കൊച്ചി മേക്കർ വില്ലേജിൽ ബോഷ് ഡിഎൻഎ ഗ്രാൻഡ് ചലഞ്ച് മത്സരം

Posted on: October 30, 2016

bosch-dna-grand-challenge-2

കൊച്ചി : കൊച്ചിയുടെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതികൾ ഉൾപ്പെടെ അഞ്ച് ഇനങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ ബോഷ് ഡിഎൻഎ ഗ്രാൻഡ് ചലഞ്ച് മത്സരം. ബോഷ് സീനിയർ വൈസ് പ്രസിഡന്റ് ആർ.കെ ഷിനോയി, ഐഐഐടി ഡയറക്ടർ എം. എസ് രാജശ്രീ എന്നിവർ ചേർന്ന് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

നഗരങ്ങളിലെ മാലിന്യ സംസ്‌കരണവും ഇരുചക്ര പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളാണ് മത്സരാർത്ഥികൾക്കായി നൽകിയിരിക്കുന്നത്. പൈപ്പ് പൊട്ടൽ പോലെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനായുള്ള പദ്ധതിയും ഇതോടൊപ്പമുണ്ട്. പതിനെട്ടു മാസത്തെ മത്സരത്തിൽ യുവ സംരംഭകർ ഇലക്ടോണിക് ഉത്പന്ന രൂപകൽപന, വികസനം എന്നിവയിൽ മാറ്റുരയ്ക്കും.

സ്റ്റാർട്ടപ്പ് രംഗത്ത് കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു. ട്രായിയുടെ കണക്കനുസരിച്ച് 38 ശതമാനം കേരളീയർക്ക് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്. അതിൽ തന്നെ 60 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റൽ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനത്തിന് ഇത്തരം മത്സരങ്ങൾ മുതൽകൂട്ടാണെന്നും അദേഹം പറഞ്ഞു.

നൂതന കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക് യുവാക്കളെ സ്വാഗതം ചെയ്യുന്നുവെന്ന് ബോഷ് സീനിയർ വൈസ് പ്രസിഡന്റ് ആർ.കെ ഷിനോയി പറഞ്ഞു. നവീനമായ ആശയങ്ങൾക്ക് എന്നും മുൻഗണന കൊടുക്കുന്ന സ്ഥാപനമാണ് ബോഷ്. ആഗോളതലത്തിൽ ഇന്നോവേഷന് മാത്രമായി 6 ബില്യൺ യൂറോയാണ് ബോഷ് വകയിരുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

മത്സരാർഥികൾ ഓൺലൈനായി വേണം രജിസ്റ്റർ ചെയ്യേണ്ടത്. ഒറ്റയ്‌ക്കോ മൂന്നു പേരിൽ കൂടാത്ത സംഘമായോ മത്സരത്തിൽ പങ്കെടുക്കാം. തങ്ങൾ ചെയ്യാനുദേശിക്കുന്ന പ്രൊജക്ടിന്റെ ആദ്യ ആശയം നവംബർ 30-നുള്ളിൽ നൽകണം. അതിനു ശേഷം മൂന്നു മാസം കൊണ്ടാണ് പ്രൊജക്ടിന്റെ മാതൃക ഉണ്ടാക്കേണ്ടത്. ഓരോഘട്ടത്തിലും ബോഷിന്റെയും മേക്കർ വില്ലേജിന്റെയും വിദഗ്ധർ വിലയിരുത്താനും ഉപദേശങ്ങൾ നൽകാനുമുണ്ടാകും. മാതൃക രൂപപ്പെടുത്തിയെടുക്കുന്നതിന് ഒരു ടീമിന് 50000 രൂപ വരെയാണ് ബോഷ് നൽകുന്നത്. വിജയികൾക്ക് ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. മത്സരാർത്ഥികൾക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന പ്രവർത്തിക്കാവുന്നതാണ്. മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്നതിന് സൗജന്യമായാണ് സൗകര്യമൊരുക്കുന്നത്. മാതൃക അംഗീകരിച്ചു കഴിഞ്ഞാൽ അതിന്റെ വാണിജ്യപരമായ ഉത്പാദനം നടത്തുന്നതിനും സൗകര്യമൊരുക്കുന്നതാണ്.

