ഡി എച്ച് എഫ് എൽ പ്രാമേരിക്ക ലൈഫിന് ധനലക്ഷ്മി ബാങ്കുമായി വിപണന ധാരണ

Posted on: August 26, 2017

തിരുവനന്തപുരം : ഡി എച്ച് എഫ് എൽ പ്രാമേരിക്ക ലൈഫ് ഇൻഷുറൻസിന് ധനലക്ഷ്മി ബാങ്കുമായി വിപണന ധാരണ. ധാരണ പ്രകാരം ധനലക്ഷ്മി ബാങ്ക് ഡി എച്ച് എഫ് എൽ ന്റെ കോർപറേറ്റ് ഏജന്റായിരിക്കും. ഡി എച്ച് എഫ് എൽ പ്രാമേരിക്ക ലൈഫിന്റെ റീട്ടെയ്ൽ ഗ്രൂപ്പ് ഇൻഷുറൻസ് ഉത്പന്നങ്ങൾ ധനലക്ഷ്മി ബാങ്കിന്റെ 260 ശാഖകളിലൂടെ വിതരണം ചെയ്യും.

ധനലക്ഷ്മി ബാങ്കിന്റെ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അവർക്ക് കൂടുതൽ മൂല്യമുള്ള ഒരു കൂട്ടം ഉത്പന്നങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടർ ജി. ശ്രീറാം പറഞ്ഞു. ഡി പി എൽ ഐ ഉത്പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് ധനലക്ഷ്മി ബാങ്ക് ചീഫ് ജനറൽ മാനേജർ മണികണ്ഠൻ പറഞ്ഞു.

ഡി പി എൽ ഐയുടെ നൂതനമായ പ്രോഡക്ട് ഓഫറുകൾ, ഇടതടവില്ലാത്ത കസ്റ്റമർ സർവീസ് അനുഭവത്തോടു കൂടി ധനലക്ഷ്മി ബാങ്കിലൂടെ വിതരണം ചെയ്യുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ഡിഎച്ച്എഫ്എൽ പ്രാമേരിക്ക ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനൂപ് പബ്ബി പറഞ്ഞു. ഡി പി എൽ ഐയ്ക്ക് 28 ലൈഫ് ഇൻഷുറൻസ് പ്രോഡക്ടുകളും ആറ് റൈഡറുകളുമുണ്ട്. കൊച്ചി, കോയമ്പത്തൂർ, ട്രിച്ചി, സേലം തുടങ്ങി ഇന്ത്യയിൽ 103 ബ്രാഞ്ചുകളുണ്ട്.