കേരളത്തിലെ പ്രവാസി നിക്ഷേപം 1,21,619 കോടി രൂപയായി

Posted on: December 19, 2015

Bank-Deposit-Big

തിരുവനന്തപുരം : കേരളത്തിലെ വാണിജ്യബാങ്കുകളിലെ മൊത്തം നിക്ഷേപം 3,38,902 കോടി രൂപ പിന്നിട്ടു. പ്രവാസി നിക്ഷേപം 1,21,619 കോടി രൂപയായി ഉയർന്നു. 2015 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ കണക്കാണ് സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതിയോഗത്തിലാണ് അവതരിപ്പിച്ചത്.

പ്രാഥമിക മേഖലയിൽ 38,816 കോടി രൂപ വാണിജ്യ ബാങ്കുകൾ വായ്പ നൽകി. നടപ്പു ധനകാര്യവർഷം 1,04,937 കോടി രൂപ വായ്പ നൽകാനാണ് ലക്ഷ്യമിട്ടത്. ആറു മാസത്തിനകം 37 ശതമാനം തുകയാണ് വായ്പ നൽകിയത്.

ബാങ്കുകൾ 3,391 കോടി രൂപയുടെ ഭവന വായ്പ നൽകി. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് 12,58,102 ലക്ഷം രൂപയുടെ ഹോംലോൺ അനുവദിച്ചു. എസ്ബിടി 1,03,519 അക്കൗണ്ടുകളിലായി 6,29,766 ലക്ഷം രൂപയും എസ്ബിഐ 88,503 അക്കൗണ്ടുകളിലായി 6,16,793 ലക്ഷം രൂപയും വായ്പ നൽകി. കനറാ ബാങ്ക് 30,399 അക്കൗണ്ടുകളിലായി 1,55,232 ലക്ഷം രൂപ ഭവന വായ്പ നൽകി.

കാർഷിക മേഖലയിൽ 19,971 കോടി രൂപ വായ്പ നൽകി. 1,09,205 കിസാൻ കാർഡുകളാണ് ഈ കാലയളവിൽ നൽകിയത്. ഇതിലൂടെ 3,414 കോടി രൂപ കർഷകർക്ക് വായ്പ നൽകി.