കണ്ണൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് ഹാക്കത്തോൺ പുരസ്‌കാരം

Posted on: May 3, 2020

കൊച്ചി : കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്കായി വെർച്വൽ ക്ലാസ് മുറിയൊരുക്കിയ കണ്ണൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ സി അഭിനന്ദ്, ശിൽപ രാജീവ് എന്നിവർക്ക് 7.5 ലക്ഷം രൂപയുടെ ഹാക്കത്തോൺ പുരസ്‌കാരം.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇൻകുബേറ്ററായ മൈ സോണിലെ ഇന്നോവേഷൻ സ്‌പേസിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഇരുവരും കംപ്യൂട്ടർ സയൻസ് രണ്ടാംവർഷ വിദ്യാർത്ഥികളാണ്.

മോട്‌വാനി ജഡേജ ഫൗണ്ടേഷൻ, ഹാക്കർ എർത്ത് എന്നീ സ്ഥാപനങ്ങളാണ് കൊവിഡ്19 പ്രതിരോധത്തിന് പഠനവും അവബോധവും എന്ന വിഷയത്തിൽ ലോകോത്തര ഹാക്കത്തോൺ സംഘടിപ്പിച്ചത്. പുതുതലമുറ വിദ്യാർത്ഥികൾക്ക് സമൂഹ മാധ്യമങ്ങളുടെ മാതൃകയിൽ ഐക്ലാസ്‌റൂം എന്ന വെർച്വർ ക്ലാസ് മുറിയാണ് ഇവർ ഒരുക്കിയത്.

ക്ലാസെടുക്കുന്നതു മുതൽ ഓൺലൈൻ പ്രൊജക്ടുകളും അസൈൻമൻറുകളും സമർപ്പിക്കാൻ കഴിയുന്നതാണ് ഈ കണ്ടുപിടുത്തം. കൊവിഡ് സാഹചര്യത്തിൽ വിദ്യാഭ്യാസരംഗത്ത് ഇത് മുതൽക്കൂട്ടാകുമെന്ന് വിധിനിർണയ സമിതി അഭിപ്രായപ്പെട്ടു.