ഷോപ്പിംഗ് ഈസിയാക്കാൻ അഗ്രിമ ഇൻഫോടെക്‌

Posted on: March 2, 2015

Agrima-Team-big

ഷോപ്പിംഗ് അനായാസകരമാക്കാൻ ഒരു ആപ്പ്. കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിലെ ഒരുകൂട്ടം യുവസംരംഭകരാണ് വിക്കി എന്ന വിവരശേഖരണ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുള്ളത്. ഉത്പന്നത്തെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങളല്ലാതെ പൂർണമായ വിവരങ്ങൾ പല ഓൺലൈൻ സൈറ്റുകളും നൽകാറില്ല. അതുകൊണ്ടു തന്നെ ഉപഭോക്താക്കൾക്ക് ഉത്പന്നത്തെ സംബന്ധച്ച് പലപ്പോഴും സംശയങ്ങളുണ്ടാകുന്നു.

ഗൂഗിൾ, യാഹു പോലുള്ള ഒന്നാം നിര സേർച്ച് എൻജിനുകളിൽ പോലും ഏതെങ്കിലും ഉത്പന്നത്തെക്കുറിച്ച് സേർച്ച് ചെയ്താൽ അതിന്റെ ലിങ്കുകൾ മാത്രമാണ് ലഭിക്കുക. വിവരശേഖരണത്തിനു ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്നവർക്ക് ഈ ലിങ്കുകൾ ഓരോന്നും ഓപ്പൺ ചെയ്ത് തങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടിവരും. ഉപഭോക്താക്കൾക്ക് ലിങ്കുകളില്ലാതെ വേഗത്തിൽ കൃത്യമായ വിവരങ്ങൾ വിക്കിയിലൂടെ അറിയാൻ സാധിക്കും.

ഭാവിയിലെ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ കൂടി ഉപയോഗിക്കാവുന്ന നിലയിലാണ് വിക്കി രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രോഡക്ടിനെക്കുറിച്ചോ അല്ലെങ്കിൽ സമാനമായ മറ്റു പ്രോഡക്ടുകളെക്കുറിച്ചോ വിക്കിയിലൂടെ സേർച്ച് ചെയ്താൽ ആ പ്രോഡക്ടിന്റെ പൂർണമായ വിവരങ്ങൾ ലിങ്കുകളിലേക്കു പോകാതെ നേരിട്ടു ലഭിക്കും. ഏതൊരു ചോദ്യത്തിനും അതിന്റെ കൃത്യമായ ഉത്തരം മാത്രമെ വിക്കി നൽകൂ.

സമാനമായ പ്രോഡക്ടുകളെക്കുറിച്ചാണ് അറിയേണ്ടതെങ്കിൽ ആ സൈറ്റിലുള്ള സമാനമായ പ്രോഡക്ടുകളുടെ വിവരങ്ങൾ മുഴുവൻ നൽകും. ഏതു സൈറ്റിലാണോ വിക്കി ഇൻസ്‌റ്റോൾ ചെയ്തിട്ടുള്ളത് അതുമായി ലിംഗ് ചെയ്തിട്ടുള്ള ഇ-കൊമേഴ്‌സ്‌ സൈറ്റിലെ വിവരങ്ങൾ മാത്രമെ ലഭിക്കുകയുള്ളു. മറ്റു സൈറ്റുകളിലെക്കൂടി സമാന പ്രോഡക്ടുകളുടെ വിവരങ്ങൾ നൽകുന്ന വിധത്തിൽ വിക്കി രൂപപ്പെടുത്താനുള്ള ലക്ഷ്യവും കമ്പനിക്കുണ്ട്.

വിവരശേഖരണ സംവിധാനത്തിൽ പുതിയ വിപ്ലവമായി മാറിയേക്കാവുന്ന നവീകരിച്ച വിക്കിയുടെ പണിപ്പുരയിലാണ് കമ്പനി. ഇതിനോടകം തന്നെ ആസ്‌ക് മി എന്ന സേർച്ച് എൻജിൻ കമ്പനിയെ സമീപിച്ചു കഴിഞ്ഞു. ആസ്‌ക് മിയുടെ ഇ-കൊമേഴ്‌സ്‌ സൈറ്റായ ആസ്‌ക് മി ബസാറിനുവേണ്ടിയാണ് പ്രോഡക്ട് ഇറക്കുന്നത്.

