ഹുറൺ റിപ്പോർട്ടിന്റെ അമരത്തെ മലയാളി

Posted on: June 1, 2018

തിസമ്പന്നരുടെ പട്ടിക തയാറാക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് ഹുറൺ റിപ്പോർട്ട്. ബ്രിട്ടീഷ് ചാർട്ടേഡ് അക്കൗണ്ടന്റായ റൂപർട്ട് ഹൂജ്‌വെർഫ് 1999 ൽ തുടക്കം കുറിച്ച ഹുറൺ റിപ്പോർട്ടിനെ 2012 ൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ഒരു മലയാളിയാണ് – കൊച്ചി സ്വദേശിയായ അനസ് റഹ്മാൻ ജുനൈദ്. മുംബൈയിലും കൊച്ചിയിലും ഓഫീസുകളുള്ള ഹുറൺ റിപ്പോർട്ട് ഇതുവരെ ഇന്ത്യയിൽ ആറ് റിച്ച് ലിസ്റ്റുകൾ പുറത്തിറക്കിക്കഴിഞ്ഞു. ഇന്ന് ഇന്ത്യൻ ബിസിനസ് കമ്യൂണിറ്റിയിൽ ഹുറൺ റിച്ച് ലിസ്റ്റിനും അനസ് റഹ്മാൻ ജുനൈദിനും മുഖവുര വേണ്ട.

ഹുറൺ ഗ്ലോബൽ

ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലുള്ള കൗതുകമാണ് റൂപർട്ട് ഹൂജ്‌വെർഫിനെ റിച്ച് ലിസ്റ്റ് എന്ന ആശയത്തിലേക്ക് നയിച്ചത്. ഹുറൺ റിപ്പോർട്ട് തയാറാക്കിയ ചൈന റിച്ച് ലിസ്റ്റ് ലോക സാമ്പത്തിക ശക്തികളെ അമ്പരപ്പിച്ചു. ഏറ്റവും പുതിയ ഹുറൺ ചൈന റിച്ച് ലിസ്റ്റിൽ 3000 ത്തോളം അതിസമ്പന്നരാണുള്ളത്. ഷാംഗായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹുറൺ റിപ്പോർട്ടിന് മാർക്കറ്റ് റിസേർച്ച്, മീഡിയ, കോൺഫറൻസസ്, ഇൻവെസ്റ്റ്‌മെന്റ് എന്നീ നാല് വിഭാഗങ്ങളുണ്ട്. ഇന്ത്യയിലും ഈ നാല് വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.

ചൈനയിലെ വിജയം ആഗോള അതി സമ്പന്നരുടെ പട്ടിക തയാറാക്കുന്നതിലേക്കും ഹുറണിനെ നയിച്ചു. അതിന്റെ ചുമതലയും അനസ് റഹ്മാൻ ജുനൈദിനാണ്. ഇന്ന് ഹുറൺ റിച്ച് ലിസ്റ്റുകളെ ആഗോള സാമ്പത്തിക സ്ഥാപനങ്ങളും ഗവൺമെന്റുകളും ആധികാരിക രേഖയായി കണക്കാക്കുന്നു. ബ്രിട്ടണിൽ നിന്ന് ചൈനയും യുഎസും ഇന്ത്യയും കടന്ന് പുതിയ രാജ്യങ്ങളിലേക്ക് വളരുന്ന ഹുറൺ സാമ്പത്തിക ഗവേഷണരംഗത്തെ തിളക്കമാർന്ന ബ്രാൻഡുകളിലൊന്നായി മാറി.

ഹുറൺ ഇന്ത്യ റിച്ച് ലിസ്റ്റ്

ആയിരം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള അതിസമ്പന്നരാണ് ഹുറൺ ഇന്ത്യ റിച്ച് ലിസ്റ്റിലുള്ളത്. ഇത്തരത്തിലുള്ള 675 പേർ ഏറ്റവും പുതിയ ഹുറൺ ഇന്ത്യ ലിസ്റ്റിലുണ്ട്. ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണവും സമ്പത്തും ഓരോ വർഷവും വർധിച്ചുവരുന്നതായി അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. മഹരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഡൽഹിയാണ് തൊട്ടുപിന്നിൽ. 25 മലയാളികളെ ഹുറൺ ലിസ്റ്റിലുള്ളു.

