പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള ഇന്‍ഫ്ര എഫ്എം പുരസ്‌കാരം സ്മാര്‍ട്ട് സിറ്റി കൊച്ചിയ്ക്ക്

Posted on: March 18, 2020

കൊച്ചി: പരിസ്ഥിതി സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഇന്‍ഫ്രാ എഫ്എം പുരസ്‌കാരം സ്മാര്‍ട്ട് സിറ്റി കൊച്ചിയ്ക്ക്. അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യശേഷി തുടങ്ങി വ്യവസായ മേഖലയിലെ മാനദണ്ഡങ്ങള്‍ വിലയിരുത്തി മികവിന്റെ പരമോന്നത അംഗീകാരങ്ങളിലൊന്നായാണ് ഇന്‍ഫ്ര എഫ്എം പുരസ്‌കാരം അറിയപ്പെടുന്നത്.

ഇന്‍ഫ്രാസ്ട്രക്ചര്‍, ഫെസിലിറ്റി, ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് റിയാലിറ്റി അസോസിയേഷന്‍ എന്നീ വ്യാവസായിക മേഖലകള്‍ പരിശോധിക്കുന്നതും സര്‍ക്കാര്‍ നയങ്ങളിലടക്കം സ്വാധീനം ചെലുത്തുന്നതുമായ സംഘടനയാണ് ഇന്‍ഫ്ര (ഐഎന്‍എഫ്എച്ച്ആര്‍എ) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സംഘടന.

രാജ്യത്തെ വ്യവസായ മേഖലയും അന്താരാഷ്ട്ര പങ്കാളികളും തമ്മില്‍ നിരന്തര ആശയവിനിമയം സംഘടിപ്പിക്കുകയും അതു വഴി സാമ്പത്തിക പുരോഗതി നേടിയെടുക്കുകയുമാണ് ഇന്‍ഫ്രയുടെ ലക്ഷ്യം. സാമ്പത്തിക പുരോഗതിയ്ക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുന്നു. ദേശീയ-പ്രാദേശിക തലത്തിലുള്ള വ്യാവസായിക വീക്ഷണങ്ങള്‍ അവതരിപ്പിക്കാനും ഈ സംഘടന പരിശ്രമിക്കുന്നുണ്ട്.

ബോഷ്, രാമാനുജന്‍ ഐടി സിറ്റി(ടിആര്‍ഐഎല്‍), യമഹ മോട്ടോര്‍സ് എന്നിവയ്‌ക്കൊപ്പമായിരുന്നു അവസാന ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയെ പരിഗണിച്ചത്. പ്രകൃതി സൗഹൃദ ഊര്‍ജം, ജലസംരക്ഷണം, പരിസ്ഥിതി, മാലിന്യ നിര്‍മ്മാര്‍ജനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെട്ടത്.

കഴിഞ്ഞ നവംബറില്‍ പ്രധാന സമുച്ചയത്തില്‍ സ്ഥാപിച്ച 564 കിലോ വാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് ഈ പുരസ്‌കാരം നേടാന്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയെ സഹായിച്ച പ്രധാന ഘടകമായി. പരമ്പരാഗത ഊര്‍ജസ്രോതസ്സില്‍ നിന്നുള്ള ഉപഭോഗം പത്തു ശതമാനം കുറയ്ക്കാന്‍ ഇതു വഴി സ്മാര്‍ട്ട് സിറ്റി കൊച്ചിയ്ക്കായി. 400 കിലോ ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണി വഴി ശുദ്ധ ജല ലഭ്യതി ഉറപ്പു വരുത്തുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡ പ്രകാരമുള്ള മലിനജല ശുദ്ധീകരണ പ്ലാന്റ്, ജല ഉപഭോഗം കുറയ്ക്കുന്നതിന് ടാപ്പുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണം എന്നിവയെല്ലാം കമ്പനിയുടെ ഹരിത പ്രതിബദ്ധതയുടെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു.

പരിസ്ഥിതിസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം എന്നിവയുടെ ഭാഗമായി ഓസോണ്‍ ഡിപ്ലീഷന്‍ സബ്സ്റ്റന്‍സ് (ഒഡിഎസ്) നിയന്ത്രണം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം, ഡിജിറ്റല്‍ പരസ്യ ബോര്‍ഡുകള്‍, ജൈവമാലിന്യ സംസ്‌ക്കരണം, റൂഫ് ടോപ്പ് പൂന്തോട്ടം തുടങ്ങിയവ സ്മാര്‍ട്ട് സിറ്റി കൊച്ചി നടപ്പാക്കി വരുന്നു.

എല്ലാ പദ്ധതിയിലും ഹരിത ചട്ടം പാലിക്കുകയും സുസ്ഥിര ഊര്‍ജ സ്രോതകള്‍സുകള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും ചെയ്യുന്നതിനു ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് സ്മാര്‍ട്ട് സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യവും കെട്ടിടങ്ങളും ഉണ്ടാക്കുന്നതു മാത്രമല്ല, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് തങ്ങളാലാവുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സല്‍ട്ടന്റുമാരായ സിബിആര്‍ഇ സൗത്ത് ഏഷ്യ, കഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ്, ജോണ്‍സ് ലാംഗ് ലാസല്ലെ ആന്‍ഡ് നൈറ്റ് ഫ്രാങ്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഈ പുരസ്‌കാരത്തിന്റെ പങ്കാളികളായി പ്രവര്‍ത്തിക്കുന്നുണ്ട്.