അഞ്ച് മേഖലകളിലാണ് മത്സരം. കേന്ദ്രസർക്കാരിന്റെ സ്മാർട്ട്‌സിറ്റിയുമായി ബന്ധപ്പെട്ട് മാലിന്യ സംസ്‌കരണത്തിന് സഹായിക്കുന്ന സെൻസറുകൾ നിർമ്മിക്കുന്നതാണ് ആദ്യ വെല്ലുവിളി. സ്മാർട്ട് ചവറ്റുകുട്ടകളാണ് ഉദ്ദേശിക്കുന്നത്.

ശബ്ദതരംഗങ്ങളുപയോഗിച്ച് പൈപ്പുകളിലും മറ്റുമുള്ള തടസ്സങ്ങൾ കണ്ടുപിടിക്കുന്നതിനും അത് നന്നാക്കുന്നതിനും ഉള്ള സെൻസറുകളും ഉപകരണങ്ങളും രണ്ടാമത്തെ വെല്ലുവിളിയിൽ ഉൾപ്പെടുന്നു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സെൻസറുകളാണ് മൂന്നാമത്തെ വെല്ലുവിളി. മൂടൽമഞ്ഞ് സമയത്തെല്ലാം ട്രെയിനുകളും, മറ്റു വാഹനങ്ങളും അപടകത്തിൽ പെടുന്നത് പതിവാണ്. ഇതിന് ശാശ്വത പരിഹാരം കാണുന്ന തരം സെൻസറുകൾ വികസിപ്പിക്കുകയാണ് ഇവിടെ ചെയ്യേണ്ടത്.

രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ്. അതിന് പരിഹാരമാകുന്ന രീതിയിലുള്ള പാർക്കിംഗ് സെൻസറുകളോ ഉപകരണങ്ങളോ നിർമ്മിക്കുന്നതാണ് നാലാം വിഭാഗത്തിലുള്ള വെല്ലുവിളി. ക്രെയിനുകളിലും മണ്ണുമാന്തിയന്ത്രങ്ങളിലും ഭാരം കൂടിയതിനാൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. മണ്ണുമാന്തിയന്ത്രങ്ങളിൽ തത്സമയം ഭാരം അളക്കാനുള്ള ഉകപരണമാണ് അവസാന വെല്ലുവിളിയിൽ പൂർത്തീകരിക്കേണ്ടത്.

ഇലക്ട്രോണിക് സ്റ്റാർട്ടപ്പുകളിലെ പല ആശയങ്ങളും ഉത്പന്നങ്ങളായ മാറുന്നില്ലെന്ന സ്ഥിതിയാണുള്ളതെന്ന് മേക്കർ വില്ലേജ് ചീഫ് കൺസൽട്ടന്റ് പ്രഫ. എസ്. രാജീവ് പറഞ്ഞു. ഈ കുറവ് നികത്തുന്നതിനുള്ള മികച്ച അവസരമാണ് മേക്കർ വില്ലേജും ബോഷും ചേർന്നൊരുക്കുന്നതെന്ന് അദേഹം പറഞ്ഞു.

ഇലക്ട്രോണിക് ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇൻക്യുബേറ്ററായ മേക്കർ വില്ലേജിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു പുറമെ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്മന്റ് കേരള, സ്റ്റാർട്ടപ്പ് വില്ലേജ്, ബോഷ് എന്നിവയ്ക്കും പങ്കാളിത്തമുണ്ട്. വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാനായി https://goo.gl/forms/xhI55h7UC9zWTWD-I2 ൽ നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം.