യാത്രക്കാരുടെ എണ്ണത്തിൽ ഹമദ് വിമാനത്താവളത്തിന് 10.71 ശതമാനം വളർച്ച

Posted on: October 23, 2019

ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഈ വർഷം മൂന്നാം ക്വാർട്ടറിൽ എത്തിയത് 1.07 കോടി യാത്രക്കാർ. മുൻ വർഷത്തെ അപേക്ഷിച്ച് 10.71 ശതമാനമാണ് വളർച്ച. ഓഗസ്റ്റിലാണ് യാത്രക്കാരുടെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ജൂലൈയാണ് രണ്ടാം സ്ഥാനത്ത്. വിമാനത്താവളത്തിൽ വന്നിറങ്ങിയവരും കടന്നു പോയവരും ഉൾപ്പെടെയുള്ള കണക്കാണിത്..

ജൂലൈ മുതൽ സെപ്റ്റംബർ വരെ വന്നുപോയ വിമാനങ്ങളുടെ എണ്ണം 60,135 ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.44 ശതമാനമാണ് വർധന. ജൂലൈയിൽ 20,094, ഓഗസ്റ്റിൽ 20,361, സെപ്റ്റംബറിൽ 19,680 വിമാനങ്ങളാണ് വന്ന് പോയത്. നൂതന സാങ്കേതികവിദ്യയാണ് വിമാനത്താവളത്തിലുള്ളത്. തിരക്കേറിയ സമയങ്ങളിൽ 6,000 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സുരക്ഷാ കൗണ്ടറുകൾ.

95 ശതമാനം ട്രാൻസ്ഫർ യാത്രക്കാർക്കും പരമാവധി 5 മിനിറ്റ് മാത്രമേ ക്യൂവിൽ നിൽക്കേണ്ടതായുള്ളു. 62 ഓളം സെൽഫ് ചെക്ക് ഇൻ മെഷീനുകളും 12 സെൽഫ് സെൽഫ് ബാഗ് കിയോസ്‌കുകൾ തുടങ്ങിയ സ്മാർട് സംവിധാനങ്ങളാണുള്ളത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേസ് 160 നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. 2022 ഓടെ 5.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാവുന്ന വിധത്തിൽ വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതികൾ പുരോഗമിക്കുകയാണ്.