കേരള ടൂറിസം വെബ്‌സൈറ്റില്‍ ഒരു കോടിയിലേറെ സന്ദര്‍ശനങ്ങള്‍

Posted on: May 27, 2019

 

തിരുവനന്തപുരം: നീലക്കുറിഞ്ഞി വിരിയുന്നതിന്റെ വിസ്മയവും ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരവുമുള്‍പ്പെടെ മൂന്നു പ്രചാരണ പരിപാടികളിലൂടെ 2018-19 ല്‍ കേരള ടൂറിസം വെബ്‌സൈറ്റായ www.keralatourism.org ല്‍ അഭൂതപൂര്‍വമായ സന്ദര്‍ശക തിരക്ക്.

ഈ കാലയളവില്‍ വെബ്‌സൈറ്റിലെത്തിയത് 71,32,491 സന്ദര്‍ശകരും 10,252,887 സന്ദര്‍ശനങ്ങളുമായിരുന്നു. ലോകത്തിലെ 19,140 നഗരങ്ങളില്‍നിന്നുള്ള സന്ദര്‍ശനങ്ങളാണ് സൈറ്റിലെത്തിയത്. 2017-18 ല്‍ 14,219 നഗരങ്ങളില്‍ നിന്ന് 31,61,986 പേര്‍ 41,02,061 പ്രാവശ്യം വെബ്‌സൈറ്റ് സന്ദര്‍ശിച്ചിരുന്നു.

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയ്ക്കും ക്ലിന്റ് രാജ്യാന്തര ചിത്രരചനാ മത്സരത്തിനും പുറമെ 20 ഇന്ത്യന്‍ നഗരങ്ങളിലും 20 വിദേശ നഗരങ്ങളിലുമായി നടത്തിയ നൂതനമായ പ്രളയാനന്തര പ്രചാരണവും വെബ്‌സൈറ്റിന്റെ ജനപ്രീതി ഉയര്‍ത്തി. വെബ്‌സൈറ്റ് സന്ദര്‍ശകരുടെ എണ്ണം പരിഗണിച്ചാണ് പ്രചാരണത്തിനുള്ള നഗരങ്ങളെ തെരഞ്ഞെടുത്തത്. പ്രചാരണത്തിനാവശ്യമായ വിവരങ്ങള്‍ ഇന്ത്യയിലെയും വിദേശത്തെയും 23 ഭാഷകളില്‍ ചിട്ടപ്പെടുത്തിയിരുന്നു.

മൂന്നൂ പ്രചാരണങ്ങളില്‍ ഏറ്റവും മികച്ചത് ക്ലിന്റിന്റെ സ്മരണാര്‍ത്ഥമുള്ള രാജ്യാന്തര ചിത്രരചനാമത്സരമായിരുന്നു. കേരളമെന്ന വാക്ക് ലോകത്തെമ്പാടുമുള്ള 50 ലക്ഷം ഭവനങ്ങളിലെ കുട്ടികളില്‍ എത്തിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ഈ പ്രചാരണത്തിലൂടെ 134 രാജ്യങ്ങളില്‍ നിന്നായി 48,390 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 97 രാജ്യങ്ങളില്‍ നിന്നായി 38,000 എന്‍ട്രികള്‍ ലഭിക്കുകയും ചെയ്തു. വെബ്‌സൈറ്റിലെ ക്ലിന്റിന്റെ പേജാണ് ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ചത്. നീലക്കുറിഞ്ഞിയുടേയും ആയൂര്‍വേദത്തിന്റേയും വെബ്‌പേജുകളാണ് യഥാക്രമം രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍.

കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു പ്രവണത സന്ദര്‍ശകരില്‍ 80 ശതമാനം പേരും വെബ്‌സൈറ്റില്‍ പ്രവേശിച്ചത് മൊബൈല്‍ ഫോണുകളിലൂടെ ആയിരുന്നു എന്നതാണ്. തലേ വര്‍ഷം ഇത് 60 ശതമാനമായിരുന്നു.

ഒരു കോടിയിലേറെ സന്ദര്‍ശനങ്ങളുമായി കേന്ദ്രസര്‍ക്കാരിന്റേതടക്കം (www.incredibleindia.org) ഇന്ത്യയില്‍ സര്‍ക്കാര്‍ ടൂറിസം വെബ്‌സൈറ്റുകളില്‍ മുന്നിലെത്തിയിരിക്കുകയാണ് കേരളം. ഇതിലുമുയര്‍ന്ന റാങ്കിനുവേണ്ടി ഇനി മത്സരം ഹോങ്കോങ്, ന്യൂസിലാന്‍ഡ്, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ എന്നിവയുമായിട്ടായിരിക്കും. ഏഷ്യ-പസിഫിക് മേഖലയിലെയും മധ്യപൂര്‍വേഷ്യയിലെയും ടൂറിസം വെബ്‌സൈറ്റുകളെടുത്താല്‍ ഏഴാം സ്ഥാനത്താണ് കേരള ടൂറിസം.

2018-19 കാലയളവിലെ മൂന്നൂ മികച്ച പ്രചാരണങ്ങളാണ് കേരള ടൂറിസം വെബ്‌സൈറ്റിന് ഇത്തരത്തിലുള്ള നേട്ടം കൈവരിക്കുന്നതിന് സഹായിച്ചതെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സാങ്കേതികവിദ്യയുമായി ഇഴചേര്‍ന്ന് മുന്നോട്ടു നീങ്ങുന്ന ഈ കാലഘട്ടത്തില്‍ വിനോദസഞ്ചാരികളെ സ്ഥിരമായി വെബ്‌സൈറ്റില്‍ നിലനിര്‍ത്തുന്നതിനുതകുന്ന വിവരങ്ങളാണ് സൈറ്റില്‍ ലഭ്യമാക്കേണ്ടത്. ഇത്തരത്തില്‍ ലോകത്തെമ്പാടുനിന്നും കേരള ടൂറിസം വെബ്‌സൈറ്റിന് ജനപ്രീതി നേടാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.

വെബ്‌സൈറ്റിലെ തിരക്ക് പ്രകടമാക്കുന്നത് കേരള ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍നിന്നു മാത്രമല്ല ലോകമെമ്പാടുനിന്നും അംഗീകാരം ലഭിക്കുന്നു എന്നതാണെന്ന് കേരള ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ കേരളത്തിന്റെ തനത് ടൂറിസം പ്രത്യേകതകള്‍ എത്തിക്കാനായി ക്രമമായിത്തന്നെ പുത്തന്‍ ഉല്പന്നങ്ങളുമായി രംഗത്തെത്തുകയാണ് കേരള ടൂറിസമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വെബ്‌സൈറ്റിലെ സന്ദര്‍ശനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാകുന്നത് അതിലെ മൈക്രോസൈറ്റുകളായ ക്രിസ്തീയത, ഉത്സവങ്ങള്‍, പരിസ്ഥിതി ടൂറിസം, പടയണി തുടങ്ങിയ അനുഷ്ഠാനങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ ജനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു എന്നാണെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍ പറഞ്ഞു.