വണ്ടർലാ 28.04 കോടി അറ്റാദായം നേടി

Posted on: August 13, 2015

Wonderla-Arun-K-Chittilappi

ബംഗലുരു : വണ്ടർലാ ഹോളിഡേയ്‌സ് നടപ്പു ധനകാര്യ വർഷത്തിന്റെ ഒന്നാം ക്വാർട്ടറിൽ 28.04 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ നേടിയ 24.83 കോടി രൂപയെ അപേക്ഷിച്ച് 12.90 ശതമാനം വളർച്ചയാണ് കൈവരിച്ചത്. കമ്പനിയുടെ മൊത്ത വരുമാനം 66.15 കോടി രൂപയിൽ നിന്നും 12.80 ശതമാനം വർധിച്ച് 74.65 കോടി രൂപയായി. ഇതിൽ ബംഗലുരു, കൊച്ചി അമ്യൂസ്‌മെന്റ് പാർക്കുകളുടെ സംഭാവന 71.47 കോടി രൂപയും റിസോർട്ടിന്റേത് 3.18 കോടി രൂപയുമാണ്. ഈ കാലയളവിൽ 48 ശതമാനം ഓക്യുപെൻസി നേടാൻ കഴിഞ്ഞു.

ഒന്നാം ക്വാർട്ടറിലെ പ്രവർത്തനത്തിൽ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടർലാ ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ജൂൺ ഒന്നു മുതൽ സന്ദർശകരുടെ മേൽ 14 ശതമാനം സേവന നികുതി ചുമത്താൻ നിർബന്ധിതമായതിനാൽ സന്ദർശകരുടെ എണ്ണത്തിൽ നേരിയ കുറവ് സംഭവിച്ചത് വരും മാസങ്ങളിൽ നികത്താനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹൈദരാബാദ് പാർക്കിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നതായും അദ്ദേഹം പറഞ്ഞു.