നൂതനാശയങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കെ എസ് യു എം ‘ഇന്നോവേഷൻസ് അണ്‍ലോക്ഡ്’

Posted on: July 11, 2020

കൊച്ചി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നൂതനാശയങ്ങളും മാതൃകകളും പരിഹാരമാര്‍ഗ്ഗങ്ങളും സമര്‍പ്പിക്കാന്‍ ലോകമെങ്ങുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ എസ് യു എം) അവസരമൊരുക്കുന്നു.

ജൂലൈ 25 നു നടത്തുന്ന ‘ഇന്നോവേഷൻസ് അണ്‍ലോക്ഡ്’ എന്ന ഓണ്‍ലൈന്‍ സമ്മേളനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാം. ലോക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ കൊവിഡ് രോഗത്തിനെതിരെ ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയും നൂതനാശയങ്ങളും വികസിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു.

സ്റ്റുഡന്റ് ഇനോവേറ്റേഴ്‌സ് മീറ്റില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കും. വ്യവസായ പ്രമുഖര്‍, പണ്ഡിതാര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭ സ്ഥാപകര്‍, നിക്ഷേപകര്‍ എന്നിവരുമായി ആശയവിനിമയം നടത്താനും സൗകര്യമുണ്ടായിരിക്കും. നൂതനാശയങ്ങളും ഉത്പന്നമാതൃകകളും സ്വന്തമായുള്ള വിദ്യാര്‍ത്ഥികള്‍ക്ക് https://innovationsunlocked.startupmission.in എന്ന ലിങ്ക് വഴി തങ്ങളുടെ ആശയങ്ങളും പദ്ധതികളും സമര്‍പ്പിക്കാം. ജൂലായ് 15 ആണ് അവസാന തിയതി.

ലോക്ഡൗണ്‍ കാലയളവില്‍ ഈ ആഗോളരോഗവ്യാപനം തടയുന്നതിന് പുതുതലമുറ രൂപപ്പെടുത്തിയ കഴിവുകളുടെ വെര്‍ച്വല്‍ പ്രദര്‍ശനം കൂടിയാകുമിത്.

കലാലയ ജീവിതം കഴിയുമ്പോഴേക്കും സ്വന്തം ആശയങ്ങള്‍ വാണിജ്യസാധ്യതയുള്ള ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ സഹായം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സംരംഭകത്വം വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടി വിവിധ പരിശീലന കളരികള്‍, ആശയവിനിമയപരിപാടികള്‍ എന്നിവയും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കും.

നൂതാനശയങ്ങള്‍ സ്വന്തമായുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വത്തില്‍ വലിയ ഭാവിയാണുള്ളതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ ഇവര്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. അതിനാല്‍ തന്നെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് മികച്ച വേദി നല്‍കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വൃത്തങ്ങള്‍ പറഞ്ഞു.