കെടിഎം പ്രീ രജിസ്‌ട്രേഷന്‍ തുടങ്ങി: ആദ്യ 20 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ആയിരത്തിലേയ്ക്ക്

Posted on: February 17, 2020

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം വാണിജ്യമേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പ്രീ രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ജനുവരി 20 ന് ആരംഭിച്ച പ്രീ രജിസ്‌ട്രേഷന്‍ 20 ദിനം പിന്നിട്ടപ്പോള്‍ എണ്ണം 1000-ലേക്ക് കടക്കുകയാണെന്ന് സംഘാടകരായ കെടിഎം സൊസൈറ്റി അറിയിച്ചു. സെപ്റ്റംബര്‍ 24ന ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ കെടിഎമ്മിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. 25 മുതല്‍ 27 വരെ കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ സാഗര, സമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കെടിഎം-ല്‍ മൂന്ന് ദിവസമാണ് പ്രദര്‍ശനവും കൂടിക്കാഴ്ചകളും ഒരുക്കിയിട്ടുള്ളത്.

ആഭ്യന്തര വിപണിയില്‍ നിന്നു 548 അപേക്ഷകളാണ് പ്രീ രജിസ്‌ട്രേഷന് ലഭിച്ചത്. വിദേശത്തു നിന്ന് 165 അപേക്ഷകള്‍ ലഭിച്ചു. ഇക്കുറി 47 അന്താരാഷ്ട്ര മാധ്യമങ്ങളും 21 ആഭ്യന്തരമാധ്യമങ്ങളും കെടിഎമ്മില്‍ പ്രീ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂലായ് 31 വരെ പ്രീ രജിസ്‌ട്രേഷന്‍ നടത്താം. പ്രീ രജിസ്‌ട്രേഷനില്‍ ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ പങ്കെടുക്കാനുള്ള അനുമതി നല്‍കുകയുള്ളൂ. ആഗോളതലത്തില്‍ മികച്ച ബയേഴ്‌സിനെ കണ്ടെത്തുന്നതിനാണ് കെടിഎം പതിനൊന്നാം ലക്കം പ്രാമുഖ്യം നല്‍കുന്നത്.

രാജ്യത്തെ ഏറ്റവും വിശ്വാസ്യതയേറിയ ടൂറിസം വാണിജ്യമേളയാണ് കെടിഎമ്മെന്ന് തെളിയിക്കുന്നതാണ് പ്രീ രജിസ്‌ട്രേഷനിലെ ആവേശകരമായ പ്രതികരണമെന്ന് കെടിഎം പ്രസിഡന്റ് ശ്രീ ബേബി മാത്യൂ സോമതീരം പറഞ്ഞു. വിദേശ പ്രതിനിധികള്‍, മാധ്യമങ്ങള്‍ എന്നിവര്‍ പ്രീ രജിസ്‌ട്രേഷനില്‍ കാണിക്കുന്ന താത്പര്യം ആഗോളതലത്തില്‍ കേരളത്തിലെ ടൂറിസം രംഗത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018-ലെ പ്രളയത്തിനുശേഷം നടത്തിയ കെടിഎം ടൂറിസം വ്യവസായത്തിന് പുതിയ ഉത്തേജനമാണ് നല്‍കിയത്. ഇതിന്റെ ചുവടു പിടിച്ച് അന്താരാഷ്ട്ര- ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ കെടിഎമ്മില്‍ അവതരിപ്പിക്കും.

സംസ്ഥാനത്തെ ടൂറിസം ഉത്പന്നങ്ങളില്‍ കാതലായ മുതല്‍ക്കൂട്ടാകാന്‍ പോകുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ്, അഡ്വഞ്ചര്‍ ടൂറിസം, ട്രക്കിംഗ്, പര്‍വതാരോഹണം, റിവര്‍ റാഫ്റ്റിങ്, പാരാ ഗ്ലൈഡിംഗ്, ഓഫ് റോഡിംഗ് തുടങ്ങി ഒരു പിടി പുത്തന്‍ ഉത്പന്നങ്ങളാണ് സംസ്ഥാനത്ത് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കെടിഎമ്മിന്റെ പിന്തുണയോടെ അന്താരാഷ്ട്ര രംഗത്ത് ഇവയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കും. ഇതു കൂടാതെ എംഐസിഇ (മീറ്റിംഗ്‌സ്, ഇന്‍സെന്റിവ്‌സ്, കണ്‍വെന്‍ഷന്‍സ് ആന്‍ഡ് എക്‌സിബിഷന്‍സ്) മേഖലയ്ക്ക് പ്രത്യേക പ്രാധാന്യവും നല്‍കും.

പൊതു-സ്വകാര്യ പങ്കാളിത്തമാണ് കെടിഎമ്മിന്റെ മുഖമുദ്ര. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം, മലബാര്‍ ടൂറിസം എന്നിവയാണ് കഴിഞ്ഞ കെടിഎമ്മിന്റെ പ്രമേയങ്ങളായി അവതരിപ്പിച്ചത്. കെടിഎം 2018 ന് എത്തിയ 1305 ബയര്‍മാരില്‍ 442 പേര്‍ 58 രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശ പ്രതിനിധികളായിരുന്നു. 863 ആഭ്യന്തര ബയര്‍മാരും 313 സെല്ലര്‍മാരുമാണ് കെടിഎമ്മിന്റെ പത്താം ലക്കത്തിലുണ്ടായിരുന്നത്. മഴവെള്ള സംഭരണം, ഹരിതമേഖലകള്‍ വര്‍ധിപ്പിക്കല്‍, പ്ലാസ്റ്റിക്കിന്റെ പരിമിത ഉപയോഗം തുടങ്ങി ഒന്‍പതിന നിര്‍ദ്ദേശങ്ങള്‍ കെടിഎം നടപ്പാക്കി വരുന്നു.