എം. എ. യൂസഫലി (28 ാം സ്ഥാനം), സണ്ണി വർക്കി (49 ാം സ്ഥാനം), രവി പിള്ള (61 ാം സ്ഥാനം), ഡോ. ഷംഷീർ വയലിൽ (74 ാം സ്ഥാനം), ജോയ് ആലൂക്കാസ് (101 ാം സ്ഥാനം), ക്രിസ് ഗോപാലകൃഷ്ണൻ (106 ാം സ്ഥാനം), പിഎൻസി മേനോൻ (107 ാം സ്ഥാനം), ഡോ. ആസാദ് മൂപ്പൻ (119 ാം സ്ഥാനം), ടി.എസ്. കല്യാണരാമൻ (164 ാം സ്ഥാനം), എസ്. ഡി. ഷിബുലാൽ (170 ാം സ്ഥാനം), ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് (196 ാം സ്ഥാനം), ജോർജ് ജേക്കബ് (196 ാം സ്ഥാനം), ജോർജ് തോമസ് (196 ാം സ്ഥാനം), എം.ജി. ജോർജ് മുത്തൂറ്റ് (196 ാം സ്ഥാനം), എം.പി. രാമചന്ദ്രൻ (225 ാം സ്ഥാനം), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (266 ാം സ്ഥാനം),

പോൾ ജോൺ (393 ാം സ്ഥാനം), മിഥുൻ കെ. ചിറ്റിലപ്പിള്ളി (413 ാം സ്ഥാനം), രവി പുറവങ്കര (427 ാം സ്ഥാനം), അരുൺ കെ. ചിറ്റിലപ്പിള്ളി (452 ാം സ്ഥാനം), ഷീല കൊച്ചൗസേപ്പ് (510 ാം സ്ഥാനം), സാബു എം. ജേക്കബ് (529 ാം സ്ഥാനം), തോമസ് ജോൺ മുത്തൂറ്റ് (571 ാം സ്ഥാനം), തോമസ് മുത്തൂറ്റ് (571 ാം സ്ഥാനം), തോമസ് ജോർജ് മുത്തൂറ്റ് (571 ാം സ്ഥാനം), എന്നിവരാണ് കഴിഞ്ഞ വർഷത്തെ ഹുറൺ ഇന്ത്യ റിച്ച് ലിസ്റ്റിലെ മലയാളികൾ.

അനസിന് നേട്ടങ്ങളുടെ പട്ടിക

ഇന്ത്യ റിച്ച് ലിസ്റ്റുകൾക്ക് പുറമെ അനസ് റഹ്മാൻ ജുനൈദ് പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ അതിസമ്പന്നരുടെ ലിസ്റ്റും റിയൽ എസ്റ്റേറ്റ് റിച്ച് ലിസ്റ്റും ശ്രദ്ധേയമായി. ഈ വർഷം അതിസമ്പന്നരായ 100 വനിതകളുടെ പട്ടിക തയാറാക്കാനുള്ള തിരക്കിലാണ് അനസ്. ഇതിനു മുന്നോടിയായി ജൂലൈയിൽ മുംബൈയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വനിത സംരംഭകരുടെ ഹുറൺ ഉച്ചകോടിയും സംഘടിപ്പിക്കുന്നുണ്ട്.

ഹുറൺ റിപ്പോർട്ടിന്റെ പ്രവർത്തനങ്ങൾ ജിസിസി രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും അനസ് റഹ്മാൻ ജുനൈദ് ലക്ഷ്യമിടുന്നു. സ്വപ്രയത്‌നത്താൽ സമ്പത്ത് സ്വരൂപിച്ച ധാരളം ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഈ മേഖലയിലുള്ളത് ഹുറൺ റിപ്പോർട്ടിന്റെ സാധ്യത വർധിപ്പിക്കുന്നു. ദുബായ് കേന്ദ്രമാക്കി ഗൾഫിൽ വിജയഗാഥകൾ രചിച്ച അതിസമ്പന്നരുടെ ലിസ്റ്റ് വൈകാതെ പ്രസിദ്ധീകരിക്കും.

ചൈനയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഹുറൺ റിപ്പോർട്ടിനെ ഇന്ത്യയിലേക്ക് കൂട്ടികൊണ്ടുവന്നതാണ് അനസിന്റെ ഏറ്റവും വലിയ നേട്ടം. അനസിന്റെ നേതൃത്വത്തിൽ വിപുലമായ ഗവേഷണങ്ങൾക്കും വിലയിരുത്തലുകൾക്കും ഒടുവിൽ തയാറാക്കുന്ന ഹുറൺ ഇന്ത്യ റിച്ച് ലിസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളിൽ ലോകശ്രദ്ധ നേടി. വൈവിധ്യമാർന്ന റിച്ച് ലിസ്റ്റുകളും സംരംഭക ഉച്ചകോടികളും ഉൾപ്പടെ വലിയ വളർച്ചാ ലക്ഷ്യങ്ങളാണ് ഈ ചെറുപ്പക്കാരന്റെ മനസിലുള്ളത്.

വളർച്ചയുടെ തുടക്കം

കേവലം 34 വയസിനുള്ളിലാണ് അനസ് റഹ്മാൻ ജുനൈദ് ഇത്ര വലിയ നേട്ടങ്ങൾക്കുടമയായത്. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിടെക്കും നേടിയ അനസ് ബംഗലുരുവിൽ ഐടി കമ്പനിയായ അക്‌സഞ്ചറിൽ ജോലിയിൽ പ്രവേശിച്ചു. 2006 ൽ ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ കെപിഎംജി ൽ അനലിസ്റ്റായി ചേർന്നു. കെപിഎംജി ൽ കൺസൾട്ടന്റായിരിക്കെ 2010 ൽ ജോലി രാജിവെച്ച് ബ്രിട്ടണിലെ പ്രശസ്തമായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ എംബിഎ യ്ക്ക് ചേർന്നു.

ഓക്‌സ്‌ഫോർഡിലെ പഠനമാണ് അനസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഹുറൺ റിപ്പോർട്ട് അതിസമ്പന്നരുടെ ആഗോള പട്ടിക തയാറാക്കുന്ന അവസരത്തിൽ അവരുമായി സഹകരിക്കാൻ ഇടയായി. എംബിഎ പൂർത്തിയാക്കിയ അനസ് ലണ്ടനിലെ ഫിനാൻഷ്യൽ സർവീസസ് അഥോറിട്ടിയിൽ ജോലിക്ക് ചേർന്നു. ഇതിനകം അനസിന്റെ കാര്യശേഷിയും പ്രവർത്തനമികവും തിരിച്ചറിഞ്ഞ ഹുറൺ റിപ്പോർട്ടിന്റെ ഗ്ലോബൽ ചെയർമാൻ റൂപർട്ട് ഹൂജ്‌വെർഫ് ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.

നാട്ടിൽ മടങ്ങിയെത്തി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് മോഹം മനസിൽ സൂക്ഷിച്ചിരുന്ന അനസ് അപ്പോൾ തന്നെ ആ ഓഫർ സ്വീകരിച്ചു. ഒപ്പം ഹുറൺ റിപ്പോർട്ട് ഇന്ത്യയിൽ നിർണായക ഓഹരിപങ്കാളിത്തവും അനസ് നേടി. ആദ്യ റിച്ച് ലിസ്റ്റ് തയാറാക്കൽ ഏറെ ശ്രമകരമായിരുന്നു. വിവരശേഖരണവും അവയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കലും ഇക്കാര്യങ്ങൾ അതിസമ്പന്നരെ ബോധ്യപ്പെടുത്തലും എല്ലാം അനസ് റഹ്മാൻ ജുനൈദ് ഭംഗിയായി നിർവഹിച്ചു.

കുടുംബം

കൊച്ചിയിലെ പ്രമുഖ കുടുംബാംഗമാണ് അനസ് റഹ്മാൻ ജുനൈദ്. പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. എം. ഐ. ജുനൈദ് റഹ്മാനും നസീമയുമാണ് മാതാപിതാക്കൾ. ഭാര്യ തൻസീം അബ്ദുൾ റഹീം. മക്കൾ മിഷേൽ, ധൻയാൽ.