കേരളത്തിലെ ടൂറിസം മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍ : മന്ത്രി മുഹമ്മദ് റിയാസ്

Posted on: February 10, 2022

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തുടങ്ങുന്ന കേരള ടൂറിസം ആകര്‍ഷകമായ വിനോദസഞ്ചാര പദ്ധതികളും നിരവധി നിക്ഷേപ സാധ്യതകളുമായി സജ്ജമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളുടെ വളര്‍ച്ചയ്ക്കായി യുഎഇയിലെ പ്രവാസി മലയാളി നിക്ഷേപകരുമായുള്ള പങ്കാളിത്തത്തിന് സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെന്നും ദുബായിലെ ‘എക്‌സ്‌പോ 2020’ യിലെ കേരള വീക്കിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

പുത്തന്‍ അനുഭവം പ്രദാനം ചെയ്യുന്ന കാരവന്‍ ടൂറിസം, അറിയപ്പെടാത്തതും എന്നാല്‍ ആകര്‍ഷണീയമായതുമായ പ്രദേശങ്ങളെ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടുവരല്‍, മലബാര്‍ പ്രദേശത്തെ ടൂറിസം സാധ്യതകളുടെ പര്യവേഷണം, സുരക്ഷിതമായ സാഹസിക ടൂറിസം, അനുഭവവേദ്യ ടൂറിസം തുടങ്ങിയവയാണ് ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രധാന മേഖലകള്‍.

കേരളത്തിലെ മികച്ച വിനോദാനുഭവങ്ങളില്‍ ഒന്നായ കായല്‍ ടൂറിസത്തിനു പുറമേ മൈസ് ടൂറിസം സൗകര്യങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, കാരവന്‍ പാര്‍ക്കുകള്‍, ഫാംസ്റ്റേകള്‍, സാഹസിക ടൂറിസം, ടൂര്‍ ഓപ്പറേഷന്‍ എന്നിവയില്‍ വലിയ നിക്ഷേപ സാധ്യതകളാണ് തുറന്നിടുന്നതെന്ന് ദുബായ് എക്‌സ്‌പോയിലെ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി പറഞ്ഞു. ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു വി, ടൂറിസം ഡയറക്ടര്‍ വി.ആര്‍.കൃഷ്ണതേജ എന്നിവര്‍ സംഘത്തിലുണ്ട്.

നിക്ഷേപത്തിനായി മുന്നോട്ടുവരുന്നവര്‍ക്ക് കാലതാമസം കൂടാതെ തന്നെ ആവശ്യമായ അനുമതി നല്‍കുന്നതിനുള്ള നിക്ഷേപസൗഹൃദ സംവിധാനം കേരളത്തിലുണ്ട്. നിക്ഷേപത്തിനായുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമേ, ആഗോളതലത്തിലെ മികച്ച വിപണനക്കാരെന്ന നിലയിലും സ്വകാര്യ സംരംഭകരുടെ പ്രോത്സാഹകര്‍ എന്ന നിലയിലും കേരള ടൂറിസത്തിനുള്ള മുന്‍തൂക്കവും നിക്ഷേപകര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. നിലവില്‍ കാരവന്‍ കേരള പദ്ധതിലേക്ക് സബ്‌സിഡിയോടെയുള്ള കാരവനുകള്‍ ഓപ്പറേറ്റുചെയ്യുന്നതിന് 297 നിക്ഷേപകരും കാരവന്‍ പാര്‍ക്കുകള്‍ സജ്ജമാക്കുന്നതിന് 78 നിക്ഷേപകരും മുന്നോട്ടുവന്നിട്ടുണ്ട്.

കോവിഡിനു ശേഷമുള്ള ആരോഗ്യ പരിരക്ഷണം ഏറെ പ്രധാനമാണ്. ഇതിനായി കേരളത്തിലെ ആരോഗ്യ, ആയുര്‍വേദ ചികിത്സാരംഗത്തെ മെച്ചപ്പെട്ട സൗകര്യങ്ങളും വിദഗ്ധ സേവനവും യു.എ.ഇ ഉള്‍പ്പെടെയുള്ള മദ്ധ്യ പൂര്‍വ്വ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും.

