സിനിമകൾക്ക് പിന്നാലെ ക്യാറ്റ് എന്റർടെയ്ൻമെന്റ്‌

Posted on: April 9, 2015

CAT-Team@Dubai-Big

വാർണർ ബ്രദേഴ്‌സ്, യൂണിവേഴ്‌സൽ സ്റ്റുഡിയോ, 20 ത് സെഞ്ചുറി ഫോക്‌സ് തുടങ്ങിയ ലോകോത്തര സിനിമാ നിർമാണ കമ്പനികൾ പോലെയൊരു സംരംഭം – ഇങ്ങനൊരു ആഗ്രഹം മനസിലില്ലാത്ത സിനിമ നിർമാതാക്കൾ ആരും ഉണ്ടായിരിക്കില്ല. എന്നാൽ ആ ആഗ്രഹത്തെ നെഞ്ചോട് ചേർത്ത് യാഥാർത്ഥ്യമായി മാറ്റിയിരിക്കുകയാണു സ്റ്റാർട്ട് അപ്പ് വില്ലേജിലെ ക്യാറ്റ് എന്റർടെയ്ൻമെന്റ്‌സ്. പഴയമട്ടിലുള്ള സിനിമാ പിടുത്തമല്ല, തികച്ചും കോർപറേറ്റ് ശൈലിയിലുള്ള ഫിലിം മേക്കിംഗ്. പരസ്യ ചിത്രങ്ങളിലൂടെയും കോർപറേറ്റ് വീഡിയോകളിലൂടെയും ആ സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് അവരിപ്പോൾ.

സിനിമയോടുള്ള അഭിനിവേശവും ആവേശവുമാണ് എൻജിനീയറിംഗ് വിദ്യാർഥികളായ രണ്ടു യുവ സംരംഭകരെ മീഡിയ സ്റ്റാർട്ട് അപ്പിലേക്ക് നയിച്ചത്. എല്ലാവരും സിനിമയെ വ്യവസായമാക്കിയപ്പോൾ ഇവർ സിനിമയെ ഒരു സംരംഭമായി കണ്ടു. അതാണ് ക്യാറ്റ് എന്റർടെയ്ൻമെന്റ്‌സ്. ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടും അതുണ്ടാക്കിയ മീഡിയ സംസ്‌കാരവും ക്യാറ്റിനെ ലോകോത്തര മീഡിയ പ്രൊഡക്ഷൻ കമ്പനികളുടെ നിരയിലേക്ക് ഉയർത്തി. ഐബിഎം പോലുള്ള ലോകോത്തര കമ്പനിയുടെ മീഡിയ പാർട്ണർ ആകാൻ കഴിഞ്ഞതും ക്വാളിറ്റിയിലെ വിട്ടുവീഴ്ച്ചയില്ലാത്ത ഈ നിലപാടാണ്.

മധുര സെന്റ് മൈക്കിൾസ് എൻജിനീയറിംഗ് കോളജിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദ വിദ്യാർഥികളായ അമർനാഥ് ശങ്കർ, ചച്ചു ജേക്കബ് എന്നിവർ ചേർന്ന് 2012 ജനുവരിയിലാണു ക്യാറ്റിനു ജന്മം നൽകിയത്. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ടീം സ്പിരിറ്റും മാത്രമായിരുന്നു ഇവരുടെ മൂലധനം. മക്കൾ മികച്ച എൻജിനീയർമാരായി കാണണമെന്ന് ആഗ്രഹിച്ച മാതാപിതാക്കളുടെ ശക്തമായ എതിർപ്പുകളൊന്നും ഇവരെ സ്വപ്‌നങ്ങളിൽ നിന്നും പിൻമാറാൻ പ്രേരിപ്പിച്ചില്ല.

ഒരു രൂപപോലും കൈയ്യിലില്ലാതെ വലിയൊരു കോർപറേറ്റ് സ്ഥാപനം കെട്ടിപ്പെടുക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു ഇവർ. സ്റ്റിൽ ഫോട്ടോഗ്രഫിയിൽ കമ്പമുണ്ടായിരുന്ന അമർനാഥ് സ്‌കൂൾ പഠനകാലത്ത് തന്നെ ഫോട്ടോ സീരീസുകളും ഹൃസ്വ ചിത്രങ്ങളും നിർമിച്ചു. മധുരയിലെ കോളജിൽ ചേർന്നപ്പോഴും മനസ്മുഴുവൻ സിനിമാ മോഹങ്ങളായിരുന്നു. സമാനമായ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമായി നടന്നിരുന്ന ചച്ചുവിനെ സുഹൃത്തായി കിട്ടിയതോടെ ഇവരുടെ സിനിമാ മോഹങ്ങൾക്ക് ജീവൻവച്ചു.

ഇതുവരെ കണ്ടുപോരുന്ന രീതികളിൽ നിന്നും മാറി വ്യത്യസ്തമായ ഏന്തെങ്കിലും ചെയ്യണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. അതിൽ നിന്നും സ്ഥിരമായ വരുമാനം ഉണ്ടാകണമെന്നും ഇവർക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മീഡിയ സ്റ്റാർട്ട് അപ്പ് കമ്പനി എന്ന ആശയമുണ്ടായത്. എന്നാൽ, ഇവരുടെ സ്വപ്‌നം യാഥാർത്ഥ്യമാകാൻ പിന്നെയും ഒരു വർഷം വേണ്ടിവന്നു.

