ക്ലിയർ ട്രിപ്പും വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ധാരണ

Posted on: March 18, 2019

കോഴിക്കോട് : വ്യത്യസ്തമായ യാത്രാനുഭവങ്ങൾ നൽകിവരുന്ന ട്രാവൽ കമ്പനിയായ ക്ലിയർട്രിപ്പ് വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ധാരണാപത്രം ഒപ്പിട്ടു. ധാരണപ്രകാരം വയനാട് ഡിടിപിസിയുടെ കീഴിലുള്ള എല്ലാ പ്രാദേശിക ടൂർ സൗകര്യങ്ങളും ക്ലിയർട്രിപ്പിനു കീഴിൽ ലിസ്റ്റ് ചെയ്യും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുകയും വയനാട് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയുമാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം.

പുതിയകാലത്തെ വിനോദസഞ്ചാരികൾ യാത്രകളിൽ പുതുമ തേടുന്നവരാണെന്നും അതാണ് പ്രാദേശിക ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ക്ലിയർട്രിപ്പ് വൈസ് പ്രസിഡന്റ് അങ്കിത് രസ്‌തോഗി പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായ വിനോദയാത്രാ കേന്ദ്രമായ വയനാട് പ്രകൃതിഭംഗിയിൽ മാത്രമല്ല ചരിത്രത്താലും സംസ്‌ക്കാരത്താലും സമ്പന്നമാണെന്നും ഡിടിപിസിയുമായുള്ള ധാരണയിലൂടെ വിനോദസഞ്ചാരികൾക്ക് വയനാടൻ യാത്രാനുഭവം ഓൺലൈൻ സംവിധാനങ്ങൾ വഴിയും മറ്റും ഇനി എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയുമെന്നും അദേഹം കൂട്ടിച്ചേർത്തു.

വിനോദസഞ്ചാര വകുപ്പിനു കീഴിൽ 1989 ൽ സ്ഥാപിതമായ ഡിടിപിസിയ്ക്കാണ് ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങളുടെ ചുമതല. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പിന്റെയും അറ്റകുറ്റപ്പണിയുടെയും ഉത്തരവാദിത്തവും ഡിടിപിസിയ്ക്കാണ്. അവധി ദിനാഘോഷങ്ങളും യാത്രകളും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഓൺലൈൻ ട്രാവൽ പോർട്ടലായി ക്ലിയർട്രിപ്പ് മാറിക്കഴിഞ്ഞും അതുകൊണ്ടുതന്നെ ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വയനാടിനെ മാറ്റുന്നതിൽ ക്ലിയർട്രിപ്പുമായുള്ള പങ്കാളിത്തം ഡിടിപിസിയെ സഹായിക്കുമെന്നും വയനാട് ഡിടിപിസി സെക്രട്ടറി ആനന്ദ് ബി പറഞ്ഞു.

സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാവുന്ന നിരവധി സൗകര്യങ്ങൾ വയനാടുണ്ട്. സംരക്ഷിത ഡെൽറ്റാ നദിയായ കുറുവാദ്വീപിൽ ബാംബൂ റാഫ്റ്റിങ്, കർലാട് തടാകത്തിൽ ബോംബിങും കയാക്കിങും, പൂക്കോട് തടാകത്തിൽ ബോട്ടിങും സൈക്ലിങും, പ്രിയദർശിനി തേയിലത്തോട്ടത്തിൽ മൗണ്ടൻ ബൈക്ക് റൈഡ് എന്നിവ അവയിൽ ചിലതാണ്. വയനാടിന്റെ ചരിത്രവും സംസ്‌ക്കാരവും തേടിയുള്ള യാത്രകൾ ആഗ്രഹിക്കുന്നവർക്ക് വയനാട് ഹെറിറ്റേജ് മ്യൂസിയം സന്ദർശിക്കാം. നവശിലായുഗം മുതൽ 17 ാം നൂറ്റാണ്ടു വരെയുള്ള കരകൗശല വസ്തുക്കളുടെ ശേഖരം ഈ മ്യൂസിയത്തിലുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കേണ്ടവർക്ക് പഴശ്ശിരാജാ പാർക്കും എടക്കൽ ഗുഹയും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

പ്രിയദർശിനി തേയിലത്തോട്ടത്തിലെ താമസ സൗകര്യമാണ് വയനാട്ടിലെ മറ്റൊരു ആകർഷണം. മാനന്തവാടിയിൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള 350 ഏക്കർ തേയിലത്തോട്ടം പക്ഷി നിരീക്ഷകർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. നിരവധി ദേശാടനപക്ഷികൾ എത്തുന്ന സ്ഥലമാണ് ഇവിടം. മൗണ്ടൻ ബൈക്കിംഗ് ട്രാക്കും, എസ്റ്റേറ്റ് ബംഗ്ലാവും, നിരവധി വില്ലകളും, ഏറുമാടവുമുള്ള ഇവിടം ട്രെക്കിങിനും ക്യാമ്പിങിനും പറ്റിയ സ്ഥലമാണ്. വയനാട്ടിൽ സ്പ്ലാഷ് എന്ന പേരിൽ ഒരു മൺസൂൺ കാർണിവൽ നടത്താനൊരുങ്ങുകയാണ് ഡിടിപിസി.