ദുരിതാശ്വാസക്യാമ്പുകളിൽ 6.61 ലക്ഷം പേർ ; മരണസംഖ്യ 33

Posted on: August 18, 2018

തിരുവനന്തപുരം : സംസ്ഥാനത്തെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത് 6.61 ലക്ഷം പേർ. ഇന്ന് രക്ഷപ്പെടുത്തിയത് 58, 506 പേരെയാണ്. മരണസംഖ്യ ഇന്ന് 33 ആയി. ചാലക്കുടിയിലും ആലുവയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഉരുൾപൊട്ടി ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽ രക്ഷാപ്രവർത്തനത്തിന് നാളെ ഹെലികോപ്ടർ എത്തും.

മുല്ലപ്പെരിയാർ, ഇടമലയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നുണ്ട്. എന്നാൽ ഇടുക്കിയിൽ ജലനിരപ്പ് ഉയരുകയാണ്. മൂന്നാറിലേക്കുള്ള കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. മീനച്ചിലാർ കരകവിഞ്ഞതിനാൽ കുമരകത്തേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. മൂവാറ്റുപുഴ ഗതിമാറി ഒഴുകിയതിനാൽ തലയോലപ്പറമ്പ് – വൈക്കം മേഖലകൾ വെള്ളത്തിനടിയിലാണ്.

കുട്ടനാട്ടുകാർ പൂർണമായും മാറേണ്ട സാഹചര്യമാണുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

വിവിധ സംസ്ഥാന സർക്കാരുകൾ കേരളത്തിനായി ഇതേവരെ 150 കോടി രൂപ നൽകി. മഹാരാഷ്ട്ര സർക്കാർ 20 കോടിയും ആന്ധ്രപ്രദേശ് 5 കോടി രൂപയും നൽകി. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഒരു കോടി രൂപ നൽകുമന്ന് വ്യക്തമാക്കി. സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകർ ജസ്റ്റീസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സമാഹരിച്ച വസ്ത്രങ്ങളും മരുന്നുകളും ഇന്ന് രാത്രി കേരളത്തിലേക്ക് അയയ്ക്കും.

TAGS: Kerala Floods |