റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചു

Posted on: August 2, 2017

മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറവ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. റിസർവ് ബാങ്ക് തീരുമാനം വായ്പ പലിശ കുറയാനിടയാക്കും. വാണിജ്യ ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കുന്ന കരുതൽധനത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായും കുറച്ചു.

പണപ്പെരുപ്പം (1.54 %) അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതാണ് പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്. നടപ്പ് സാമ്പത്തികവർഷത്തെ മൂന്നാമത്തെ വായ്പാനയമാണ് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ ഇന്ന് പ്രഖ്യാപിച്ചത്.