കൊവിഡ് കാലത്തെ പഠനം മുടങ്ങാതിരിക്കാൻ ആപ്പുമായി ലിൻവേസ് ടെക്‌നോളജീസ്

Posted on: March 28, 2020

കൊച്ചി : കോവിഡ്-19 ൻറെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലാകാതിരിക്കാനുള്ള ആപ്പുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായ ലിൻവേസ് ടെക്‌നോളജീസ്. അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സാമൂഹിക അധ്യയനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകാനൊരുങ്ങുന്നത്.

കോവിഡ് ഭീഷണിയെത്തുടർന്ന് പഠനം നിലയ്ക്കാതിരിക്കാനും പാഠഭാഗങ്ങൾ സമയത്ത് പഠിപ്പിച്ച് തീർക്കാനും സഹായിക്കുന്ന ആപ്പാണ് ലിൻവേസ് ടെക്‌നോളജീസ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ രാജ്യത്തെ നൂറോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ സോഫ്റ്റ്‌വേർ ഉപയോഗിച്ചു വരുന്നുണ്ട്. സ്‌കൂളുകൾക്ക് കൂടി ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് കമ്പനി സഹസ്ഥാപകനായ ബാസ്റ്റിൻ തോമസ് പറഞ്ഞു.

വിദ്യഭ്യാസ സ്ഥാപനങ്ങൾക്കോ ഏതെങ്കിലും ഒരു വകുപ്പ് മേധാവിക്കോ ഈ ആപ്പ് വഴി അധ്യയനം നിയന്ത്രിക്കാവുന്നതാണ്. പാഠഭാഗങ്ങൾ ക്ലാസിലെ എല്ലാ കുട്ടികളിലേക്കും എത്തുന്നു. അധ്യാപകരുടെ വീഡിയോ ഉൾപ്പെടെ നൽകാനാകും. ഏതൊക്കെ പാഠഭാഗം പഠിപ്പിച്ചു, ഏതൊക്കെ കുട്ടികൾ പാഠഭാഗം വായിച്ചു, വീഡിയോ കണ്ടു തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സാങ്കേതിക വിദ്യയിലൂടെ അറിയാൻ സാധിക്കും. പ്രശ്‌നോത്തരി, ലഘു പരീക്ഷകൾ, സംശയങ്ങൾ, തുടങ്ങിയവയും ഇതിലൂടെ അറിയാം.

ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ആദ്യ മാസങ്ങളിൽ ഈ ആപ്പിൻറെ സേവനം സൗജന്യമായി നൽകാനാണ് തീരുമാനമെന്ന് ബാസ്റ്റിൻ തോമസ് അറിയിച്ചു. പിന്നീടുള്ള സ്ഥിതിപരിഗണിച്ച് കൂടുതൽ കാലത്തേക്ക് നീട്ടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.