ദേശീയ പൊതുപണിമുടക്കില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കാനുള്ള തീരുമാനം മാതൃകാപരം- കേരള ട്രാവല്‍ മാര്‍ട്ട്

Posted on: January 7, 2020


കൊച്ചി: ദേശീയ പൊതുപണിമുടക്കില്‍ നിന്ന് കേരളത്തിലെ ടൂറിസം മേഖലയെ ഒഴിവാക്കാനുള്ള തൊഴിലാളി-രാഷ്ട്രീയ സംഘടനകളുടെ തീരുമാനം മാതൃകാപരമാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി(കെടിഎം) അഭിപ്രായപ്പെട്ടു. നാടിന്റെ വികസനത്തിനും സല്‍പ്പേരിനും ടൂറിസം വ്യവസായം നല്‍കുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരവും മാധ്യമ വിഭാഗം കണ്‍വീനറും മുന്‍ പ്രസിഡന്റുമായ എബ്രഹാം ജോര്‍ജ്ജും പറഞ്ഞു.

ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം 2016 ലെ കെടിഎം ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു വച്ചിരുന്നു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇപ്പോള്‍ ഏറെ പുരോഗമനപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിനോട് തൊഴിലാളി സംഘടനകളോടും രാഷ്ട്രീയ കക്ഷികളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും ഇരുവരും പറഞ്ഞു.