ലാപ്ലേയിസ് ആപ്ലിക്കേഷനുമായി ലിൻവേസ്‌

Posted on: January 31, 2015

Linways-Team-Big

അഞ്ഞൂറും ആയിരവും കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ട്രെയ്‌നിംഗ് ആൻഡ് പ്ലേസ്‌മെന്റ് ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ സാഹചര്യത്തിലാണ് ലാപ്ലേയിസ് എന്ന പുതിയ വെബ്ആപ്ലിക്കേഷനുമായി കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിലെ ലിൻവേസ് ടെക്‌നോളജീസ് രംഗത്തെത്തിയിട്ടുള്ളത്.

ഒരു പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പാഠ്യ-പാഠ്യേതര അഭിരൂചികളെ കണ്ടറിഞ്ഞ് അതിനനുസരിച്ചുള്ള തൊഴിൽ സാധ്യതകൾ ലഭ്യമാക്കുകയെന്നത് ഏറെ ശ്രമകരമായിരിക്കും. ഓരോ വിദ്യാർത്ഥികളും ഏതൊക്കെ പഠനമേഖലയിലാണ് മികവ് പുലർത്തുന്നത് അതിനനുയോജ്യമായ ഏതൊക്കെ തൊഴിൽ രംഗത്താണ് പ്രശോഭിക്കാനാകുക, തൊഴിൽ നേടുന്നതിന് നേരിടേണ്ടിവരുന്ന പരീക്ഷ, ഇന്റർവ്യൂ എന്നിങ്ങനെ എല്ലാ തലത്തിലും വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ദൗത്യം അതാത് പ്രഫഷണൽ സ്ഥാപനങ്ങൾക്കുണ്ട്.

ഇവിടെയാണ് ലിൻവേസിന്റെ പ്രസക്തി. ഓരോ വിദ്യാർഥികളുടെയും അക്കാദമിക് വിവരങ്ങൾ ഉൾക്കൊള്ളിക്കുന്ന ആപ്ലിക്കേഷനാണ് ലിൻവേസ് നൽകുന്നത്. ഇതുവഴി ഒരു വിദ്യാർത്ഥിക്ക് ഏതൊക്കെ തൊഴിൽമേഖലയിൽ മികവ് തെളിയിക്കാനാകുമെന്ന് അധ്യാപകർക്ക് കണ്ടെത്താനാകും. നാലു ഘട്ടങ്ങളിലായാണ് കമ്പനി ഈ സേവനം ലഭ്യമാക്കുന്നത്.

Linways-ecosystem-bigഓൺലൈൻ പരീക്ഷകളും ഇന്റർവ്യൂവും നടത്തി അഭിമുഖങ്ങളെ നേരിടാൻ പരിശീലിപ്പിക്കുക, താത്പര്യത്തിനനുസരിച്ച് ഓരോ വിദ്യാർത്ഥികളെയും അതാത് തൊഴിൽ മേഖലകളിലേക്ക് സോർട്ട് ചെയ്യുക, കമ്പനികളിൽ നിന്നും വരുന്ന ജോബ് ഓഫറുകളുടെയും ഇന്റർവ്യൂവിന്റെയും നോട്ടിഫിക്കേഷനുകൾ വിദ്യാർത്ഥികൾക്ക് കൈമാറുക, കമ്പനികൾ ആവശ്യപ്പെടുന്ന ക്വാളിഫിക്കേഷനുള്ള വിദ്യാർഥികളെ സെലക്ട് ചെയ്ത് റഫർചെയ്യുക തുടങ്ങിയ കാര്യങ്ങൾ അനായാസം ഈ ആപ്ലിക്കേഷനിലൂടെ സാധ്യമാകും.

വെബ് ആപ്ലിക്കേഷനായി ആരംഭിച്ച ലാപ്ലേയിസിന്റെ ബീറ്റാ വേർഷനാണ് ഇപ്പോഴുള്ളത്. അധികം താമസിക്കാതെ പൂർണതോതിലുള്ള ആപ്ലിക്കേഷൻ പുറത്തിറങ്ങുമെന്ന് കമ്പനി ആവകാശപ്പെടുന്നു. നാലു മാസം മുൻപ് അവതരിപ്പിച്ച ഈ ആപ്ലിക്കേഷൻ അഞ്ച് പ്രഫഷണൽ സ്ഥാപനങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

2009 ൽ തൃശൂർ സ്വദേശികളായ രണ്ടുപേർ ചേർന്നു തുടക്കമിട്ട കമ്പനി വിദ്യാഭ്യാസ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു ആദ്യ സംരംഭം പുറത്തിറക്കിയത്. പാഠപുസ്തകങ്ങളും നോട്ടുബുക്കും പേനയുമൊക്കയായി ക്ലാസ്മുറിയുടെ ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടിയിരുന്ന പഠിക്കുന്ന രീതിയിൽ നിന്നു മാറി എവിടെയിരുന്നും ഏതു സമയത്തും വിദ്യ കൈവശ്യമാക്കാനുള്ള ലിൻവേസ് എന്ന നൂതന സംരംഭമായിരുന്നു ഇവരു ആദ്യ സംഭാവന. അധ്യാപകൻ പഠിപ്പിക്കുന്ന പാഠ്യഭാഗങ്ങൾ പലകാരണങ്ങൾ കൊണ്ട് ക്ലാസിൽ വരാൻ കഴിയാതെവരുന്ന കുട്ടികൾക്ക് അവരുടെ കംപ്യൂട്ടറിലൂടെ ലഭ്യമാക്കുന്ന നൂതന പഠന സംവിധാനമാണിത്.

ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ക്ലൗഡ് കംപ്യൂട്ടിംഗ് സംവിധാനത്തോടെയുള്ളതാണ് ഈ സേവനം. ആദ്യം ഓരോ വിഷയവും ഓരോ കമ്മ്യൂണിറ്റിയായി തിരിക്കും. ഓരോ വിഷയം പഠിക്കുന്ന വിദ്യാർഥികളെ അതാത് കമ്മ്യൂണിറ്റിയിലെ അംഗമാക്കും. അതാത് സബ്ജക്ട് പഠിപ്പിക്കുന്ന അധ്യാപകരാണ് ആ കമ്യൂണിറ്റിയുടെ മോഡറേറ്റർ. ഓരോ കമ്മ്യൂണിറ്റിയെ അതാത് ഡിപ്പാർട്ട്‌മെന്റിന്റെ എച്ച്ഒഡിയുമായും പ്രിൻസിപ്പലുമായും ലിങ്ക് ചെയ്യും. പഠിപ്പിക്കുന്ന കാര്യങ്ങൾ അധ്യാപകർ കമ്മ്യൂണിറ്റികളിൽ അപ്‌ലോഡ് ചെയ്യും. ഒരു വിഷയം സംബന്ധിച്ച് എല്ലാ പഠന മെറ്റീരിയലുകളും ആ കമ്യൂണിറ്റിയിൽ ഉണ്ടാകും.

വിദ്യാർത്ഥികൾക്ക് ഈ മെറ്റീരിയലുകൾ വീട്ടിൽപോയി തങ്ങളുടെ കംപ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. പാഠ്യഭാഗം സംബന്ധിച്ച് എന്തെങ്കിലും സംയമുണ്ടെങ്കിൽ ആ കാര്യങ്ങളും ഓൺലൈനായി അധ്യാപകരോട് ചോദിക്കാം. അതിനുള്ള മറുപടിയും അധ്യാപകർ ഓൺലൈനായി നൽകും. 24 മണിക്കൂറും അധ്യാപകരെ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

കോഴ്‌സ് മെറ്റീരിയൽസിനു പുറമെ ലെസൻ പ്ലാൻ, ഡിസ്‌കഷൻസ്, ഓൺലൈൻ എക്‌സാമിനേഷൻ, പരീക്ഷകളുടെ മാർക്കുകൾ തുടങ്ങി ഒരു വിദ്യാർത്ഥികളുടെ പഠനസംബന്ധമായ എല്ല വിവരങ്ങളും ഉൾക്കൊള്ളിക്കും വിധമാണ് കമ്പനി ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളത്. ഇതുവഴി ഓരോ കുട്ടികളുടെയും പൂർണമായ അക്കാദമിക്ക് വിവരങ്ങൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും മനസിലാക്കാൻ സാധിക്കും. മാതാപിതാക്കൾക്ക് ഏതുസമയവും തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങൾ അധ്യാപകരുമായി ഡിസ്‌കസ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. മാത്രമല്ല വിദ്യാർഥികൾക്ക് ഓൺലൈൻവഴി അസൈൻമെന്റുകൾ സബ്മിറ്റ് ചെയ്യാം.

വിദ്യാർത്ഥികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് അതാത് സ്ഥാപനമാണ്. അതിനുവേണ്ട പ്ലാറ്റ്‌ഫോം മാത്രമാണ് കമ്പനി നൽകുന്നു. വെബ് ആപ്ലിക്കേഷനായി തുടങ്ങിയ സേവനം ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷനിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്.

Linways-Technologies-logo-M2009 ലാണ് സംരംഭം ആരംഭിച്ചതെങ്കിലും ഇന്നുകാണുന്ന പൂർണതോതിലുള്ള ആപ്ലിക്കേഷനായത് 2011 ലാണ്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് അപ്‌ഡേഷനുകൾ നടക്കുന്നുണ്ട്. മൂന്നര വർഷം കൊണ്ട് 20 ഓളം കോളജുകളിൽ ഈ സേവനം ലഭ്യമാക്കി. ഇതിൽ രണ്ടു കോളജുകൾ മുംബൈയിലാണ്. എട്ടു കോളജുകൾകൂടി ഉടൻ ഈ സേവനം ലഭ്യമാക്കുന്നതിനുള്ള ചർച്ചകളിലാണ്. 22 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് കമ്പനിയുടെ ടേൺ ഓവർ.

ലിൻവേസ് ടെക്‌നോളജീസിൽ ഏഴു പേരാണ് ഇപ്പോഴുള്ളത്. തൃശൂർ സ്വദേശിയായ ബാസ്റ്റിൻ തോമസാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ തൃശൂർ സ്വദേശി ഫ്രാൻസ് ഡേവിയാണ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിടെക് കംപ്യൂട്ടർ സയൻസിൽ പഠനം പൂർത്തിയാക്കിയവരാണ് ഇവരുവരും. ആവശ്യത്തിനു കോഴസ് മെറ്റീരിയൽസ് ലഭ്യമാല്ലാത്ത സാഹചര്യം തങ്ങളുടെ പഠനകാലത്തുണ്ടായിരുന്നതായി ഇവർ പറയുന്നു. അതാണ് ഇത്തരമൊരു സംരംഭത്തിലേക്ക് ഇവരെ നയിച്ചത്. കൂടുതൽ വിവരങ്ങൾക്ക് : www.linways.com ഫോൺ : +91 9846911388, +91 9846197098