ട്രാക്കിംഗ് സിസ്റ്റവുമായി ട്രാൻസൈറ്റ്

Posted on: December 10, 2014

Transight-core-team-Big

ഉപരിപഠനത്തിനു കരുതി വച്ച പണവുമായി രണ്ടു സഹപാഠികൾ ചേർന്ന് ഒരു സംരംഭം തുടങ്ങുക, ആർക്കും എളുപ്പം ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമല്ല. പക്ഷെ കോതമംഗലം എംഎ എൻജീനീയറിംഗ് കോളജിൽ നിന്നും പഠിച്ചിറങ്ങിയ കിഴക്കമ്പലം സ്വദേശി ജിസ് ജോർജിന്റെയും തൃക്കാക്കര സ്വദേശി ഫിറോസ് റഹ്മാന്റയും തീരുമാനം തെറ്റിയില്ലെന്ന് കാലം തെളിയിച്ചു. 2012 ഒക്ടോബർ 22 ന് കളമശേരി സ്റ്റാർട്ട്അപ്പ് വില്ലേജിൽ ആരംഭിച്ച വാൻക്രാഫ്റ്റ്‌സ് ഇന്ന് ഇന്ത്യൻ-ചൈനീസ് കമ്പനികളെപ്പോലും വെല്ലുവിളിക്കുന്ന സ്വതന്ത്ര ട്രാക്കിംഗ് സിസ്റ്റമുള്ള കമ്പനിയായി വളർന്നു.

ഫീൽഡ് സ്റ്റാഫുകളെ കമ്പനിക്ക് പുറത്ത് നിയന്ത്രിക്കുന്നത് ചെറുതും വലുതുമായ കമ്പനികൾ നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. കമ്പനിയിൽ നിന്നും ഡ്യൂട്ടിയുടെ ഭാഗമായി പുറത്തുപോകുന്ന സ്റ്റാഫ് ഏതൊക്കെ വഴിയിലൂടെ പോകുന്നു, കമ്പനി നിർദേശിച്ച ആളുകളെ കാണുന്നുണ്ടോ, കമ്പനിയുടെ പ്രോഡക്ടുകൾ എത്ര പേർക്ക് വിറ്റു തുടങ്ങിയ കാര്യങ്ങളൊക്കെ കമ്പനിയിലിരിക്കുന്ന മാനേജർക്കോ ബോസിനോ കണ്ടെത്തുക എളുപ്പമല്ല. ജീവനക്കാർ ഇക്കാര്യങ്ങളിൽ സത്യസന്ധമായ റിപ്പോർട്ട് നൽകിയെന്നും വരില്ല. ഇതിനെല്ലാം പരിഹാരമായാണ് വാൻക്രാഫ്റ്റ്‌സ് പുറത്തിറക്കിയ പുതിയ ട്രാക്കിംഗ് സിസ്റ്റം സീഫോൺ.

സീഫോൺ വഴി ഒരു ഫീൽഡ് സ്റ്റാഫിന്റെ മുഴുവൻ പ്രവർത്തനങ്ങളും കമ്പനി അധികൃതർക്ക് നിരീക്ഷിക്കാനാകും. മൊബൈൽ അടിസ്ഥാനമാക്കിയാണ് സീഫോൺ പ്രവർത്തിക്കുന്നത്. സീഫോൺ എന്ന ആപ്ലിക്കേഷൻ ജീവനക്കാരുടെ മൊബൈലിൽ ഇൻസ്റ്റോൾ ചെയ്ത ശേഷം അവയെ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കും. ഇതുവഴി പഞ്ചിംഗ് ഉൾപ്പടെ ഒരു സ്റ്റാഫിന്റെ എല്ലാ പ്രവർത്തനങ്ങളും കമ്പനിക്ക് അവരുടെ വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും. കഴിഞ്ഞ നവംബർ 15 ന് ലോഞ്ച് ചെയ്ത സീഫോൺ ഇതിനോടകം തന്നെ ഏഴുപതോളം ലൈസൻസുകൾ വിറ്റഴിച്ചു.