പശ്ചിമഘട്ടത്തിലെ പര്‍വ്വതപ്രദേശങ്ങളിലും വനങ്ങളിലും പ്രകൃതിയോടിണങ്ങും വിധം സജ്ജമാക്കിയിട്ടുള്ള ട്രെക്കിംഗ് ഉള്‍പ്പെടെയുള്ളവ യുവ സഞ്ചാരികളെ ആകര്‍ഷിക്കും. കേരളത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 30% വനങ്ങളാണ്. 15 വന്യജീവി സങ്കേതങ്ങള്‍, 2 കടുവ സംരക്ഷണ കേന്ദ്രങ്ങള്‍, 5 ദേശീയ ഉദ്യാനങ്ങള്‍, 60-ലധികം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയടങ്ങിയ വനമേഖല പ്രകൃതി, വന്യജീവി പ്രേമികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട പ്രദേശമാണ്. വൈവിധ്യമാര്‍ന്ന അനുഭവങ്ങളോടുകൂടിയ വ്യത്യസ്തമായ ഒരു ലോകമാണ് സഞ്ചാരികള്‍ക്ക് കേരളം വാഗ്ദാനം ചെയ്യുന്നത്.

കേരളത്തിന്റെ ടൂറിസം വികസനം സാമൂഹിക പങ്കാളിത്തത്തോടെയുള്ള ‘ഉത്തരവാദിത്ത ടൂറിസം’ എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ളതാണ്. സുസ്ഥിര വളര്‍ച്ചയാണ് വികസനത്തിനുള്ള ശരിയായ സമീപനം എന്നത് കേരളത്തിന്റെ പ്രഖ്യാപിത നയമാണ്.

ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം കേരള മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ സ്വീകരണം ഇരു സര്‍ക്കാരുകളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ സഹായിക്കും.

2018ലും 2019ലും വിനാശകരമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും നേരിട്ടപ്പോള്‍ ദുരിതാശ്വാസ, പുനരധിവാസ, പുനരുജ്ജീവന നടപടികളില്‍ കേരളത്തെ സഹായിക്കാനായി മുന്നോട്ടുവന്ന യുഎഇ ഭരണാധികാരിയെയും നിരവധി പ്രവാസി സുഹൃത്തുക്കളെയും നന്ദിയോടെ സ്മരിക്കുന്നു. മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ പ്രളയവും കോവിഡ് മഹാമാരിയുമടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ കേരളത്തിനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി. വിവിധ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി യുഎഇ യിലെ മലയാളികള്‍ മാറണമെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി ആഹ്വാനം ചെയ്തു.

ലോകോത്തര സേവനങ്ങളാണ് ടൂറിസം മേഖലയില്‍ സംസ്ഥാനം ലഭ്യമാക്കുന്നതെന്ന് ഡോ.വേണു ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സുപ്രധാന വിപണിയാണ് യുഎഇ. ഇവിടെ നിന്നുള്ള ടൂറിസം ഇടപെടലുകളിലൂടെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് മികച്ച വളര്‍ച്ച നേടാനാകും. കോവിഡിനു മുന്‍പ് പന്ത്രണ്ടോളം വിമാന സര്‍വ്വീസുകള്‍ യുഎഇയില്‍ നിന്നും സംസ്ഥാനത്തേക്കുണ്ടായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളവും സന്ദര്‍ശകരെ സ്വീകരിക്കാന്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന്റെ മികച്ച നേതൃത്വത്തിന് കഴിഞ്ഞുവെന്ന് കൃഷ്ണതേജ പറഞ്ഞു. പ്രാരംഭത്തില്‍ തന്നെ ടൂറിസം കേന്ദ്രങ്ങളിലെ സേവനദാതാക്കളെ സമ്പൂര്‍ണമായി വാക്‌സിനേഷന്‍ എടുപ്പിച്ച് വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായത് സര്‍ക്കാരിന്റെ പ്രധാന ഇടപെടലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം ആകര്‍ഷണങ്ങളെക്കുറിച്ചുള്ള അവതരണം നടന്നു.

TAGS: Kerala Tourism |