ഖത്തർ എയർവേസിന് ഈ വർഷം 31 പുതിയ വിമാനങ്ങൾ

Posted on: January 31, 2016

Qatar-Airways-CEO-Akbar-Al-

ദോഹ : ഖത്തർ എയർവേസിന് ഈ വർഷം 31 പുതിയ വിമാനങ്ങൾ ഡെലിവറി ലഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ഒരു എയർബസ് എ-380 ഉൾപ്പടെ 31 വിമാനങ്ങൾ കമ്പനിക്കു ലഭിക്കുമെന്നാണ് പ്രതീക്ഷ. മൊത്തം 324 വിമാനങ്ങൾക്കാണ് ഖത്തർ എയർവേസ് ഓർഡർ നൽകിയിട്ടുള്ളത്. 187 എയർബസ് വിമാനങ്ങളും 137 ബോയിംഗ് വിമാനങ്ങളുമാണ് വാങ്ങുന്നത്.

എയർ കാർഗോ രംഗത്തും വൻ വളർച്ചയാണ് ഖത്തർ എയർവേസ് ലക്ഷ്യമിടുന്നത്. ബുഡാപെസ്റ്റ് (ഹംഗറി), പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്), ഹോ ചി മിൻ (വിയറ്റ്‌നാം) എന്നിവിടങ്ങളിലേക്ക് മാർച്ച് മുതൽ കാർഗോ സർവീസ് ആരംഭിക്കും. നിലവിൽ 16 ഫ്രൈറ്റർ വിമാനങ്ങൾ ഉപയോഗിച്ച് 52 ഡെസ്റ്റിനേഷനുകളിലേക്കാണ് ഖത്തർ കാർഗോ സർവീസുള്ളത്.