സീഫോണിനു പിന്നാലെ സ്‌കൂൾ കുട്ടികളെയും നിരീക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരുന്നതിനുള്ള പരിശ്രമത്തിലാണ് കമ്പനി. ഒരു കുട്ടി സ്‌കൂളിലേക്ക് പോകാൻ വീട്ടിൽ നിന്നു ഇറങ്ങുന്നതു മുതൽ തിരികെയെത്തുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും സസൂക്ഷമം നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് കമ്പനി ആലോചിക്കുന്നത്. സ്‌കൂൾ ഐഡി കാർഡ് സ്‌കൂളിലെ സെർവറുമായി ബന്ധിപ്പിച്ചായിരിക്കും പ്രവർത്തിക്കുന്നത്.

വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് ഇറങ്ങുന്നതു മുതൽ തിരികെ എത്തുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സ്‌കൂൾ അധികൃതർക്കും മാതാപിതാക്കൾക്കും അറിയാം. ഓരോ കുട്ടികളും ഏതു സമയത്ത് ബസിൽ കയറി, ബസിൽ നിന്നും ഏപ്പോൾ ഇറങ്ങി. യഥാർത്ഥ സ്ഥലങ്ങളിൽതന്നെയാണോ ഇവർ കയറുകയും ഇറങ്ങുകയും ചെയ്തത്. കയറേണ്ട ബസിൽതന്നെയാണോ കയറിയത്. തുടങ്ങിയ വിവരങ്ങളൊക്കെ ബസിൽ ഘടിപ്പിച്ചിട്ടുള്ള ട്രാൻസൈറ്റുവഴി സ്‌കൂളിലെ സെർവറിൽ ലഭിക്കും. മൊബൈൽ ആപ്ലിക്കേഷൻവഴി മാതാപിതാക്കൾക്കും ഈ വിവരങ്ങൾ അറിയാം.

ആപ്ലിക്കേഷൻ തയ്യാറാക്കുന്നത് കമ്പനിയാണെങ്കിലും സ്‌കൂളുകൾ വഴിയാണ് മാതാപിതാക്കൾക്ക് വിതരണം. ചെയ്യുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി ഇപ്പോൾത്തന്നെ ധാരാളം സ്‌കൂളുകൾ ഈ ആപ്ലിക്കേഷനു വേണ്ടി വാൻക്രാഫ്റ്റിനെ സമീപിക്കുന്നുണ്ട്. അടുത്ത സ്‌കൂൾ അധ്യയന വർഷം മുതൽ പ്രോഡക്ട് അവതരിപ്പിക്കാനാണ് ഉദേശിക്കുന്നത്.

24 മണിക്കൂറും വാഹനങ്ങളെ നീരീക്ഷിക്കുന്ന ട്രാൻസൈറ്റ് സംവിധാനവുമായായിരുന്നു വാൻക്രാഫ്റ്റ്‌സ് കമ്പനിയുടെ രംഗപ്രവേശനം. ഉപഗ്രഹ സഹായത്തോടെയുള്ള ജിപിഎസ് സംവിധാനവും ഗുഗിൾ മാപ്പിംഗ് ഉപയോഗിച്ചാണ് ട്രാൻസൈറ്റ് വാഹനങ്ങളെ ട്രാക്ക് ചെയ്തിരുന്നത്. വാഹനങ്ങൾ ഏതൊക്കെ വഴിയിലൂടെ എപ്പോഴൊക്കെ സഞ്ചരിക്കുന്നു. എത്രമാത്രം ഇന്ധനം ഉപയോഗിക്കുന്നു. എത്രകിലോമീറ്റർ വേഗതയിൽപോകുന്നു. എത്ര കിലോമീറ്റർ പിന്നിട്ടു, തുടങ്ങി ഒരു വാഹനത്തിന്റെ എ ടു ഇസഡ് കാര്യങ്ങൾ ഉടമയ്ക്ക് കംപ്യൂട്ടറിലോ മൊബൈൽഫോണിലോ വീക്ഷിക്കാനാകും.

