ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതികവിദ്യ ശില്പശാലയുമായി സിസ്‌കോ ലോഞ്ച്പാഡ്

Posted on: November 12, 2021

കൊച്ചി : ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ലോകോത്തര സാങ്കേതികവിദ്യയുമായി പരിചയം നേടാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ സിസ്‌കോയും അവസരമൊരുക്കുന്നു. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സിസ്‌കോ-ലോഞ്ച് പാഡിലൂടെ നവസാങ്കേതിക ലോകം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

നവംബര്‍ 15 മുതല്‍ 19 വരെ ഓണ്‍ലൈനായാണ് പരിപാടി നടക്കുന്നത്. സാങ്കേതികസ്റ്റാര്‍ട്ടപ്പ് രംഗത്തെ നവാഗതര്‍ക്ക് കോര്‍പറേറ്റ് തലത്തിലുള്ള പിന്തുണ ഇതിലൂടെ ഉറപ്പാക്കാനാകും. അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടാനായുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പരിശ്രമത്തിന് ഈ പരിപാടി മുതല്‍ക്കൂട്ടാകുമെന്ന് കെഎസ്യുഎം വൃത്തങ്ങള്‍ അറിയിച്ചു.

താത്പര്യമുള്ളവര്‍ക്ക് https://rb.gy/ifeyvd എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരിപാടിയ്ക്ക് ശേഷം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള പിച്ച് ഡെക്ക്- പിച്ച് ഡേ എന്നിവ നടക്കും. നവംബര്‍ 22, 26 തിയതികളിലാണ് ഇവ നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സിസ്‌കോയുടെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്മിയോ സ്റ്റാര്‍ട്ടപ്പ് സിസ്‌കോയുടെ ഈ പരിപാടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇതു കൂടാതെ സാറ്റ്ഷുവര്‍ സ്റ്റാര്‍ട്ടപ്പും സിസ്‌കോ ലോഞ്ച് പാഡിന്റെ ആക്‌സിലറേറ്റര്‍ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ ക്രയശേഷി കൈവരിക്കാനാകും.

നെറ്റ് വര്‍ക്ക്-സോഫ്റ്റ് വെയര്‍ ഭീമന്മാരായ സിസ്‌കോയുടെ ലോഞ്ച് പാഡ് സംവിധാനത്തിലൂടെ സാങ്കേതികവിദ്യയുടെ കൃത്യവും ഫലപ്രദവുമായ ഉപയോഗം സാധ്യമാകുന്നു. 2016 ല്‍ ആരംഭിച്ച ലോഞ്ച് പാഡിന്റെ കേരളത്തിലെ ആദ്യ ലക്കമാണ് നടക്കുന്നത്. യുവ സംരംഭകര്‍, ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, കോര്‍പറേറ്റ് മേധാവികള്‍, വ്യാവസായിക ഉപദേശകര്‍, തുടങ്ങിയ വിശിഷ്ടാതിഥികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. സാങ്കേതികവിദ്യയെ നൂതനത്വത്തിന് ഉതകുന്ന രീതിയില്‍ സ്വായത്തമാക്കുന്നതിന്റെ സാധ്യതകളും ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

സാങ്കേതിക-വാണിജ്യ ചര്‍ച്ചകളും പരിപാടിയിലുണ്ടാകും. സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. വ്യാവസായിക ഉപദേശകര്‍, സര്‍ക്കാര്‍ നയകര്‍ത്താക്കള്‍, സിസ്‌കോ പ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്താനുമുള്ള സൗകര്യമുണ്ടാകും. ഇതിലൂടെ സാമ്പത്തിക സഹായം, ഇ സര്‍ട്ടിഫിക്കറ്റ് എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേടാം.

സിസ്‌കോയുടെ ആക്‌സിലറേറ്റര്‍ സംവിധാനമാണ് ലോഞ്ച് പാഡ്. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിലൂടെ ഇരു കൂട്ടര്‍ക്കും ഒരുപോലെ നേട്ടമുണ്ടാകുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. നൂതനാശയങ്ങളെ സിസ്‌കോയുടെ സാങ്കേതിക സംവിധാനത്തിലൂടെ മെച്ചപ്പെട്ട ഉത്പന്നമാക്കി മാറ്റാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ബിസിനസ് ടു ബിസിനസ് കൈകോര്‍ക്കലുകള്‍ ലോഞ്ച് പാഡിലൂടെ നടന്നിട്ടുണ്ട്.