സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ എന്‍ഡൈമെന്‍ഷന്‍സിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് അംഗീകാരം

Posted on: March 13, 2020

 

കൊച്ചി : സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ ടെക്‌നോളജി സൊല്യൂഷന്‍സ്-സര്‍വീസസ് കമ്പനിയായ എന്‍ഡൈമെന്‍ഷന്‍സിന്(എന്‍ഡിഇസഡ്) മികച്ച തൊഴില്‍ അന്തരീക്ഷത്തിനുള്ള ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ അംഗീകാരം.
അറുപതോളം രാജ്യങ്ങളിലെ പതിനായിരത്തോളം കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലന്തരീക്ഷം അന്താരാഷ്ട്ര തലത്തില്‍ വിലയിരുത്തുന്ന റേറ്റിംഗ് ഏജന്‍സിയായ ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’-ന്റേതാണ് ഈ അംഗീകാരം.

കമ്പനികളില്‍ ജീവനക്കാര്‍ക്കുള്ള വിശ്വാസ്യതയാണ് ഗ്രേറ്റ് പ്ലേസ് ഓഫ് വര്‍ക്ക് വിലയിരുത്തുന്ന പ്രധാന ഘടകം. സ്മാര്‍ട്ട് സിറ്റി കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഡിഇസഡ് പിസിഐ ലെവല്‍ ഒന്ന്, ഐഎസ്ഒ എന്നിവ സാക്ഷ്യപ്പെടുത്തിയ കമ്പനിയാണ്. മാനേജ്ഡ് സോഫ്‌റ്റ്വെയര്‍ സര്‍വീസസ്, സൈബര്‍ സുരക്ഷ, ബിഗ് ഡേറ്റ അനലിറ്റിക്‌സ്, ഇ-റീട്ടെയില്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ദുബായ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവടങ്ങളിലും കമ്പനിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു.

കമ്പനിയുടെ വിശ്വാസ്യതയും മികച്ച പ്രവര്‍ത്തന സംസ്‌ക്കാരവും പടുത്തുയര്‍ത്തുന്നതില്‍ യത്‌നിച്ച എല്ലാവരോടും നന്ദി പറയുന്നതായി എന്‍ഡിഇസഡ് സിഇഒ ജിതിന്‍ എം വി അറിയിച്ചു. എല്ലാവര്‍ക്കും സമത്വവും സന്തോഷകരമായ തൊഴില്‍ അന്തരീക്ഷവും സൃഷ്ടിക്കുന്നതു വഴി മികച്ച ഉപഭോക്തൃസേവനം നല്‍കാനാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വാണിജ്യ-തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

മികച്ച വാണിജ്യഅന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഗുണമേ?യുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സ്മാര്‍ട്ട്‌സിറ്റി കൊച്ചി പ്രതിബദ്ധമാണെന്ന് സിഇഒ മനോജ് നായര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയിലെ ആദ്യ കമ്പനികളിലൊന്നായ എന്‍ഡൈമെന്‍ഷന്‍സിന്റെ ആഗോളതലത്തിലുള്ള തൊഴില്‍ സംസ്‌കാരത്തിന് അംഗീകാരം ലഭിച്ചത് അഭിമാനമുള്ള കാര്യമാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് സ്മാര്‍ട്ട് സിറ്റിയിലെ കമ്പനിയ്ക്ക് മികച്ച തൊഴിലന്തരീക്ഷത്തിനുള്ള അംഗീകാരം അടുത്തടുത്ത വര്‍ഷങ്ങളില്‍ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.