പഠനം പൂർത്തിയാക്കിയ അമർനാഥ് ഹൈദരാബാദിലെ ഒരു കമ്പനിയിൽ സൈബർ സെക്യൂരിറ്റി
എക്‌സ്‌പേർട്ടായി ജോലി കിട്ടി പോയി. സിനിമയോടുള്ള അടക്കാനാവാത്ത അഭിനിവേശം മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിക്കാൻ അമർനാഥിനെ പ്രേരിപ്പിച്ചു. തിരികെ വന്ന അമർനാഥ് ചച്ചുവിനെയും കൂട്ടുപിടിച്ച് തങ്ങളുടെ പഴയ മോഹം യാഥാർഥ്യമാക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടെ ഇവരുടെ സഹപാഠികളായ എബിനും അരുണും ഒപ്പം ചേർന്നതോടെ രാജ്യത്തെ ആദ്യ മീഡിയ സ്റ്റാർട്ട് അപ്പ് കമ്പനിയായി ക്യാറ്റ് എന്റർടെയ്ൻമെന്റ്‌സിനു ജന്മം കൊള്ളുകയായിരുന്നു.

ഒരു രൂപപോലും പുറത്തുനിന്നും ഇൻവെസ്റ്റ്‌മെന്റില്ലാതെയാണ് ക്യാറ്റിന്റെ ആരംഭം. കളമശേരി സ്റ്റാർട്ട് അപ്പ് വില്ലേജിലെത്തിയ ഇവരുടെ ആദ്യ വർക്കും സ്റ്റാർട്ട് അപ്പ് വില്ലേജിനു വേണ്ടിയായിരുന്നു. പിന്നീട് ക്യാറ്റ് സ്റ്റാർട്ട് അപ്പിന്റെ ക്രിയേറ്റീവ് പാർട്ണർ ആയി. ലഭിച്ച അവസരങ്ങളൊന്നും വിട്ടുകളയാൻ ഇവർ തയ്യാറായിരുന്നില്ല. ഒരു ടെലിവിഷൻ ചാനലിനു വേണ്ടി ടെക്‌സോൺ എന്ന പ്രോഗ്രാം നിർമിച്ചുകൊണ്ട് ഇവർ മീഡിയ പ്രൊഡക്ഷൻ രംഗത്തേക്കും കടന്നു. മൂന്നു ലക്ഷം രൂപ ചെലവു വന്ന പരിപാടിയായിരുന്നു ഇത്. സ്റ്റാർട്ട് അപ്പ് വില്ലേജിൽ നിന്നും പ്രതിഫലമായി കിട്ടിയിരുന്ന പണം ഉപയോഗിച്ചാണ് പ്രോഗ്രാം നിർമിച്ചത്. ഇതു ഓൺ എയർ ആകാൻ പത്തുമാസം എടുത്തു. ഈ സമയം സൈബർ സെക്യൂരിറ്റി രംഗത്തും കമ്പനി ചുവടുവെച്ചു.

സ്വപ്‌നങ്ങൾ കീഴടക്കാൻ പുറപ്പെട്ട ഇവർ ഇന്ത്യയിലെ തന്നെ വിവിധ സ്ഥാപനങ്ങളുടെ സ്വപ്‌നങ്ങൾക്ക് നിറം പകരുന്നവരായി മാറി. രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള കോർപറേറ്റ് സ്ഥാപനങ്ങൾക്ക് മൂന്നുറിലധികം പ്രൊഡക്ഷനുകളാണ് ഇവർ ചെയ്തത്. ബിടുസി പരസ്യങ്ങളും കോർപറേറ്റ് മൂവീസും ഉൾപ്പെടും. ലോകോത്തര കമ്പനിയായ ഐബിഎം ഇന്ത്യയ്ക്കുവേണ്ടി 44 പ്രൊഡക്ഷനുകൾ ഇവർ ചെയ്തു.

സംസ്ഥാന സംരംഭക ദിനത്തിൽ സർക്കാരിനുവേണ്ടി പരസ്യചിത്രം നിർമിക്കാനുള്ള അവസരവും ഇവർക്ക് ലഭിച്ചു. ഒരാഴ്ച്ചകൊണ്ട് നാലരലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ യുട്യൂബിൽ കണ്ടത്. ബ്ലാക്‌ബെറിയുടെ കൊച്ചിയിലെ ലോഞ്ചിംഗിൽ മീഡിയ പാർട്ണറും ക്യാറ്റായിരുന്നു. ഐബിഎമ്മിനു പുറമെ സ്മാർട് സിറ്റി കൊച്ചി, സിന്തൈറ്റ് ഗ്രൂപ്പ്, ബി പ്ലസ് എച്ച് ആർക്കിടെക്‌സ് ദുബായ് തുടങ്ങി ഒരു ഡസനിലധികം കമ്പനികളുടെ മീഡിയ പാർട്ണറാണ് ക്യാറ്റ്.

