വീടിന് കാവലൊരുക്കി മൈൻഡ് ഹെലിക്‌സ്‌

Posted on: February 12, 2015

MINDHELIX-Kalidasan-big

വീട്ടിൽ കള്ളൻ കയറുമോ, എസി ഓഫ് ചെയ്തിട്ടുണ്ടോ, ഗ്യാസ് ലീക്കാകുമോ….തുടങ്ങി, വീടു പൂട്ടി പുറത്തുപോകുന്നവരുടെ മനസിൽ എപ്പോഴും ആവലാതികളാണ്. കോടികൾ മുടക്കി വീടുവെച്ചാലും അതിന്റെ സുരക്ഷയെക്കുറിച്ചുള്ള ചിന്തകൾ ഉടമസ്ഥനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. മനസിനെ അലട്ടുന്ന ഇത്തരം ചിന്തകൾ ഇനി നിങ്ങളുടെ വിലപ്പെട്ട നിമിഷങ്ങൾ അപഹരിക്കില്ല. ഹോം സെക്യുരിറ്റി രംഗത്ത് ഡിജിറ്റൽ വിപ്ലവം സൃഷ്ടിക്കുകയാണ് കളമശേരി സ്റ്റാർട്ട് അപ്പ് വില്ലേജിലെ മൈൻഡ്‌ഹെലിക്‌സ്. ഇതിനുള്ള ശാശ്വത പരിഹാരമാണ് മൈൻഡ്‌ഹെലിക്‌സിന്റെ മൊബൈൽ അധിഷ്ടിത ഹോം സെക്യൂരിറ്റി ഡിവൈസായ റിക്കോ.

വീടുകളുടെയും ഓഫീസുകളുടെയും പരിപൂർണ സുരക്ഷ ലക്ഷ്യമാക്കിയുള്ള ഡിവൈസാണ് റിക്കോ. എസി, ഫ്രിഡ്ജ്, ടിവി എന്നുവേണ്ട വീട്ടിലെ എല്ലാ ഇലക്ട്രോണിക്‌സ് സാധനങ്ങളും ഇതുവഴി നിയന്ത്രിക്കാനാകും. ഗ്യാസ് ലീക്ക്, തീ, പുക എന്നിവയുണ്ടായാൽ ഡിവൈസുമായി ബന്ധപ്പിച്ചിട്ടുള്ള മൊബൈലിലേക്ക് മെസേജ് ലഭിക്കും. മുറിക്കുള്ളിലെ താപനില, ഹ്യുമിഡിറ്റി എന്നിവയും റിക്കോ പറഞ്ഞുതരും. വീട്ടിലെ അസാധാരണമായ ചലനങ്ങൾപ്പോലും റിക്കോ കണ്ടുപിടിക്കും. അപ്പോൾതന്നെ വീട്ടുകാരെ വിവരം അറിയിക്കും. ആവശ്യമെങ്കിൽ മുറിക്കുള്ളിലെ വീഡിയോയും ഉടമസ്ഥന് മൊബൈൽ ഫോൺവഴി കാണാനും സാധിക്കും.

ഡിവൈസിനെ പ്രത്യേക ആപ്പു വഴിയാണ് മൊബൈൽ ഫോണുമായി ബന്ധിപ്പിക്കുന്നത്. ആൻഡ്രോയ്ഡ് ഫോണിലും ഐ ഫോണിലും ഈ ആപ്പ് ഉപയോഗിക്കാം. ഡിവൈസ് സ്ഥാപിച്ചിട്ടുള്ള മുറിക്കുള്ളിലെ മാത്രം വീഡിയോ മാത്രമെ ലഭിക്കു എന്ന പോരായ്മ പരിഹരിക്കാൻ ഡിവൈസിനൊപ്പം ക്യാമറയും കമ്പനി നൽകുന്നുണ്ട്.

