ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി സ്റ്റാർട്ടപ്പ് മിഷന്റെ സ്‌കെയിലത്തോൺ സമ്മേളനം

Posted on: December 11, 2019

കൊച്ചി : ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷനും വാധ്വാനി ഫൗണ്ടേഷനും ചേർന്ന് സ്‌കെയിലത്തോൺ സമ്മേളനം സംഘടിപ്പിക്കുന്നു.

അഞ്ച് കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള സംരംഭങ്ങൾക്കുവേണ്ടി നടക്കുന്ന ഈ സമ്മേളനം ഡിസംബർ 17, 18 തീയതികളിൽ കളമശേരിയിലെ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലാണ് നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഹഡിൽ കേരളയിൽ വാധ്വാനി ഫൗണ്ടേഷനും കേരള സ്റ്റാർട്ടപ്പ് മിഷനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കെയിലത്തോൺ സമ്മേളനം നടത്തുന്നത്.

വാധ്വാനി ഫൗണ്ടേഷനിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനും സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള വിദഗ്‌ധോപദേശം ലഭിക്കുന്നതിനുമുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. മികച്ച സംരംഭങ്ങൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സഹായപരിപാടികളും വാധ്വാനി ഫൗണ്ടേഷൻ നൽകും.

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് രണ്ടാം ദിനത്തിൽ പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. സാങ്കേതിക വിദഗ്ധർ, സാമ്പത്തിക മാനേജ്‌മെൻറ് വിദഗ്ധർ, പ്രമുഖ വ്യവസായികൾ തുടങ്ങിയവർ സ്‌കെയിലത്തോണിൽ പങ്കെടുക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി)യും സമ്മേളനത്തിൽ പങ്കാളികളാണ്.

താത്പര്യമുള്ള ചെറുകിട-ഇടത്തരം സംരംഭകർക്ക് http://bit.ly/SMEmeet.എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.