വാഹനം മോഷണം പോയാൽ മോഷ്ടാവിനെ കുടുക്കാനുള്ള സംവിധാനംവരെ ട്രാൻസൈറ്റിനുണ്ട്. ചൈനീസ് ടെക്‌നോളജിയുമായി ഇന്ത്യയിലെ പല കമ്പനികളും ഇത്തരം ട്രാക്കിംഗ് സംവിധാനങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ടെങ്കിലും സ്വന്തമായ ഒരു സിസ്റ്റമായാണ് വാൻക്രാഫ്റ്റ് ശ്രദ്ധനേടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിനകത്തും പുറത്തുമായി അഞ്ഞൂറോളം പ്രോഡക്ടുകൾ ഇതിനോടകം വിറ്റഴിച്ചു കഴിഞ്ഞു.

ട്രാൻസൈറ്റിന് വൻസ്വീകാര്യത നേടിയതോടെ ഇതിന്റെ മൂന്ന് അപ്‌ഡേറ്റഡ് വേർഷനുകളും കമ്പനി തയ്യാറാക്കിവരികയാണ്. ജിപിഎസിനു പുറമെ റഷ്യയുടെ സാറ്റ്‌ലൈറ്റ് സിസ്റ്റം ഗ്ലോനാസ് ഉപയോഗിച്ച് വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതാണ് ട്രാൻസൈറ്റ് വി വൺ.ടൂ എന്ന ആദ്യ വേർഷൻ. ജിപിഎസ് സിഗ്നൽ നഷ്ടമാകുന്ന സാഹചര്യത്തിൽ ഗ്ലോനാസിന്റെ സഹായത്തോടെ ട്രാൻസൈറ്റ് വി വൺ.ടൂ വാഹനങ്ങൾ കണ്ടെത്തും. അതോടൊപ്പം മൊബൈലിൽ ഉപയോഗിക്കുന്ന എജിപിഎസ് സിസ്റ്റവും ഈ വേർഷനിലുണ്ട്. ജിപിഎസും ഗ്ലോനാസിനും പരാജയപ്പെടുന്നിടത്ത് മൊബൈൽ സിഗ്നൽവഴി എജിപിഎസ് വാഹനം ട്രേസ്
ചെയ്യും. നിലവിൽ ലഭിക്കുന്ന ട്രാൻസൈറ്റ് ഈ വേർഷനാണ്.

Transsight-product-Big

ട്രാൻസൈറ്റ് വി വൺ.ടൂ വിന്റെ എല്ലാ സൗകര്യങ്ങൾക്കും പുറമെ വാഹനത്തിന്റെ കംപ്ലയ്ന്റ്‌സ്‌കൂടി ലഭ്യമാക്കുന്നതാണ് രണ്ടാമത്തെ വേർഷനായ ട്രാൻസൈറ്റ് വി ടു. സീറോ. വാഹനത്തിലെ ഒബിഡി പോർട്ടിൽ ഘടിപ്പിക്കുന്ന ട്രാൻസൈറ്റ് വഴി വാഹനത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ ആ വിവരം ഉടമയേയോ അല്ലെങ്കിൽ ഡിവൈസ് കണക്ട് ചെയ്തിരിക്കുന്ന സെർവറിലോ അറിയിക്കും. വിവരം ബന്ധപ്പെട്ട സർവീസ് സെന്ററിലേക്ക് കൈമാറാനുള്ള സൗകര്യവും പുതിയ വേർഷനിലുണ്ട്. ജനുവരിയോടെ ട്രാൻസൈറ്റ് വി ടു. സീറോ ലോഞ്ച് ചെയ്യും.