എല്ലാ മുറികളിലും ക്യാമറ സ്ഥാപിച്ച് അതിനെ റിക്കോയുമായി ബന്ധിപ്പിച്ചാൽ ഉടമസ്ഥന് എവിടെയിരുന്നുവേണമെങ്കിലും മുറികൾ നിരീക്ഷിക്കാം. ഇതോടൊപ്പം സ്മർട്ട് പ്ലഗ് എന്ന ഡിവൈസും കമ്പനി നൽകുന്നുണ്ട്. ടിവി, ഫ്രിഡ്ജ്, എസി തുടങ്ങി ഇലക്ട്രോണിക്‌സ് സാധനങ്ങൾ നിയന്ത്രിക്കുന്നതിനുള്ളതാണിത്. സ്മാർട്ട് പ്ലഗുമായി ഇവ ബന്ധിപ്പിച്ചാൽ മൊബൈൽ ഫോണിലൂടെ ഈ ഉപകരണങ്ങളൊക്കെ പ്രവർത്തിക്കാനാകും.

MINDHELIX-Rico

ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് റിക്കോയുടെ പ്രവർത്തനം. റിക്കോ സ്വീകരിക്കുന്ന സിഗ്നലുകൾ കണക്ട് ചെയ്തിരിക്കുന്ന സെർവറിലേക്ക് പോകും. അവിടെ നിന്നുമാണ് മൊബൈൽ ഫോണിൽ എത്തുന്നത്. ആമസോൺ വെബ് സർവീസിന്റെ സെർവറാണ് റിക്കോയ്ക്കായി ഉപയോഗിക്കുന്നത്. ഇതു 100 ശതമാനം സുരക്ഷിതമാണെന്നു കമ്പനി ഉറപ്പ് നല്കുന്നു.

ഇന്ത്യയിലും വിദേശത്തും റിക്കോ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും ഇതുവരെ വിപണിയിലെത്തിയിട്ടില്ല. ഈ വർഷം നവംബറോടെ പ്രോഡക്ട് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യുഎസ്എ ആസ്ഥാനമായുള്ള ക്വിക്ക് സ്റ്റാർട്ടർ എന്ന കമ്പനിയുമായി ചേർന്നാണ് റിക്കോ വിപണിയിലിറക്കിയത്. ആദ്യഘട്ടത്തിൽ 60 ലക്ഷം രൂപയുടെ വില്പനയാണ് ക്വിക് സ്റ്റാർട്ടറുമായി എഗ്രിമെന്റ് ചെയ്തിരുന്നതെങ്കിലും ഇപ്പോൾതന്നെ 72 ലക്ഷം കടന്നതായി കമ്പനി സിഇഒ കല്ലിടിൽ കാളിദാസൻ പറഞ്ഞു. 400 പ്രൊഡക്ടുകൾക്കാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റ് മുഖേനയും ബുക്കിംഗ് നടക്കുന്നുണ്ട്. സ്റ്റാർട്ടപ്പിലാണ് പ്രോഡക്ടിന്റെ നിർമാണമെന്നും കാളിദാസൻ പറഞ്ഞു.

എറണാകുളം ടോക്ക് എച്ചിൽ നിന്നും ബിടെക് പഠനം പൂർത്തിയാക്കിയ മൂന്നുപേർ ചേർന്ന് 2010 ഡിസംബറിലാണ് മൈൻഡ്‌ഹെലിക്‌സിന് തുടക്കമിട്ടത്. 2011 ൽ കമ്പനിയുടെ ആദ്യ പ്രോഡക്ട് പുറത്തിറങ്ങി. ടക്ക് ടക്ക് മീറ്റർ -ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നവർക്ക് യാത്രനിരക്ക് കണ്ടെത്തുന്നതിനുള്ള ആപ്പായിരുന്നു. പൊതുജനങ്ങൾക്കിടയിൽ ടക്ക് ടക്ക് മീറ്ററിന് വലിയ സ്വീകാര്യത ലഭിച്ചു. മൂന്നു ലക്ഷത്തോളം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. തുടർന്ന് 2013 ൽ റിക്കോ അവതരിപ്പിച്ചു. രണ്ടുവർഷത്തിനുള്ളിൽ 1.20 കോടി രൂപ ടേൺ ഓവർ നേടാൻ കമ്പനിക്കായി. ഈ വർഷം അഞ്ചുകോടി രൂപയുടെ ടേൺ ഓവറാണ് മൈൻഡ്‌ഹെലിക്‌സ് പ്രതീക്ഷിക്കുന്നത്.

