തുടര്‍ വര്‍ഷങ്ങളിലും വെര്‍ച്വല്‍ ഓണാഘോഷ പരിപാടി സംഘടിപ്പിക്കും : മന്ത്രി മുഹമ്മദ് റിയാസ്

Posted on: November 17, 2021

തിരുവനന്തപുരം : ലോകത്തെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നരീതിയില്‍ ഇനിയുള്ള വര്‍ഷങ്ങളിലും ഓണ്‍ലൈനായി വെര്‍ച്വല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ഓണാഘോഷങ്ങള്‍ക്ക് പുറമേയാണിത്. ഈ വര്‍ഷത്തെ അത്തപ്പൂക്കള മത്സരത്തിലൂടെ ഓരോ രാജ്യത്തേയും ഓരോ മലയാളിയും കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറിയതായും ഇനിയും അങ്ങനെ തുടരാനുള്ള ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണപ്പൂക്കള മത്സരത്തിലെ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
അത്തപ്പൂക്കള മത്സരത്തിലൂടെ ഓരോ മലയാളിയും ഒരുമയുടെ വലിയ സന്ദേശമാണ് ലോകത്തോട് പങ്കുവച്ചത്. 1331 എന്‍ട്രികള്‍ ലഭിച്ച മത്സരത്തെ ധാരാളം കുടുംബങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തു. കാല്‍ലക്ഷത്തിലേറെ ആളുകളാണ് ഓണ്‍ലൈനില്‍ അണിനിരന്നത്. ഇതിന് സഹകരിച്ച ലോകകേരള സഭയ്ക്കും പ്രവാസീ സംഘടനകള്‍ക്കും നോര്‍ക്കയ്ക്കും മന്ത്രി നന്ദി അറിയിച്ചു.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള യാത്രികരുടെ സുരക്ഷക്ക് എല്ലാവകുപ്പുകളേയും സംയോജിപ്പിച്ച് കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കും. റസ്റ്റ്ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് നടപ്പാക്കിയ സംവിധാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ടൂറിസത്തില്‍ അനന്തസാധ്യതകളുള്ള സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ കാരവന്‍ ടൂറിസം, സിനിമ ടൂറിസം, വെല്‍നെസ് ടൂറിസം, ഫുഡീ വീല്‍സ് തുടങ്ങിയ നൂതന പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനത്തെത്തുന്നതിനുള്ള എല്ലാ വിഭവങ്ങളും കേരളത്തിലുണ്ടെന്ന് മുഖ്യാതിഥി ആയിരുന്ന പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍ പറഞ്ഞു. അതിന് ടൂറിസം സാധ്യതകളെയെല്ലാം സജീവമാക്കിയെടുത്താല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം നിരവധി ഗാനങ്ങളും ആലപിച്ചു.

പങ്കാളിത്തത്തിലൂടെ അത്തപ്പൂക്കള മത്സരത്തെ വന്‍വിജയമാക്കിയവര്‍ക്ക് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ നന്ദി അര്‍പ്പിച്ചു.

കൊവിഡ് മഹാമാരി മൂലം ഓണാഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കേണ്ടിവന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരം ആഗോളശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍/കൂട്ടായ്മകള്‍ക്കുമായി നാലു വിഭാഗത്തിലാണ് മത്സരം സംഘടിപ്പിച്ചത്. എല്ലാ വിഭാഗങ്ങളിലെ ജേതാക്കള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 10 സമാശ്വാസ സമ്മാനങ്ങളും വിതരണം ചെയ്തു.

കേരളത്തിലുള്ളവര്‍ക്ക് നടത്തിയ വ്യക്തിഗത മത്സരത്തില്‍ പ്രദീപ് കുമാര്‍ എം (കോഴിക്കോട്), മനോജ് മുണ്ടപ്പാട്ട് (തൃശൂര്‍), റെസ്‌ന കെ. (കണ്ണൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേരളത്തിലെ സ്ഥാപനങ്ങള്‍/ കൂട്ടായ്മകള്‍ക്കുള്ള മത്സരത്തില്‍ ഭാരത് കാറ്ററിംഗ് കോളേജ് (കോഴിക്കോട്), കണ്ണൂര്‍ കളക്ടറേറ്റ്, ആര്‍ക്കൈവ് വകുപ്പ് (റെജികുമാര്‍ ജെ, തിരുവനന്തപുരം) എന്നിവയ്ക്കാണ് യഥാക്രമം ആദ്യ സ്ഥാനങ്ങള്‍.

കേരളത്തിനു പുറത്തുനിന്നുള്ള വ്യക്തിഗത മത്സരവിഭാഗത്തില്‍ മാര്‍ട്ടിന്‍ ജോസ് (ഡല്‍ഹി), ബിജു ടികെ (കര്‍ണാടക), രമ്യ പ്രബിഷ് (കര്‍ണാടക) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങള്‍/ കൂട്ടായ്മകള്‍ക്കുള്ള മത്സരത്തില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ (യുഎഇ), മാസ് ഷാര്‍ജ (യുഎഇ), ദ്രമാനന്ദം പ്രവാസി അസോസിയേഷന്‍ (സബിത ലികോ അലക്‌സ്, മസ്‌കറ്റ്) എന്നിവയ്ക്കാണ് യഥാക്രമം ആദ്യ സ്ഥാനങ്ങള്‍.

കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്താന്‍ പറ്റാത്ത പ്രവാസിമലയാളികള്‍ക്കും സാമൂഹ്യമായ ഒത്തുചേരല്‍ നഷ്ടമായ നാട്ടിലുള്ളവര്‍ക്കും ഓണ്‍ലൈനിലൂടെ ഒരുമിച്ച് പങ്കെടുക്കാനുള്ള പൊതു വേദിയായിരുന്നു പൂക്കളമത്സരം.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു ബിഎസ്, നോര്‍ക്ക മുന്‍ വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, ടൂറിസം വകുപ്പ് മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ് ജിഎല്‍ എന്നിവരും സന്നിഹിതരായിരുന്നു.

 

TAGS: Kerala Tourism |