ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കായി സ്‌കെയിലത്തണ്‍

Posted on: December 31, 2019


കൊച്ചി : ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വാധ്വാനി ഫൗണ്ടേഷന്‍, ഫിക്കി എന്നിവ ചേര്‍ന്ന് സ്‌കെയിലത്തണ്‍ സമ്മേളനം സംഘടിപ്പിക്കുന്നു.

അഞ്ച് കോടി രൂപയ്ക്കും 350 കോടി രൂപയ്ക്കും ഇടയില്‍ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്കുവേണ്ടി നടക്കുന്ന ഈ സമ്മേളനം ജനുവരി ഏഴാം തിയതി ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 7 മണി വരെ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ നടക്കും. മേല്‍പറഞ്ഞ തുകയില്‍ കുറഞ്ഞ വിറ്റുവരവുള്ള വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്കും സ്‌കെയിലത്തണില്‍ പങ്കെടുക്കാം. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഹഡില്‍ കേരളയില്‍ വച്ച് വാധ്വാനി ഫൗണ്ടേഷനും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കെയിലത്തണ്‍ സമ്മേളനം നടത്തുന്നത്.

വാധ്വാനി ഫൗണ്ടേഷനിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനും സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള വിദഗ്‌ധോപദേശം ലഭിക്കുന്നതിനുമുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. മികച്ച സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സഹായപരിപാടികളും വാധ്വാനി ഫൗണ്ടേഷന്‍ നല്‍കും.’

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് രണ്ടാം ദിനത്തില്‍ പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും.

സാങ്കേതിക വിദഗ്ധര്‍, സാമ്പത്തിക മാനേജ്‌മെന്റ് വിദഗ്ധര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവര്‍ സ്‌കെയിലത്തോണില്‍ പങ്കെടുക്കും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യും സമ്മേളനത്തില്‍ പങ്കാളികളാണ്.

താത്പര്യമുള്ള ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് http://bit.ly/scalathonkochi എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.