MINDHELIX-Team-big

സ്റ്റാർട്ടപ്പ് വില്ലേജിലെ പ്രഥമ കമ്പനികളിലൊന്നാണ് മൈൻഡ്‌ഹെലിക്‌സ്. സ്റ്റാർട്ടപ്പിലെ അടിസ്ഥാന സൗകര്യങ്ങളും പുതിയ സംരംഭങ്ങൾക്ക് വളരാൻ കഴിയുന്ന അന്തരീക്ഷവും സ്ഥല സൗകര്യവുമാണ് കമ്പനി ഇവിടെ ആരംഭിക്കാൻ പ്രേരിപ്പിച്ചത്. നിലവിൽ 14 പേരാണ് കമ്പനിയിലുള്ളത്. എല്ലാവരും ബിടെക് പഠനം പൂർത്തിയാക്കിയവർ. പയ്യന്നൂർ സ്വദേശിയായ കല്ലടിൽ കാളിദാസനാണ് കമ്പനിയുടെ സിഇഒ. എറണാകുളം സ്വദേശികളായ പവൻകുമാർ കമ്പനിയുടെ സിഒഒയും  നന്ദകുമാർ സിഎഫ്ഒയുമായി പ്രവർത്തിക്കുന്നു. സ്റ്റാർട്ടപ്പ് വില്ലേജിനു പുറമെ ന്യൂഡൽഹിയിലും അമേരിക്കയിലും മൈൻഡ്‌ഹെലിക്‌സിന് ബ്രാഞ്ചുകളുണ്ട്.

പഠനകാലത്ത് മൊബൈൽ സിമ്മുകളും മറ്റും വിറ്റാണ് ഇവർ പണം കണ്ടെത്തിയിരുന്നത്. കൂടുതൽ പണം സമ്പാദനത്തിനുള്ള സംരംഭം എന്ന നിലയിലേക്ക് റിക്കോയിലേക്ക് തിരിഞ്ഞത്. എന്തു ചെയ്താലും അതു ജനങ്ങൾക്ക് ഉപകാരപ്രദമാകണമെന്ന നിർബന്ധമേ ഇവർക്കുണ്ടായിരുന്നുള്ളു. അതിൽനിന്നാണ് ടക്ക് ടക്ക് മീറ്റർ എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. എയ്ഞ്ചൽ ഫണ്ടിംഗ് വഴി ലഭിച്ച 50 ലക്ഷം രൂപയായിരുന്നു കമ്പനിയുടെ മൂലധനം.

പുതിയ സംരംഭങ്ങൾക്കെന്നപോലെ ഇനിഷ്യൽ ഫണ്ടിംഗായിരുന്നു കമ്പനിയുടെയും പ്രധാന പ്രശ്‌നം. ഫണ്ട് ലഭിക്കാൻ ഇന്ത്യയിൽ വലിയ ബുദ്ധിമുട്ടാണെന്നാണ് കാളിദാസൻ പറയുന്നു. മികച്ച എൻജിനീയർമാരെ കണ്ടെത്തുകയെന്നതായിരുന്നു കമ്പനി നേരിട്ട മറ്റൊരു പ്രശ്‌നം. ധാരാളം എൻജിനീയറിംഗ് കോളജുകൾ കേരളത്തിലുണ്ടെങ്കിലും പഠിച്ചിറങ്ങുന്നവരിൽ മികവുള്ളവർ അധികമില്ലെന്നും കാളിദാസൻ പറഞ്ഞു. സ്റ്റാർട്ടപ്പ് വില്ലേജിന്റെ ഫൗണ്ടർമാരിൽ ഒരാളായ സഞ്ജയ് വിജയകുമാറും ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സുമാണ് ഇവരുടെ റോൾ മോഡൽസ്. സിലിക്കൺവാലിയിലെ അൽക്കെമിസ്റ്റ് ആക്‌സിലറേറ്റർ പ്രോഗ്രാമിൽ മൈൻഡ്‌ഹെലിക്‌സ് പങ്കാളികളുമാണ്.