ലോംഗ് വാക് ടു സിലിക്കൺവാലി

Posted on: August 24, 2014

Varun-Corporates-360-B

രണ്ടുവർഷത്തിനുള്ളിൽ അഞ്ചുരാജ്യങ്ങളിൽ സാന്നിധ്യം. മുഖ്യ ഓഫീസ് സിംഗപ്പൂരിൽ. ഐടിരംഗത്തെ അതികായൻമാരായ എച്ച്.പി, ഡെൽ, ഐബിഎം, ഒറാക്കിൾ തുടങ്ങിയ ഇടപാടുകാർ. ഏതെങ്കിലും മൾട്ടിനാഷണൽ ജയന്റിന്റെ കഥയല്ല പറഞ്ഞുവരുന്നത്. കൊച്ചി സ്റ്റാർട്ട്അപ്പ് വില്ലേജിൽ ഇൻകുബേറ്റ് ചെയ്ത കോർപറേറ്റ് 360 ന്റെ വളർച്ച അമ്പരപ്പിക്കുന്ന വേഗതയിലായിരുന്നു.

ആഗോളവിപണിയിൽ അതിനൂതനമായ മാർക്കറ്റിംഗ് ഡാറ്റാ സോഫ്റ്റ്‌വേർ അവതരിപ്പിക്കുന്ന ഏഷ്യയിലെ ആദ്യത്തെ സ്റ്റാർട്ട് അപ്പ് ആണ് കോർപറേറ്റ് 360. ഇച്ഛാശക്തി ഒന്നു മാത്രമാണ് കോർപറേറ്റ് 360 കെട്ടിപ്പടുക്കാൻ വരുൺ ചന്ദ്രന്റെ പിൻബലം. കൊല്ലം ജില്ലയുടെ അവികസിതമേഖലയായ പാടം ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച വരുൺ ചന്ദ്രന് ജീവിതം ഒരിക്കലും സുഗമമായായിരുന്നില്ല. പക്ഷെ പരിമിതികൾക്കു മുന്നിൽ വരുൺ പകച്ചുനിന്നില്ല.

പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ മികച്ചൊരു ഫുട്‌ബോൾ താരമായായിരുന്നു വരുൺ. 16 വയസിൽ താഴെയുള്ള ഫുട്‌ബോൾ ടീമിൽ അംഗമായി ഉത്തർപ്രദേശിൽ നടന്ന ടൂർണമെന്റിൽ പങ്കെടുത്തു. ജനിച്ചുവളർന്ന ഗ്രാമത്തിനും സ്‌കൂളിനുമപ്പുറത്തെ ലോകത്തേക്കുള്ള വരുണിന്റെ ആദ്യയാത്രയായിരുന്നു അത്.

ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയനായിരുന്നു റോൾ മോഡൽ. മൈതാനത്തിനു പുറത്തു കാൽപന്തുതട്ടി, സോഡയും കടലയും വിറ്റു നടന്ന ഐ.എം. വിജയന്റെ അതിജീവനത്തിന്റെ കഥ വരുണിനെ ആവേശഭരിതനാക്കി. പഠനകാലത്ത് വരുൺ കേരള യൂണിവേഴ്‌സിറ്റിയുടെയും യൂത്ത് ഫുട്‌ബോൾ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. മികച്ച ഫുട്‌ബോളർക്കുള്ള സ്വർണമെഡലും അക്കാലത്ത് ഈ ചെറുപ്പക്കാരനെ തേടിയെത്തി. കളിക്കളത്തിലെ ചടുലതയും ജാഗ്രതയും ജീവിതത്തിലെ ഓരോ ചുവടുവയ്പ്പിലും വരുണിനു തുണയായി.

2002-ൽ ബംഗളുരുവിലേക്കുള്ള യാത്രയാണ് വരുണിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മുത്തശ്ശി സ്വർണവള വിറ്റുനൽകി 3,000 രൂപയായിരുന്നു ആദ്യ മൂലധനം. കോൾ സെന്ററിലാണ് ആദ്യം ജോലിതേടിയത്. ബംഗളുരുവിലെ ഇന്റർനെറ്റ് കഫേകളിലെ സന്ദർശനം പുതിയ ജോലിസാധ്യതകളും സംരംഭ മോഹങ്ങളും നൽകി. പ്രോഗ്രാമറായി ബംഗളുരുവിൽ ജോലിനോക്കുന്നതിനിടെ 2008-ൽ സിംഗപ്പൂരിൽ നിന്ന് പുതിയ ജോലി ഓഫർ ലഭിച്ചു.

അവസരങ്ങളുടെ വിശാലമായ വാതായനമാണ് സിംഗപ്പൂർ വരുണിനു മുന്നിൽ തുറന്നു നൽകിയത്. അവിടെ ജോലി നോക്കുന്നതിനിടെയാണ് ഡാറ്റാ സോഫ്റ്റ് വേറിന്റെ പിറവി. സമയാസമയം നവീകരിക്കുന്നതും വിശകലന സ്വഭാവമുള്ളതുമായ സോഫ്റ്റ്‌വേറാണ് ഡാറ്റാ ആസ് എ സർവീസ് മാതൃകയിലൂടെ കോർപറേറ്റ് 360 ഉറപ്പാക്കുന്നത്. യുഎസിലെയും യൂറോപ്പിലെയും വിപണികളിൽ കോർപറേറ്റ് 360 ന്റെ സോഫ്റ്റ്‌വേറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഫൗണ്ടറും സിഇഒയുമായ വരുൺ ചന്ദ്രൻ പറഞ്ഞു.

Corporate-360-team-B

ഗ്രാമീണമേഖലയിൽ ഐടി ജോലി ലഭ്യമാക്കിയ ആദ്യത്തെ സ്റ്റാർട്ട്അപ്പാണ് കോർപറേറ്റ് 360. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 20 എൻജിനീയർമാരുമായാണ് ഓഫീസ് തുറന്നതെന്ന് വരുൺ ചന്ദ്രൻ ചൂണ്ടിക്കാട്ടി. നൂറോളം ക്ലയന്റസുള്ള കോർപറേറ്റ് 360 ന് കേരളത്തിന് പുറത്ത് സിംഗപ്പൂർ, കാലിഫോർണിയ, ലണ്ടൻ, മനില എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്. കമ്പനി ജീവനക്കാരിൽ മുക്കാൽപങ്കും വനിതകളാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഈവർഷം അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 50 ആകും.

വിവരവിശകലനത്തെ വിപ്ലവകരമാക്കുന്നതിനു ഉതകുന്ന നാലു നൂതന സോഫ്റ്റ് വേറുകൾ പേറ്റന്റ് കാത്തിരിക്കുകയാണെന്ന് വരുൺ വ്യക്തമാക്കി. 2017 ആകുമ്പോഴേക്കും പത്തു മില്യൺ ഡോളർ വിറ്റുവരവാണ് കോർപറേറ്റ് 360 ലക്ഷ്യമിടുന്നത്. മൂലധനസമാഹരണത്തിന് വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകളുമായുള്ള ചർച്ച പുരോഗമിക്കുന്നു. അതോടൊപ്പം ഇന്ത്യയിലെ ഒരു ബിഗ്ഡാറ്റ സോഫ്റ്റ്‌വേർ കമ്പനിയെ ഏറ്റെടുക്കാനുള്ള നടപടികളും അന്തിമഘട്ടത്തിലാണെന്ന് വരുൺ ചന്ദ്രൻ പറഞ്ഞു.