ട്രാൻസൈറ്റിന്റെ അഡ്വാൻസ് വേർഷനായി കമ്പനി അവതരിപ്പിക്കുന്നതാണ് ട്രാൻസൈറ്റ് വി ത്രീ.സീറോ. കടൽ, മരുഭൂമി എന്നിവിടങ്ങളിൽ വഴിതെറ്റിപ്പോകുന്ന കപ്പലുകളെയും ബോട്ടുകളെയും വാഹനങ്ങളേയും കണ്ടെത്താൻ കഴിയുന്ന സംവിധാനത്തോടെയുള്ളതാണിത്. കമ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റായ ഇറിഡിയത്തിന്റെ സഹായത്തോടെയാണ് ഇത്തരമൊരു ട്രാക്കിംഗ് സിസ്റ്റം ട്രാൻസൈറ്റിന്റെ പുതിയ വേർഷനിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പക്ഷേ ഇത് അല്പം ചെലവേറിയതാണെന്നു മാത്രം. കമ്പനിയുടെ അഭിമാന പ്രോഡക്ടായ ട്രാൻസൈറ്റ് വി ത്രീ.സീറോ അടുത്ത വർഷം ലോഞ്ച് ചെയ്യും.

ഒട്ടേറെ ഇന്നവേഷൻ ഐഡിയാസുമായാണ് കമ്പനി ആരംഭിച്ചതെങ്കിലും ട്രാൻസൈറ്റിനു ലഭിച്ച വലിയ സ്വീകാര്യതയാണ് ആ മേഖലയിലേക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ ഈ യുവാക്കളെ പ്രേരിപ്പിച്ചത്. ട്രാൻസൈറ്റിന്റെ ഗവേഷണത്തിനും നിർമാണത്തിനും മാത്രമായി ട്രാൻസൈറ്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. ആദ്യവർഷം പ്രോഡക്ടിന്റെ ഗവേഷണത്തിനും നിർമാണത്തിനുമായി വൻതുക ചെലവഴിച്ചതിനാൽ കാര്യമായ ലാഭം ഉണ്ടായില്ല.

രണ്ടാം വർഷം മുതലാണ് ഉത്പന്നങ്ങൾ വിറ്റു തുടങ്ങിയത്. ആ വർഷം നാൽപ്പതു ലക്ഷം രൂപയുടെ ടേൺ ഓവർ കമ്പനിക്കുണ്ടായി. 2015 ൽ ഒരു കോടി രൂപ വിറ്റുവരവാണ് വാൻക്രാഫ്റ്റ്‌സ് ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനി ചെയർമാൻ ജിസ് ജോർജും മാനേജിംഗ് ഡയറക്ടർ ഫിറോസ് റഹ്മാനും പറഞ്ഞു. ഷെറിൻ ചാർളി (ചീഫ് ഇന്നവേഷൻ ഓഫീസർ), റെബീഷ് ടി.പി. (ചീഫ് ടെക്‌നിക്കൽ ഓഫീസർ) എന്നിവരും വാൻക്രാഫ്റ്റിന് നേതൃത്വം നൽകിവരുന്നു. എംഎ കോളജിൽ നിന്നും പഠിച്ചിങ്ങിയ 15 പേരെകൂടെ ഉൾപ്പെടുത്തി കമ്പനി വികസിപ്പിച്ചു.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയ്ക്കു പുറമെ മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ, മലേഷ്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളാണ് കമ്പനിയുടെ പ്രധാന മാർക്കറ്റുകൾ. ഉപഭോക്താക്കളിൽ 70 ശതമാനവും സൗദി, ഖത്തർ, ദുബായ് എന്നിവിടങ്ങളിലാണ്. പ്രമുഖ വാഹനനിർമാണകമ്പനികളായ വോക്‌സ്‌വാഗൺ, നിസാൻ, ഡീലർഷിപ്പ് കമ്പനികളായ ഇവിഎം, മുത്തുറ്റ് ഗ്രൂപ്പ് തുടങ്ങിയ വൻകിട കമ്പനികളും വാൻക്രാഫ്റ്റിന്റെ ഉപഭോക്താക്കളാണ്. ഈ വർഷം അവസാനത്തോടെ മാതൃകമ്പനിയായ വാൻക്രാഫ്റ്റിനെ ട്രാൻസൈറ്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കും. പിന്നീടങ്ങോട്ട് ട്രാൻസൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് മാത്രമെ ഉണ്ടാവുകയുള്ളു. ഫോൺ: ഫിറോസ് റഹ്മാൻ- 9567855155, ജിസ് ജോർജ് – 9995815526, വെബ്‌സൈറ്റ്: www.transight.in, www.seefones.com.