നവീന ആശയങ്ങളും ബ്രാൻഡിംഗും ടൂറിസം മേഖലയ്ക്ക് നിർണായകം-ഐസിടിടി സമ്മേളനം

Posted on: October 1, 2019

കൊച്ചി : നവീന ആശയങ്ങളും ബ്രാൻഡിംഗുമാണ് ടൂറിസം മേഖലയുടെ വളർച്ചയിലെ നിർണായക ഘടകമെന്ന് കൊച്ചിയിൽ നടന്ന ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്‌നോളജി സമ്മേളനം അഭിപ്രായപ്പെട്ടു.

ജിഡിപിയിൽ ടൂറിസം മേഖലയുടെ പങ്ക് വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് ഹൗ ഇനോവെഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം ഈസ് ഡ്രൈവിംഗ് ഇക്‌ണോമിക് ആൻഡ് ജോബ്‌സ് ഗ്രോത്ത് എന്ന വിഷയത്തിൽ സംസാരിച്ച ജേർണി പാർട്‌ണേഴ്‌സിൻറെ മാനേജിംഗ് പാർട്ണർ ബ്രയാൻ മാരിനൻ ചൂണ്ടിക്കാട്ടി.

വാണിജ്യപരമായ സാധ്യതകൾ കാണാതെ നൂതന ആശയങ്ങൾ കൊണ്ട് പ്രയോജനമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ജിഡിപിയുടെ 10 ശതമാനം ടൂറിസത്തിൽ നിന്നായിട്ടും നവീന ആശയങ്ങൾ ഈ മേഖലയിലേക്ക് കടന്നു വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം എന്നത് ആഗോള പ്രതിഭാസമാണ്. അതിനാൽ തന്നെ ചില്ലറ വ്യത്യാസങ്ങൾ ഒഴിച്ചു നിറുത്തിയാൽ ഈ രംഗത്തെ ആവശ്യങ്ങളും ഒന്നു തന്നെയാണെന്നു അദ്ദേഹം പറഞ്ഞു.

ടൂറിസം രംഗത്തെ പ്രാദേശികമായ ആവശ്യങ്ങൾ നിവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിലും വലിയ സാധ്യതയാണുള്ളത്. ടൂറിസം ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ കൂടുതൽ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം ബ്രാൻഡിനെക്കുറിച്ച് എങ്ങിനെ നല്ല കഥ പറയാം എന്നതായിരുന്നു ലോക പ്രശസ്ത സഞ്ചാര ലേഖിക ഇവാന പെർക്കോവിച്ച് അവതരിപ്പിച്ച വിഷയം. സാധാരണമെന്ന് തോന്നിക്കുന്ന സ്വന്തം നാടിനെയോ, സ്ഥാപനത്തെയോ അതിൻറെ കൗതുകകരമായ വസ്തുതകൾ കണ്ടെത്തി അവതരിപ്പിക്കുമ്പോൾ വലിയ സ്വീകാര്യത ലഭിക്കുന്നുവെന്ന് അവർ പറഞ്ഞു. ഒരു വരിയിലോ നിരവധി പേജുകളിലോ ഈ കഥ പറയാവുന്നതാണെന്നും അവർ പറഞ്ഞു.

സാധാരണമെന്നു തോന്നിച്ച പല ബ്രാൻഡുകളും ഇന്ന് ലോകപ്രശസ്തമായതിനു പിന്നിൽ ഇത്തരം വ്യത്യസ്തമായ കഥകളാണെന്നും നിരവധി ഉദാഹരണങ്ങൾ നിരത്തി അവർ പറഞ്ഞു. ബ്രാൻഡ് ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താവിനെ മുൻനിറുത്തി വേണം ഉള്ളടക്കം തയ്യാറാക്കേണ്ടത്. വെബ്‌സൈറ്റ്, യൂട്യൂബ്, മറ്റ് സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിലൂടെയെല്ലാം ഇത് ജനങ്ങളിലേക്കെത്തിക്കാമെന്നും അവർ പറഞ്ഞു.

പരിചയ സമ്പന്നത, മേൽക്കോയ്മ, വിശ്വാസം എന്നിവ ഇൻറർനെറ്റിലൂടെ എങ്ങിനെ നേടിയെടുക്കാമെന്നതായിരുന്നു ഫിലിപ്പൈൻസിൽ നിന്നുമെത്തിയ എസ്ഇഒ ഹാക്കറിൻറെ സ്ഥാപകനായ ഷോൺ പാട്രിക് സി അവതരിപ്പിച്ച വിഷയം. ആകർഷകമായ ഉള്ളടക്കം എങ്ങിനെ നിർമ്മിക്കാമെന്ന് വിഷയത്തിൽ സമൂഹമാധ്യമ വിദഗ്ധയായ ഹീതർ ഹ്യൂമാൻ സംസാരിച്ചു.

ടൂറിസം കേന്ദ്രങ്ങളെ എങ്ങിനെ യൂട്യൂബിലൂടെ മുന്നോട്ടു കൊണ്ടുവരാമെന്ന വിഷയമാണ് ലവ് ആൻഡ് ലണ്ടൻ യൂട്യൂബ് ചാനലിൻറെ സ്ഥാപക ജസ്സീക്ക ഡാൻറെ അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ ടൂറിസം മേഖലയെ വളർത്തുന്നതിൻറെ സാധ്യതകൾ ഹോളണ്ടിൽ നിന്നുള്ള ഇസബെൽ മോസ്‌ക് സദസ്സിനു മുന്നിൽ വച്ചു.

രണ്ടു ദിവസമായി നടന്ന ഐസിടിടി സമ്മേളനത്തിൽ വിവിധ സാങ്കേതിക മേഖലകളിലെ 11 വിദഗ്ധരാണ് അവതരണങ്ങൾ നടത്തിയത്. ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ, റിസോർട്ട്, ഹോംസ്റ്റേ ഉടമകൾ, സെർച്ച് എൻജിൻ ഓപ്പറേറ്റർമാർ, സമൂഹ മാധ്യമ പ്രതിനിധികൾ, ബ്ലോഗർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.