എം എ യൂസഫലി റിയൽ എസ്റ്റേറ്റ് രംഗത്തെ അതി സമ്പന്നരുടെ പട്ടികയിൽ

Posted on: October 7, 2017

കൊച്ചി : ചൈനയിലെ ഹറൂൺ റിപ്പോർട്ട് തയാറാക്കിയ റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതിസമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഇടംപിടിച്ചു. യൂസഫലിയുടെ റിയൽ എസ്റ്റേറ്റ് സംരംഭമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടിയുടെ മാത്രം മൂല്യം കണക്കിലെടുത്താണ് അദേഹം ലിസ്റ്റിൽ ഉൾപ്പെട്ടത്. ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ള എം എ യൂസഫലിയുടെ ആസ്തികളുടെ മൂല്യം 12,180 കോടി രൂപയാണ്. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാൾ ഡെവലപ്‌മെന്റ് – മാനേജ്‌മെന്റ് വിഭാഗാണ് ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ്.

ഡിഎൽഎഫ് ഗ്രൂപ്പ് ചെയർമാൻ കെ. പി. സിംഗ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. മൂല്യം 23,460 കോടി രൂപ. ശോഭ ഗ്രൂപ്പ് ചെയർമാൻ പി. എൻ. സി. മേനോൻ, സ്‌കൈലൈൻ ബിൽഡേഴ്‌സ് ഉടമ അബ്ദുൾ അസീസ് (650 കോടി രൂപ), അസറ്റ് ഹോംസ് ഉടമ സുനിൽകുമാർ (380 കോടി രൂപ) എന്നീ മലയാളികളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.