നിക്ഷേപത്തിലും എണ്ണത്തിലും കേരള സ്റ്റാർട്ടപ്പുകൾക്ക് വൻ വളർച്ച

Posted on: October 9, 2019

കൊച്ചി : കേരളത്തിൽ ഈ വർഷം സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും അവയുടെ നിക്ഷേപത്തിലും അഭൂതപൂർവമായ വളർച്ച. ഇതുവരെയുള്ള കാലയളവിൽ പ്രതിവർഷം ശരാശരി 17 ശതമാനം വളർച്ച കൈവരിച്ച് കേരളം ആസ്ഥാനമായ സ്റ്റാർട്ടപ്പുകളുടെ എണ്ണം 2200 കടന്നപ്പോൾ ഈ വർഷം മാത്രം ഇതുവരെ 35 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വർഷം കേരളത്തിലേയ്ക്ക് സ്റ്റാർട്ടപ്പുകൾ 311 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നു. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളിലൂടെ നിക്ഷേപം നേടിയെടുക്കുന്ന മുൻനിര സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്.

കേരളത്തിൽ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന സർക്കാർ സ്ഥാപനമായ സ്റ്റാർട്ടപ് മിഷനു വേണ്ടി ടൈ കേരള, ഇൻക്42 എന്നിവ ചേർന്ന് തയാറാക്കിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം-2019 റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കൊച്ചിയിൽ നടക്കുന്ന ടൈക്കോൺ കേരള സമ്മേളനത്തിൽ റിപ്പോർട്ട് കെഎസ് യുഎം സിഇഒ ഡോ. സജിഗോപിനാഥിൻറെ സാന്നിധ്യത്തിൽ സാമ്പത്തിക വിദഗ്ധൻ സുബ്രഹ്മണ്യസ്വാമി എംപി പ്രകാശനം ചെയ്തു.

കേരളത്തിൽ ആകെയുള്ള സ്റ്റാർട്ടപ്പുകളിൽ 13 ശതമാനവും ഈ വർഷം ആദ്യത്തെ മൂന്നു ക്വാർട്ടറുകളിലായാണ് രജിസ്റ്റർ ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് ഇക്കാര്യത്തിൽ മുന്നിൽ. ഈ രണ്ടു ജില്ലകളിലൂമായി കേരളത്തിലെ 59 ശതമാനം സ്റ്റാർട്ടപ്പുകൾ കേന്ദ്രീകരിച്ചിരിക്കുകയാണ്, കൊച്ചിയിൽ 36 ശതമാനവും തിരുവനന്തപുരത്ത് 23 ശതമാനവും.

നിക്ഷേപം കൊണ്ടുവരുന്നതിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത പല മേഖലകളെയും കടത്തിവെട്ടി. ഇതുവരെ 602 കോടി രൂപയാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം. 2018 നെ അപേക്ഷിച്ച് ഇക്കൊല്ലം ഇതുവരെ 18 ശതമാനം വളർച്ചയാണ് നിക്ഷേപത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 13 ഇടപാടുകളിലൂടെ 311 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ ഇക്കൊല്ലം സെപ്റ്റംബർ വരെ നേടിയെടുത്തത്. 47 സ്റ്റാർട്ടപ്പുകൾ കേരളത്തിനു പുറത്തുനിന്നാണ് നിക്ഷേപം കൈവരിച്ചത്.

ഇന്ത്യയിലെ മൊത്തം സ്റ്റാർട്ടപ്പ് മേഖലയിൽ 511 ഇടപാടുകളിലൂടെ 6374 കോടി രൂപയുടെ നിക്ഷേപം ലഭിച്ചപ്പോൾ ഇതിൽ കേരളത്തിൻറെ പങ്ക് 311 കോടി രൂപയാണ്. ഈ നിരക്കിൽ മുന്നോട്ടു പോയാൽ കേരളം അധികം വൈകാതെ ഇന്ത്യയിൽ ഏറ്റവുമധികം സ്റ്റാർട്ടപ്പ് നിക്ഷേപം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാകും. കഴിഞ്ഞ ആറു മാസത്തിൽ 200 സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ ഇൻകുബേറ്റ് ചെയ്യപ്പെട്ടത്.

ഭൂമിക്ക് വിലയേറിയ കേരളത്തിൽ മൂന്നു ലക്ഷം ചതുരശ്രയടി ഇൻകുബേഷൻ സ്ഥലം മാത്രമാണ് ഇത്രയും സ്റ്റാർട്ടപ്പുകൾ ഉപയോഗിക്കുന്നത്. 30 ഇൻകുബേറ്ററും 200 ഇന്നവേഷൻ സെല്ലുകളും കേരളത്തിലുണ്ട്.

കേരളത്തിലെ 75 ശതമാനം സ്റ്റാർട്ടപ്പുകളും ഉത്പന്നങ്ങളാണ് നിർമിക്കുന്നത്. ബാക്കി സേവനമേഖലയിൽ പ്രവർത്തിക്കുന്നു. 28 ശതമാനം ഐടി-കൺസൾട്ടിങ് മേഖലയിലാണ്. എട്ടു ശതമാനം ആരോഗ്യമേഖലയിലും ഏഴുശതമാനം വിദ്യാഭ്യാസ മേഖലയിലുമാണ്.

41 ശതമാനം സ്റ്റാർട്ടപ്പുകൾക്ക് രണ്ട് സ്ഥാപകരാണുള്ളത്. 39 ശതമാനവും ഒറ്റ സംരംഭകനിൽനിന്നാണ് തുടങ്ങിയിരിക്കുന്നത്. പക്ഷേ സ്റ്റാർട്ടപ് സ്ഥാപകരിൽ സ്ത്രീകൾ അഞ്ചു ശതമാനം മാത്രം. അടുത്ത അഞ്ചു വർഷത്തേയ്ക്ക് സ്റ്റാർട്ടപ്പ് മേഖലയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കിവച്ചിരിക്കുന്നത് ആയിരം കോടി രൂപയാണ്.