സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ചതെന്ന് ഏഞ്ചല്‍ ബ്രോക്കിംഗ്

Posted on: November 30, 2021

കൊച്ചി : സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് ദീര്‍ഘകാല കാഴ്ചപ്പാടില്‍ മികച്ചതായിരിക്കുമെന്ന ഏഞ്ചല്‍ ബ്രോക്കിംഗ് ശുപാര്‍ശ ചെയ്തു. രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള സ്റ്റാര്‍ ഹെല്‍ത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന മറ്റ് കമ്പനികളേക്കാള്‍ ശക്തമായ വളര്‍ച്ചാ നിരക്ക്, മികച്ച പ്രവര്‍ത്തനം, വലുപ്പം തുടങ്ങിയവയാല്‍ ശ്രദ്ധേയമാണ്.

2021 സാമ്പത്തിക വര്‍ഷം 2.05 കോടി പേര്‍ക്കാണ് കമ്പനിയുടെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ പരിരക്ഷ നല്‍കിയതെന്നും, ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായി 2006-ല്‍ സ്ഥാപിച്ച ഈ കമ്പനി വളര്‍ന്നതായും ആക്‌സിസ് ക്യാപിറ്റലിന്റെ ഐപിഒ നോട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ മൊത്തം ആരോഗ്യ ഇന്‍ഷുറന്‍സ് വിപണിയില്‍ 15.8 ശതമാനം വിഹിതവും റീട്ടെയില്‍ ഇന്‍ഷുറന്‍സ് വിപണിയില്‍ 31.3 ശതമാനം വിഹിതവും ഉള്ള സ്റ്റാര്‍ ഹെല്‍ത്ത് ഈ മേഖലയിലെ വളര്‍ച്ചാ പ്രവണതകളുടെ നേട്ടം സ്വന്തമാക്കുമെന്ന് റലിഗര്‍ ബ്രോക്കിംഗിന്റെ ഐപിഒ നോട്ട് ചൂണ്ടിക്കാട്ടുന്നു.

മഹാമാരിക്കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വര്‍ധിച്ചതായി മറ്റൊരു ഗവേഷണ സ്ഥാപനമായ ചോയ്‌സ് സെക്യൂരിറ്റീസിന്റെ ഐപിഒ നോട്ട് ചൂണ്ടിക്കാട്ടുന്നു. സ്റ്റാര്‍ ഹെല്‍ത്തിന് ഇപ്പോഴത്തെ വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ബി ആന്റ് കെ സെക്യൂരിറ്റീസിന്റെ ഫ്‌ളാഷ് നോട്ട് ചൂണ്ടിക്കാട്ടുന്നത്.