കെഎസ് യുഎം ഐഇഡിസി ഉച്ചകോടി ജനുവരി 28 മുതല്‍

Posted on: January 20, 2021

കൊച്ചി : കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്നഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംരംഭക ഉച്ചകോടിയായ ഇനോവേഷന്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്റര്‍ (ഐഇഡിസി 2021) സമ്മേളനം ജനുവരി 28 മുതല്‍ 30 വരെ ഓണ്‍ലൈനായി നടക്കും. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘പ്രതിസന്ധികാലത്തെ നൂതനത്വ ആശയങ്ങളും സര്‍ഗാത്മകതയും’ എന്നതാണ് ഐഇഡിസി അഞ്ചാം ലക്കത്തിന്റെ പ്രമേയം. ലോകത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ വൈവിദ്ധ്യങ്ങളും മുന്നേറ്റങ്ങളും ഐഇഡിസി-2021 വിദ്യാര്‍ത്ഥികള്‍ക്കും യുവസംരംഭകര്‍ക്കും നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭരായ ആളുകളുമായി ആശയസംവാദത്തിനുള്ള അവസരവും ഉച്ചകോടിയിലുണ്ടാകും. പ്രധാന ഉച്ചകോടിയും പ്രദര്‍ശനവുമാണ് പരിപാടിയുടെ മുഖ്യആകര്‍ഷണം. താത്പര്യമുള്ളവര്‍ iedcsummit.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

എക്‌സ്റ്റെന്റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍, സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ, പാനല്‍ ചര്‍ച്ചകള്‍, ഗഹനമായ ചര്‍ച്ചകള്‍, വിവിധ സാങ്കേതിക സമൂഹങ്ങളുമായുള്ള ആശയവിനിമയം എന്നിവ ഐഇഡിസി ഉച്ചകോടിയിലുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങളും മാതൃകകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സാങ്കേതിക പരിജ്ഞാനവും നൈപുണ്യവും വികസിപ്പിക്കുന്നതിനുള്ള ആശയങ്ങള്‍ കോര്‍പറേറ്റ് മേധാവികളും സാങ്കേതിക വിദഗ്ധരുമായി നേരിട്ട് ചര്‍ച്ച ചെയ്യാന്‍ സാധിക്കും.

ലോകത്തിലെ വിവിധ ഭാഗത്തുള്ള വിദഗ്ധരുമായി സ്വന്തം നൂതന ആശയങ്ങള്‍ പങ്കുവയ്ക്കാനും അവരില്‍ നിന്ന് ഉപദേശം ഉള്‍ക്കൊള്ളാനുമുള്ള അവസരം ഉച്ചകോടിയിലുണ്ടാകും. ഉന്നത വിജയം കൈവരിച്ച സംരംഭകരുടെ നേരിട്ടുള്ള അനുഭവങ്ങള്‍ ഉച്ചകോടിയുടെ ആകര്‍ഷണമാണ്. 20 ലധികം വിദഗ്ധരാണ് സാങ്കേതിക പരിശീലന കളരികളുള്‍പ്പെടെ പങ്കെടുക്കുന്നത്.

നൂതനാശയമുള്ള യുവതലമുറയാണ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്നതെന്ന് സംഘാടകരായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചൂണ്ടിക്കാണിച്ചു. ത്രിദിന ഉച്ചകോടിയിലൂടെ യുവ സംരംഭകര്‍ക്ക് സ്വന്തം സ്വപ്നങ്ങളെ പിന്തുടരാനുള്ള ആത്മവിശ്വാസവും പ്രചോദനവും ഉച്ചകോടിയിലൂടെ ലഭിക്കും.

വ്യവസായ പ്രമുഖര്‍, സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവര്‍ ഐഇഡിസി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.