കേരള, കർണാടക സർക്കാരുകൾ ക്യാറ്റിന്റെ ക്ലയന്റുകളാണ്. ഇന്ത്യയ്ക്കു പുറത്ത് യുഎഇ, യുഎസ്എ, ചൈന, മാലിദ്വീപ് എന്നിവടങ്ങളിലെ കമ്പനികൾക്കുവേണ്ടിയും ക്യാറ്റ് പ്രൊഡക്ഷൻ ചെയ്തു കൊടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ അമർനാഥ് ശങ്കറാണ് കമ്പനിയുടെ സിഇഒ. കോട്ടയം സ്വദേശിയായ ചച്ചു ജേക്കബ് കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറാണ്. ചാലക്കുടി സ്വദേശി മനു ജോസഫാണ് ഓപറേഷൻ ഹെഡ്. ഇവരെ കൂടാതെ സിനിമകളിൽ ക്യാമറ ചലിപ്പിക്കുന്ന രണ്ടു സിനിമാട്ടോഗ്രാഫർമാർ ഉൾപ്പടെ 12 പേരടങ്ങുന്നതാണ് കോർ ടീം. എല്ലാവരും 20 നും 25 നും ഇടയിൽ പ്രായമുള്ളവർ.

CAT-Team-big

സ്റ്റാർട്ട് അപ്പ് എന്നാൽ ഐടി അനുബന്ധമായത് മാത്രമാണെന്ന ചിന്ത നിലനിൽക്കുന്ന ഒരു സമൂഹത്തിലേക്കാണ് ക്രിയേറ്റീവ് മീഡിയ സംരംഭം എന്ന ആശയവുമായി ക്യാറ്റ് കടന്നുവന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നായി അവരറിയാതെ തന്നെ അംഗീകാരങ്ങൾ വന്നുകൊണ്ടിരുന്നു. എമർജിംഗ് കേരള ബിസിനസ് അവാർഡ്, സ്റ്റാർട്ട് അപ് വില്ലേജ് സ്‌പെഷൽ അവാർഡ് ഫോർ എക്‌സലൻസ് സർവീസ് എന്നിവ ക്യാറ്റിനു ലഭിച്ചു. സാൻഫ്രാൻസിസ്‌കോയിലെ എയ്ഞ്ചൽ ഹക്ക് കമ്മ്യൂണിറ്റി വേണ്ടി ചെയതുകൊടുത്ത ഒരു പ്രൊഡക്ഷനു ബെസ്റ്റ് ഇൻ വേൾഡ് അവാർഡിനും അർഹമായി.

നല്ല സിനിമകൾ നിർമിക്കുന്ന ലോകോത്തര പ്രൊഡക്ഷൻ കമ്പനിയാണ് ഇവരുടെ സ്വപ്‌നം. അത്തരമൊരു സിനിമാ സംസ്‌കാരം കേരളത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ക്യാറ്റ്. അതു സാധ്യമാകുമെന്ന ഉറച്ച വിശ്വാസവും ഇവർക്കുണ്ട്. അതേപോലെ സോഷ്യൽ മീഡിയ രംഗത്ത് വിപ്ലവമായേക്കാവുന്ന പുതിയ ചുവടുവയ്പ്പും ക്യാറ്റ് ലക്ഷ്യമിടുന്നു. ഒരു പ്രത്യേക ഗ്രൂപ്പിനെ ലക്ഷ്യം വച്ചുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയിരിക്കും അതെന്ന് കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു.

ഈസി സോഫ്ട് ടെക്‌നോളജിസും സേവൺ ടെക്‌നോളജീസുമായി സഹകരിച്ചാണ് ഈ സോഫ്ടവേർ പുറത്തിറക്കുന്നത്. ഫേസ്ബുക്കും, വാട്‌സ് ആപ്പും പോലെ സോഷ്യൽ മീഡിയ രംഗത്ത് തരംഗമായേക്കാവുന്ന പദ്ധതി ഏപ്രിൽ പകുതിയോടെ ലോഞ്ച് ചെയ്യാനാണ് ഇവരുടെ ശ്രമം.

കമ്പനി ആരംഭിച്ച് ആദ്യ സാമ്പത്തിക വർഷം തന്നെ ബ്രേക്ക് ഈവൻ ആയ കമ്പനിയാണ് ക്യാറ്റ്. സ്റ്റാർട്ട് അപ്പിലെ മികച്ച ടേൺ ഓവറുള്ള അഞ്ചു കമ്പനിയെടുത്താൽ അതിൽ ക്യാറ്റിന്റെ പേരുണ്ടാകും. നിലവിൽ പല കമ്പനികളുമായി ചർച്ചകൾ നടന്നുവരുന്നതിനാൽ ടേൺ ഓവർ വെളിപ്പെടുത്താൻ കഴിയില്ലെന്ന് കമ്പനി സാരഥികൾ വ്യക്തമാക്കുന്നു.

website- http://www.catentertainments.com, email – [email protected]