ജിയോജെന്‍നെക്സ്റ്റ് ബെയ്‌സ് ക്യാമ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം ; എംബ്രൈറ്റ് ഇന്‍ഫോടെക്കിനെ തിരഞ്ഞെടുത്തു

Posted on: February 3, 2021


തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ എംബ്രൈറ്റ് ഇന്‍ഫോടെക്കിനെ ജിയോജെന്‍നെക്സ്റ്റ് ബെയ്‌സ് ക്യാമ്പിന്റെ പതിമൂന്നാം ബാച്ചിലേക്ക് തിരഞ്ഞെടുത്തു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ആക്‌സിലറേറ്റര്‍ പ്രോഗ്രാമാണിത്.

വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, നിര്‍മ്മിതബുദ്ധി എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന എംബ്രൈറ്റ് ഇന്‍ഫോടെക്കിനെ മാത്രമാണ് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുത്തത്.

ശാസ്ത്രാധിഷ്ഠിത കണ്ടെത്തലുകളുടേയും ആഴത്തിലുള്ള വ്യത്യസ്തതകളുടേയും സമന്വയമായ പതിമൂന്നാം ബാച്ചില്‍ റീട്ടെയില്‍, സപ്ലൈ ചെയ്ന്‍, സംരംഭം, ഡിജിറ്റല്‍ ടൂള്‍സ്, ഹെല്‍ത്ത് – അഗ്രി ടെക് മേഖലകളിലെ വൈദഗ്ധ്യവുമായി ഇന്ത്യയില്‍ നിന്നും പതിനൊന്ന് സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുക്കുന്നത്.

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറുള്ളവരുടെ പ്രത്യേക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി ഓട്ടികെയര്‍ എന്ന സാങ്കേതിക പഠനസഹായി എംബ്രൈറ്റ് ഇന്‍ഫോടെക് വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനമാണ് നല്‍കുന്നത്. ഇത്തരം കുട്ടികളുടെ വൈജ്ഞാനിക, സാമൂഹിക, സ്വയം പരിചരണ കഴിവുകളെ മെച്ചപ്പെടുത്താന്‍ ഓട്ടികെയര്‍ ഏറെ സഹായകമാണ്.

സത്യനാരായണന്‍ എ.ആര്‍ ആണ് എംബ്രൈറ്റ് ഇന്‍ഫോടെക്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. ബോബിന്‍ ചന്ദ്ര സഹസ്ഥാപകനുമാണ്.