സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപം ലക്ഷ്യമിട്ട് സീഡിംഗ് കേരള

Posted on: January 2, 2021


കൊച്ചി: ഏഞ്ചല്‍ നിക്ഷേപങ്ങളെക്കുറിച്ച് കേരളത്തിലെ നിക്ഷേപകരില്‍ അവബോധം വളര്‍ത്തുന്നതിനും അതുവഴി സംസ്ഥാനത്തെ സ്റ്റാര്‍ട്ട് അപ്പുകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ‘സീഡിംഗ് കേരള’ സംഘടിപ്പിക്കുന്നു. ഉച്ചകോടിയുടെ ആറാം എഡിഷനാണ് ഇത്തവണത്തേത്. ഫെബ്രുവരി 12, 13 തീയതികളിലാണ് ഇത്തവണ സംഗമം. വെര്‍ച്വലായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സീഡിംഗ് കേരള വഴി തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താനും അതുവഴി നിക്ഷേപം ആകര്‍ഷിക്കാനും സാധിക്കും.

മികച്ച ആശയങ്ങളും മാതൃകകളുമുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വിപണിയിലേക്കിറങ്ങുന്നതിനു വേണ്ടി ആരംഭ ഘട്ടത്തില്‍ ലഭിക്കുന്ന നിക്ഷേപങ്ങളാണ് ‘ഏഞ്ചല്‍’ വിഭാഗത്തില്‍ പെടുന്നത്. നിക്ഷേപകരും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍, സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങളുടെ അവതരണം, വിവിധ വാണിജ്യ മാതൃകകളുടെ വിശകലനം തുടങ്ങിയവ സീഡിംഗ് കേരള സംഗമത്തിന്റെ ഭാഗമായുണ്ട്.

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 150 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. നിക്ഷേപ ശേഷിയുള്ള 100 അതിസമ്പന്നരും (എച്ച്.എന്‍.ഐ.) 20 മികച്ച നിക്ഷേപക ഫണ്ടുകളും 14 ഏഞ്ചല്‍ നെറ്റ് വര്‍ക്കുകള്‍, തിരഞ്ഞെടുക്കപ്പെട്ട 30 സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകര്‍, 30 കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയതലത്തില്‍ നടത്തിയ സ്റ്റാര്‍ട്ട് അപ്പ് മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നിക്ഷേപകരുമായി പ്രത്യേകം സജ്ജമാക്കിയ ‘ഇന്‍വെസ്റ്റര്‍ കഫെ’യില്‍ സംവദിക്കാന്‍ അവസരമൊരുക്കും.

പ്രവാസി നിക്ഷേപകര്‍ക്കായി പ്രത്യേക സെഷനും സീഡിംഗ് കേരളയിലുണ്ടാകും. ഏഞ്ചല്‍ ഇന്‍വെസ്റ്റിംഗ് മാസ്റ്റര്‍ ക്ലാസ്, ലീഡ് ഏഞ്ചല്‍ മാസ്റ്റര്‍ ക്ലാസ്, സ്റ്റാര്‍ട്ട് അപ്പ് പിച്ചുകള്‍, ഐ.പി.ഒ. റൗണ്ട് ടേബിള്‍ എന്നീ പരിപാടികളാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ പ്രധാനമായും നടക്കുന്നത്. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: https://seedingkerala.com.