കേരള ട്രാവല്‍മാര്‍ട്ട് : വിദേശ-ആഭ്യന്തര ബയര്‍മാര്‍ 1600 കടന്നു

Posted on: March 21, 2022

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ടിനുളള ബയര്‍ രജിസ്‌ട്രേഷന് ആവേശകരമായ പ്രതികരണം. വിദേശ ബയര്‍മാരില്‍ നിന്ന് 374 പേരും ആഭ്യന്തര ബയര്‍മാരില്‍ നിന്ന് 1171 പേരുമാണ് രജിസ്‌ട്രേഷനായി അപേക്ഷിച്ചിട്ടുള്ളത്. കൊവിഡ് കാലത്തിനു ശേഷമുള്ള സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന്റെ വിശ്വാസ്യത തെളിയിക്കുന്നതാണ് ഈ പ്രതികരണം.

മേയ് അഞ്ചിന് കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ആറ് മുതല്‍ എട്ടു വരെയാണ് കെടിഎം നടക്കുന്നത്.

രാജ്യത്തിനു പുറത്തേക്കും അകത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ എല്ലാം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ശ്രീ ബേബി മാത്യൂ പറഞ്ഞു. കൊവിഡ് കാലത്തിന് മുമ്പുള്ള പ്രതികരണത്തേക്കാള്‍ മികച്ച അന്വേഷണങ്ങളാണ് വിദേശ വിപണിയില്‍ നിന്നും കെടിഎമ്മിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ടൂറിസം രംഗത്തിന്റെ വിപണനത്തിന് രാജ്യവ്യാപകമായി സംസ്ഥാന ടൂറിസം വകുപ്പ് സ്വീകരിച്ച ചടുല നീക്കങ്ങള്‍ കെടിഎമ്മിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ബയര്‍മാരെയാണ് ഇക്കുറി കെടിഎം ലക്ഷ്യമിട്ടതെങ്കിലും വിദേശത്തു നിന്നുള്ള ബയര്‍മാരുടെ വലിയ തോതിലുള്ള രജിസ്‌ട്രേഷനും അന്വേഷണങ്ങളും ഏറെ പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മുന്‍കരുതല്‍ പാലിക്കുന്നതിനോടൊപ്പം ബയര്‍മാര്‍ക്കും സെല്ലര്‍മാര്‍ക്കും സുഗമമായ രീതിയില്‍ ആശയവിനിമയം നടത്താനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്നും ശ്രീ ബേബി മാത്യു പറഞ്ഞു.

വിദേശ ബയര്‍മാരെ കൂടാതെ 76 വിദേശ മാധ്യമങ്ങളും കെടിഎമ്മിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ നിന്ന 65 മാധ്യമങ്ങളും കെടിഎമ്മിനായി എത്തും. രജിസ്റ്റര്‍ ചെയ്ത വ്‌ളോഗര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കായി കെടിഎമ്മിനു മുന്നോടിയായി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള സന്ദര്‍ശനം ഏര്‍പ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുത്ത ബയേഴ്‌സിനായി കെടിഎമ്മിനു ശേഷം കേരള സഞ്ചാര പരിപാടി ഉണ്ടാകും.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വേദിയാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. പൂര്‍ണമായും കടലാസ് രഹിത- ഹരിത മാര്‍ട്ടായിരിക്കും ഇത്തവണത്തേത്. കാരവാന്‍ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് പ്രത്യേക പ്രദര്‍ശനമുണ്ടാകും.

രണ്ട് പതിറ്റാണ്ടിനു ശേഷം കേരളം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സുപ്രധാന ടൂറിസം ഉത്പന്നമായ കാരവാന്‍ ടൂറിസവും സാഹസിക ടൂറിസവുമാകും ഇക്കുറി കേരള ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയം. ഇതോടൊപ്പം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഉത്തരാവദിത്ത ടൂറിസം ഇത്തവണയും പ്രധാന വിഷയമാണ്.

കേരളത്തിന് ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിത്തന്ന പുരവഞ്ചി ടൂറിസത്തിനു ശേഷം അവതരിപ്പിക്കുന്ന കാരവാന്‍ ടൂറിസത്തെ ഈ വ്യവസായം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ട് കാരവാന്‍ ടൂറിസത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്ന സര്‍ക്കാര്‍ നടപടി വ്യവസായത്തിന് ഊര്‍ജ്ജം പകരും. കൂടാതെ മലബാര്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം മേഖലയുടെ പ്രചാരണവും ഇക്കുറി കെടിഎമ്മിന്റെ പ്രധാന ഇനമാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ 2021 മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടത്തിയിരുന്നു. കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും സംസ്ഥാനത്തിന്റെ സല്‍പേര് വര്‍ധിപ്പിക്കാനും ടൂറിസം വ്യവസായത്തിന് നേതൃത്വപരമായ പങ്ക് വഹിക്കാനാകുമെന്ന് കെടിഎം ഈ വെര്‍ച്വല്‍ മീറ്റിലൂടെ തെളിയിച്ചു.