർത്തിയിൽ സ്ഥാപിക്കുകയാണെങ്കിൽ അതിർത്തിലംഘനം നടത്തുന്നവരെ ഇൻഫ്രാറെഡ് രശ്മികളിലൂടെ കൃത്യമായി നിർണയിക്കുകയും ബന്ധപ്പെട്ട അധികൃതർക്കും സമീപവാസികൾക്കും സന്ദേശം നൽകുകയും ചെയ്യും. ശരീരത്തിന്റെ ഊഷ്മാവ് നിർണയിച്ച് മനുഷ്യരെയും മൃഗങ്ങളെയും കൃത്യമായി വേർതിരിച്ച് മനസിലാക്കാനുള്ള ശേഷിയും ഈ ഉപകരണത്തിനുണ്ട്.

കളമശേരി കേരള ടെക്‌നോളജി ഇന്നവേഷൻ സോണിൽ ചെന്നൈ അമേരിക്കൻ കോൺസുലേറ്റന്റെയും ലേണിംഗ് ലിങ്ക്‌സ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ഹാക്ക്ടു ഹെൽപ്-സോഷ്യൽ ഇന്നവേഷൻ ഹാക്കത്തോൺ എന്ന പേരിൽ നടന്ന ദ്വിദിന മത്സരം കേരള സ്റ്റാർട്ടപ്പ്മിഷൻ, മേക്കർവില്ലേജ്, സയൻസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ 16 വയസിനുമുകളിലുള്ളവർക്കുവേണ്ടിയാണ് സംഘടിപ്പിച്ചത്. നാസ്‌കോം 1000 സ്റ്റാർട്ടപ്പ്‌സ് മേധാവി അരുൺ നായർ ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു. 30 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.

കൊച്ചി ശാസ്ത്ര സാങ്കേതികസർവകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് എൻജിനിയറിംഗിലെ സമീർദയാൽ, മായങ്ക്‌രാജ്, അഭിനവ്ഗൗതം, ശന്തനു ഗാർഗ് എന്നിവരടങ്ങിയ ഹഗാമ ടീം രണ്ടാംസ്ഥാനവും, സെയിന്റ് ഗിറ്റ്‌സ് കോളജ് ഓഫ് എൻജിനയീറിംഗിലെ എംഎസ് ജിതിൻ, വി. ഗോവിന്ദൻ നമ്പൂതിരി, ജിബിൻ ജോസഫ്, ക്ലിൻസ് സ്റ്റീഫൻ എന്നിവരടങ്ങിയ കോഡ്‌റെക്കേഴ്‌സ് ടീം മൂന്നാംസ്ഥാനവും ചേർത്തല കോളജ് ഓഫ് എൻജിനീയറിംഗിലെ കെ.ശിവപ്രസാദ്, എംപി അർഷദ്, മണികണ്ഠൻ വിജയൻ, വി.ആർ. ഗോകുൽദാസ് എന്നിവരുടെ ഡീകോഡേഴ്‌സ് ടീം നാലാംസ്ഥാനവും നേടി.

TAGS: Maker Village |