മാർച്ച് ആദ്യത്തോടെ വിക്കിയുടെ ട്രയൽ വേർഷൻ പുറത്തിറങ്ങും. ഈ വർഷം പകുതിയോടെ പൂർണതോതിലുള്ള വിക്കിയെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. റോബോട്ടിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വിക്കി സേർച്ച് എൻജിനുകളിൽ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യത്തേതാണെന്ന് കമ്പനിയുടെ ചീഫ് ടെക്‌നിക്കൽ ഓഫീസർ നിഖിൽ പറയുന്നു.

ഇപ്പോൾ ടെക്‌സ്റ്റ് വഴിയാണ് വിവരങ്ങൾ നൽകുന്നതെങ്കിൽ വിക്കിയുടെ അപ്‌ഡേറ്റഡ് വേർഷനിൽ ശബ്ദത്തിലൂടെ വിവരശേഖരണത്തിനുള്ള സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്നുണ്ട്. എന്തെങ്കിലും കാര്യങ്ങളെക്കുറിച്ചറിയണമെങ്കിൽ ടൈപ്പ് ചെയ്യാതെ ശബ്ദത്തിലൂടെ ചോദിച്ചാൽ മാത്രം മതിയാകും. ഉത്തരവും ശബ്ദത്തിലൂടെ ലഭിക്കും. ഭാവിയിൽ ഗൂഗിളോ യാഹുവോ വിക്കിയെ ഏറ്റെടുത്തേക്കുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്.

ബ്ലാക്‌ബെറി ഫോണിനുവേണ്ടി വിവരശേഖരണത്തനുള്ള ആപ്പുമായാണ് അഗ്രിമ തുടങ്ങിയത്. വിക്കി എന്നുതന്നെയായിരുന്നു ആപ്പിന്റെ പേരും. ഐ ഫോണുകളിലെ ആപ്പിനു സമാനമായ ഫീച്ചേഴ്‌സുള്ള ആപ്പാണ് വിക്കിയും. ഓരോ സ്ഥലത്തെയും കാലാവസ്ഥ, ഇന്റർനാഷണൽ ടൈം, വോയിസ് കോണ്ടാക്ട് തുടങ്ങിയ സേവനങ്ങളാണ് വിക്കി ആപ്പുവഴി നൽകിയിരുന്നത്. ബ്ലാക്‌ബെറി ഫോണുകളുടെ കാലം കഴിഞ്ഞതോടെ വിക്കി ആപ്പ് ഇപ്പോൾ കമ്പനി ഇറക്കുന്നില്ല.

Arun-Ravi-bigകടയിരിപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളജിലെ മൂന്നു വിദ്യാർഥികളുടെ തലയിലുദിച്ച ആശയമാണ് അഗ്രിമ. പഠനകാലത്ത് റോബോട്ടുകളെ ഉണ്ടാക്കിയാണ് ഇവർ കഴിവ് തെളിയിച്ചത്. പിന്നീട് തങ്ങളുടെ ക്വോഷൻ ഡിപ്പോസിറ്റ് ഉപയോഗിച്ച് കമ്പനിക്ക് രൂപം നൽകി. 2013 ലാണ് ആദ്യ പ്രോഡക്ടായ വിക്കി ആപ്പ് പുറത്തിറക്കിയത്.

കോലഞ്ചേരി സ്വദേശിയായ അനൂപ് ബാലകൃഷ്ണനാണ് കമ്പനിയുടെ സിഇഒ. തൃശൂർ സ്വദേശിയായ നിഖിൽ ധർമനാണ് ചീഫ് ടെക്‌നിക്കൽ ഓഫീസർ. മൂവാറ്റുപുഴ സ്വദേശിയായ അരുൺ രവിയാണ് വൈസ് പ്രസിഡന്റ്.

Anoop-Agrima-bigസംരംഭം തുടങ്ങുന്നതിനാവശ്യമായ മൂലധനം കണ്ടെത്തുകയായിരുന്നു കമ്പനി നേരിട്ട എറ്റവും വലിയ പ്രതിസന്ധിയെന്ന് ഇവർ പറയുന്നു. വിക്കി എന്ന ആശയം ബ്ലാക്‌ബെറി കമ്പനിയുമായി പങ്കുവച്ചപ്പോൾ മൂന്നു ലക്ഷം രൂപ കമ്പനി നൽകി.

എന്നാൽ കമ്പനി മുന്നോട്ടുകൊണ്ടുപോകാൻ അതുപോരായിരുന്നു. പണം കണ്ടെത്തുന്നതിനു പ്രമുഖ ബാങ്കുകൾ ഉൾപ്പെടെ 30 ഓളം കമ്പനികൾക്കു സാങ്കേതിക സേവനം ചെയ്തു കൊടുത്തു. അങ്ങനെ ലഭിച്ച അൻപത് ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവർത്തനം മുന്നോട്ട് നീങ്ങിയത്. നിലവിൽ വിക്കിയുടെ നിർമാണത്തിനുവേണ്ടി ആസ്‌ക് മി ഫണ്ട് ചെയ്തിട്ടുണ്ട്. ഒരു കോടി രൂപയാണ് വിക്കിയിലൂടെ ഈ വർഷം കമ്പനി ലക്ഷ്യമിടുന്നതെന്ന് നിഖിൽ പറഞ്ഞു.

Nikhil-Agrima-big

സ്റ്റാർട്ടപ്പ് വില്ലേജിലെ സൗകര്യങ്ങളാണ് അഗ്രിമയുടെ വളർച്ചയ്ക്ക് അടിസ്ഥാനമായതെന്ന് ഇവർ പറയുന്നു. സ്റ്റാർട്ടപ്പിലെ ആദ്യ കമ്പനികളിലൊന്നായ മോബ്മീയുടെ ക്ഷണമാണ് അഗ്രമിമയെ സ്റ്റാർട്ടപ്പ് വില്ലേജിൽ എത്തിച്ചത്. സ്റ്റാർട്ടപ്പിലെ ആദ്യ പല പ്രമുഖ കമ്പനികൾക്കും സാങ്കേതിക സഹായം ചെയ്തു കൊടുക്കുന്നത് അഗ്രിമയാണ്. ഇൻഫോസിസിനെ ആഗോളതലത്തിൽ അറിയപ്പെടുന്ന ഐടി കമ്പനിയാക്കി മാറ്റിയ ക്രിസ് ഗോപാലകൃഷ്ണന്റെ പാത പിന്തുടരാനാണ് ഇവരുടെ ആഗ്രഹം.

ഒരു സംരംഭകം തുടങ്ങാനുള്ള ആഗ്രഹം വീട്ടുകാരെ അറിയിച്ചപ്പോൾ ആദ്യം എതിർപ്പാണുണ്ടായതെന്ന് നിഖിൽ പറയുന്നു. തങ്ങൾക്ക് നല്ല ശമ്പളം കിട്ടുന്ന ജോലികൾ വീട്ടുകാർതന്നെ കണ്ടുവച്ചിരുന്നു. സംരംഭമൊന്നും തുടങ്ങാൻ നിൽക്കാതെ ജോലിക്ക് പോകാനാണ് ഇവർ നിർബന്ധിച്ചത്. എന്നാൽ ഞങ്ങളുടെ തീരുമാനപ്രകാരം എതിർപ്പുകളെ മറികടന്ന് കമ്പനി ആരംഭിക്കുകയായിരുന്നു. കമ്പനിയുടെ വളർച്ച കണ്ട് വീട്ടുകാർ ഇപ്പോൾ നല്ല പിന്തുണയാണ് നൽകുന്നത്. ഞങ്ങൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുമെന്ന വിശ്വാസം അവർക്ക് ഉണ്ടായിട്ടുണ്ടെന്നും നിഖിൽ പറഞ്ഞു. വെബ്‌സൈറ്റ് : http://agrimainfotech.com ഫോൺ : 9447316503